ബഹ്റൈൻ സ്പോർട്സ് ഡേയുടെ
ഭാഗമായി കടൽ കായിക
വിനോദങ്ങളിൽ പങ്കുചേരാനെത്തിയ ഹമദ് രാജാവ്
മനാമ: ബഹ്റൈൻ സ്പോർട്സ് ഡേ ആഘോഷങ്ങളുടെ ഭാഗമായി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ കടൽ കായിക വിനോദങ്ങളിൽ പങ്കുചേർന്നു. കായികം ഒരു ജീവിതശൈലിയായി മാറ്റേണ്ടതിന്റെ പ്രാധാന്യവും ദേശീയ സ്വത്വത്തിലുള്ള അഭിമാനവും ഉയർത്തിപ്പിടിച്ചായിരുന്നു രാജാവിന്റെ സാന്നിധ്യം. ബഹ്റൈനിലെ ജനങ്ങളുടെ പാരമ്പര്യവും പ്രിയപ്പെട്ട കായിക വിനോദവുമാണ് കടൽ അധിഷ്ഠിത പ്രവർത്തനങ്ങളെന്ന് രാജാവ് ഓർമിപ്പിച്ചു.
സ്പോർട്സ് ഡേയുടെ ഭാഗമായി ഈ രംഗത്ത് സജീവമാകാൻ കഴിഞ്ഞതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. രാജ്യത്തെ കായിക വിനോദങ്ങൾക്കും ഉപജീവനത്തിനും സാമ്പത്തിക ഭദ്രതക്കും വലിയ പിന്തുണ നൽകുന്നതാണ് ബഹ്റൈനിലെ കടൽ സമ്പത്തെന്നും, മുത്തുകൾ, മത്സ്യസമ്പത്ത് എന്നിവയുൾപ്പെടെയുള്ള സമുദ്രവിഭവങ്ങൾ പര്യവേക്ഷണംചെയ്യുന്നതിനും അവയിൽ നിക്ഷേപം നടത്തുന്നതിനും വരും കാലങ്ങളിൽ മുൻഗണന നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും കായിക വിനോദങ്ങളിൽ ഏർപ്പെടണമെന്നും ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കണമെന്നും ഹമദ് രാജാവ് ആഹ്വാനംചെയ്തു.
ഇത് ജീവിതനിലവാരം ഉയർത്തുന്നതിനും സമൂഹത്തിൽ പോസിറ്റിവ് എനർജിയും ഐക്യവും വളർത്തുന്നതിനും സഹായിക്കും. കൂടാതെ രാജ്യത്തിന്റെ പ്രകൃതിവിഭവങ്ങളെ പ്രയോജനപ്പെടുത്തിക്കൊണ്ട് ശാരീരികക്ഷമത നിലനിർത്താൻ പൗരന്മാരെയും പ്രവാസികളെയും അദ്ദേഹം പ്രോത്സാഹിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.