സേഫ്റ്റി ആൻഡ് ഹെൽത്ത് കൗൺസിലിന്റെ രണ്ടാമത് യോഗത്തിൽ നിന്ന്
മനാമ: രാജ്യത്തെ തൊഴിലിടങ്ങളിലെ സുരക്ഷാ മാനദണ്ഡങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഒക്യുപേഷണൽ സേഫ്റ്റി ആൻഡ് ഹെൽത്ത് കൗൺസിലിന്റെ രണ്ടാമത് യോഗം ചേർന്നു. തൊഴിൽ, നിയമകാര്യ മന്ത്രി യുസഫ് ബിൻ അബ്ദുൽഹുസൈൻ ഖലഫിന്റെ അധ്യക്ഷതയിലായിരുന്നു ശനിയാഴ്ച യോഗം ചേർന്നത്.
തൊഴിലാളികളുടെ സംരക്ഷണത്തിനും ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനും തൊഴിൽ സുരക്ഷാ നിയമങ്ങൾ പാലിക്കുന്നത് അത്യന്താപേക്ഷിതമാണെന്ന് മന്ത്രി യോഗത്തിൽ ഊന്നിപ്പറഞ്ഞു. രാജ്യത്തെ എല്ലാ ഉൽപ്പാദന മേഖലകളിലും സുരക്ഷിതവും സുസ്ഥിരവുമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുന്നതിനായുള്ള നിയമനിർമ്മാണങ്ങളും ബോധവൽക്കരണ പരിപാടികളും വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് യോഗത്തിന് ശേഷം പുറത്തിറക്കിയ പ്രസ്താവനയിൽ അദ്ദേഹം വ്യക്തമാക്കി.
2026ലേക്കായി നിശ്ചയിച്ചിട്ടുള്ള തൊഴിൽ സുരക്ഷാ ബോധവൽക്കരണ, മാർഗനിർദേശ പരിപാടികളുടെ പുരോഗതി കൗൺസിൽ യോഗത്തിൽ വിലയിരുത്തി. കഠിനമായ ചൂടിൽ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് വിലക്കുന്ന 2026ലെ അഞ്ചാം നമ്പർ തീരുമാനപ്രകാരമുള്ള ഉച്ചവിശ്രമ നിയമം നടപ്പിലാക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ ഉദ്യോഗസ്ഥർ ചർച്ച ചെയ്തു. കൂടാതെ, ഈ വർഷം അവസാനം ബഹ്‌റൈനിൽ നടക്കാനിരിക്കുന്ന ആറാമത് ദേശീയ തൊഴിൽ സുരക്ഷാ കോൺഫറൻസിന്റെയും പ്രദർശനത്തിന്റെയും ഒരുക്കങ്ങളും യോഗം അവലോകനം ചെയ്തു. തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനൊപ്പം തന്നെ അന്താരാഷ്ട്ര നിലവാരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങൾ രാജ്യത്ത് നടപ്പിലാക്കുകയാണ് സർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.