?ഇവിടത്തെ കോടതിയിൽനിന്ന് ഒരു വിധി ലഭിച്ചപ്പോൾ ബഹ്റൈനി അഭിഭാഷകൻ പറഞ്ഞത് വിധി പ്രൈവറ്റ് എക്സിക്യൂഷൻ ഓഫിസർമാർ മുഖേന നടപ്പാക്കുന്നതാണ് നല്ലതെന്നാണ്. വേഗത്തിൽ വിധി നടപ്പാക്കാൻ അതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. പ്രൈവറ്റ് എക്സിക്യൂഷൻ ഓഫിസർമാർ ആരാണ്. ഇവരെ നിയമിക്കുന്നത് എങ്ങനെയാണ്. ഇവരുടെ സേവനത്തിന് ഫീസ് നൽകേണ്ടതുണ്ടോ?- രഞ്ജിത്
2021ൽ നിലവിൽവന്ന എക്സിക്യൂഷൻ നിയമത്തിന്റെ സുപ്രധാനമായ ഒരു വ്യവസ്ഥയാണ് പ്രൈവറ്റ് എക്സിക്യൂഷൻ ഓഫിസർമാരെ നിയമിക്കൽ. എക്സിക്യൂഷൻ നടപ്പാക്കുന്നതിന് കോടതികളെ സഹായിക്കാനാണ് ഇവരെ നിയമിക്കുന്നത്. ഇവരെ നിയമിക്കുന്നതിനുള്ള ലൈസൻസ് നൽകുന്നത് മിനിസ്ട്രി ഓഫ് ജസ്റ്റിസാണ്. സാധാരണ ബഹ്റൈനി അഭിഭാഷകരെയാണ് നിയമിക്കാറുള്ളത്. അവരുടെ പ്രവർത്തനം എക്സിക്യൂഷൻ കോടതിയിലെ ഒരു ജഡ്ജിയുടെ മേൽനോട്ടത്തിലും നിയന്ത്രണത്തിലുമാണ്. ചുമതലകൾ നിർവഹിക്കുന്ന വേളയിൽ അവർക്ക് പബ്ലിക്ക് ഒഫീഷ്യൽസിന്റെ എല്ലാ ആനുകൂല്യങ്ങളും സംരക്ഷണവും ലഭിക്കും.
1. സ്വത്തുവകകൾ കണ്ടുകെട്ടുന്നതിനും വിൽക്കുന്നതിനും ആവശ്യമായ നടപടിക്രമങ്ങൾ നടത്തുക. അതായത് കാർ, വീട്, വസ്തുവകകൾ എന്നിവ പിടിച്ചെടുത്ത് വിൽക്കുക.
2. എന്തെങ്കിലും പ്രത്യേക കോടതി ഉത്തരവ് നടപ്പാക്കണമെങ്കിൽ അതിനുള്ള നടപടിക്രമങ്ങൾ നടത്തുക. അതായത്, ഒരു വാടകക്കാരനെ ഫ്ലാറ്റിൽനിന്ന് ഒഴിപ്പിക്കണമെങ്കിൽ അതിനുള്ള നടപടികൾ.
പബ്ലിക്ക് എക്സിക്യൂട്ടേഴ്സിന് അവരുടെ ഫീസ് വാങ്ങാനുള്ള അധികാരമുണ്ട്. അവരെ ചുമതലപ്പെടുത്തുമ്പോൾ ഫീസ് വിവരങ്ങൾ അവർ പറയും. ചുരുക്കിപ്പറഞ്ഞാൽ ഒരു വിധി നടപ്പാക്കാനുള്ള എല്ലാ അധികാരങ്ങളും അവർക്കുണ്ട്. എല്ലാം കോടതിയുടെ മേൽനോട്ടത്തിലാണ്.
പുതിയ എക്സിക്യൂഷൻ നിയമം നിലവിൽ വന്നതുമുതൽ നടപടികൾ വളരെ വേഗത്തിലാണ് നടക്കുന്നത്. വിധിയുടെ മേലുള്ള അപ്പീൽ കാലാവധി കഴിഞ്ഞാൽ ഉടനെ എക്സിക്യൂഷൻ നടപടികൾ തുടങ്ങും. പ്രതിയുടെ (defendant) കൈവശം അല്ലെങ്കിൽ ബാങ്ക് അക്കൗണ്ടിൽ ബാലൻസ് ഉണ്ടെങ്കിൽ കോടതിയിലേക്ക് പണം നേരിട്ട് ട്രാൻസ്ഫർ ചെയ്യാൻ കോടതി ബാങ്കുകൾക്ക് ഉത്തരവ് നൽകും.
വിദേശികളാണെങ്കിൽ ട്രാവൽ ബാൻ ഉണ്ടാകും. ആദ്യം മൂന്നുമാസത്തെ ട്രാവൽബാൻ, അതുകഴിഞ്ഞ് മൂന്നുമാസം കൂടി ട്രാവൽബാൻ നീട്ടും. ബാങ്ക് അക്കൗണ്ടിൽ 400 ദീനാർ നിലനിർത്തി ബാക്കി കോടതി എടുക്കും. ഏത് കമ്പനിയിൽ നിന്നാണോ പണം ലഭിക്കാനുള്ളത്, ആ കമ്പനിയുടെ അക്കൗണ്ടിൽനിന്നു മാത്രമേ പണം പിടിച്ചെടുക്കാനാകൂ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. കമ്പനി പാർട്ട്ണറുടെയോ അയാളുടെ വേറെ കമ്പനിയുടെയോ അക്കൗണ്ടിലുള്ള പണം കോടതി പിടിച്ചെടുക്കുകയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.