ഡബ്ല്യു.എം.സി ടോസ്റ്റ്മാസ്റ്റേഴ്സ് 22ാം വാർഷികാഘോഷത്തിൽ പങ്കെടുത്തവർ
മനാമ: ബഹ്റൈനിലെ പ്രമുഖ ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബുകളിലൊന്നായ ഡബ്ല്യു.എം.സി ടോസ്റ്റ്മാസ്റ്റേഴ്സ് 22ാം വാർഷികം ആഘോഷിച്ചു. ഇൻറർകോണ്ടിനെൻറൽ റീജൻസി ഹോട്ടലിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങ് ക്ലബിന്റെ ചരിത്രവും വളർച്ചയും ഓർത്തെടുക്കുന്നതായിരുന്നു. നിലവിലെ ക്ലബ് പ്രസിഡൻറ് ടി.എം. റോയി സ്കറിയ, ചാർട്ടർ പ്രസിഡൻറ് ഡോ. ബാബു രാമചന്ദ്രൻ എന്നിവരാണ് വാർഷികാഘോഷങ്ങൾക്ക് നേതൃത്വം നൽകിയത്.
വളർച്ച, പഠനം, സാമൂഹികസേവനം എന്നീ വിഷയങ്ങളിലുള്ള ക്ലബിന്റെ അചഞ്ചലമായ മനോഭാവത്തെ ഈ ആഘോഷം പ്രതിഫലിപ്പിച്ചു. സംസാരിക്കാനുള്ള ആത്മവിശ്വാസം നൽകാനും ശക്തമായ നേതൃപാടവം വളർത്താനും പ്രവർത്തിക്കുന്ന ആഗോള സംഘടനയായ ടോസ്റ്റ്മാസ്റ്റേഴ്സ് ഇൻറർനാഷണലിന്റെ ഭാഗമായി 2003ലാണ് ഡബ്ല്യു.എം.സി ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ് രൂപവത്കരിച്ചത്.
ടി.എം.എ.എസ്. ജോസ് സ്ഥാപകനും ടി.എം. ഡോ. ബാബു രാമചന്ദ്രൻ ആദ്യ പ്രസിഡൻറും ആയിരുന്നു. ടി.എം. മാത്യു ഉമ്മൻ ക്ലബ് മെൻററായും ടി.എം. ടി.എൽ. ജോയ് ക്ലബ് സ്പോൺസറായും പ്രവർത്തിച്ചു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ബഹ്റൈനിലെ വിവിധ മേഖലകളിൽ നിന്നുള്ള പ്രഫഷനലുകൾക്ക് മികച്ച ആശയവിനിമയ ശേഷിയും നേതൃപാടവവും വളർത്തിയെടുക്കുന്നതിൽ ക്ലബ് നിർണായക പങ്ക് വഹിച്ചു.
22 വർഷത്തെ സേവന പാരമ്പര്യത്തോടെ ആശയവിനിമയത്തിന്റെയും സമൂഹിക സ്നേഹത്തിന്റെയും ദീപസ്തംഭമായി ഡബ്ല്യു.എം.സി. ടോസ്റ്റ്മാസ്റ്റേഴ്സ് നിലകൊള്ളുന്നു. ആശയവിനിമയം, നേതൃത്വം, പബ്ലിക് സ്പീക്കിങ് എന്നിവ വികസിപ്പിക്കാൻ ആഗ്രഹിക്കുന്ന ആർക്കും ക്ലബ് മീറ്റിങ്ങുകളിൽ പങ്കെടുക്കാം. ഓരോ മാസവും ഒന്നും മൂന്നും വെള്ളിയാഴ്ചകളിൽ ഇൻറർകോണ്ടിനെൻറൽ റീജൻസി ഹോട്ടലിലാണ് ക്ലബ്ബിന്റെ യോഗങ്ങൾ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.