കുവൈത്ത് സിറ്റി: 1,20,000 സ്മാർട്ട് ഇലക്ട്രിസിറ്റി മീറ്ററുകൾ സ്ഥാപിച്ചതായി വൈദ്യുതി മന്ത്രാലയത്തിലെ മീറ്റർ റീപ്ലേയ്സിങ് ടെക്നിക്കൽ ടീം മേധാവി എൻജിനീയർ മല്ലുഹ് അൽ അജ്മി അറിയിച്ചു. ഹവല്ലി, ഫർവാനിയ, ഖൈത്താൻ, അൽറാഖി എന്നിവിടങ്ങളിലെ വ്യവസായ, നിക്ഷേപ മേഖലകളിൽ 98 ശതമാനവും സ്മാർട്ട് മീറ്ററാക്കി.
ചില സാങ്കേതിക തടസ്സങ്ങളും വൈദ്യുതി മോഷണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കണ്ടെത്തിയതും കാരണമാണ് ബാക്കിയുള്ളവയിൽ സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നത് വൈകിയത്.
മന്ത്രാലയത്തിന്റെ സേവനങ്ങൾ പൂർണമായും ഡിജിറ്റൽ സ്വഭാവത്തിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് കഴിഞ്ഞ ഒക്ടോബറിൽ സ്മാർട്ട് മീറ്റർ പദ്ധതി ആരംഭിച്ചത്.
വാണിജ്യ, നിക്ഷേപ മേഖലകൾ കഴിഞ്ഞാൽ റെസിഡൻഷ്യൽ മേഖലയിൽ പദ്ധതി നടപ്പാക്കും. അത്യാധുനിക ഡിജിറ്റൽ സംവിധാനത്തിലേക്ക് ജല, വൈദ്യുതി മന്ത്രാലയം മാറുകയാണ്. സ്മാർട്ട് മീറ്ററുകളിലൂടെ ഉപഭോക്താക്കൾക്ക് ഏത് സമയത്തും അതുവരെയുള്ള ഉപഭോഗം നിരീക്ഷിക്കാൻ കഴിയും. ഓൺലൈനായി ബിൽ അടക്കാനും സംവിധാനമുണ്ടാകും. ബിൽ മുൻകൂട്ടി അടക്കാനും കഴിയും. മീറ്റർ തകരാറിലാണെങ്കിൽ മന്ത്രാലയ ആസ്ഥാനത്ത് ഉടൻ സൂചന ലഭിക്കും. ഇതുവഴി കേടായ മീറ്ററുകൾ വൈകാതെ നന്നാക്കാൻ കഴിയും. വെള്ളത്തിന്റെയും വൈദ്യുതിയുടെയും ഉപഭോഗം കുറക്കാനുള്ള ശ്രമത്തിന്റെ കൂടി ഭാഗമാണ് സ്മാർട്ട് മീറ്ററുകളിലേക്ക് മാറുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.