തൊഴിൽ നിയമ ലംഘനം: ഒമ്പത് മാസത്തിനിടെ 916 പ്രവാസികളെ നാടുകടത്തി

മനാമ: സെപ്റ്റംബർ വരെയുള്ള ഒമ്പത് മാസത്തിനിടെ തൊഴിൽ, താമസ നിയമം ലംഘിച്ച 916 തൊഴിലാളികളെ നാടുകടത്തിയതായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ നൗഫ് അബ്ദുൽറഹ്മാൻ ജംഷീർ പറഞ്ഞു.തൊഴിൽ നിയമങ്ങളും താമസ നിയമങ്ങളും ലംഘിച്ചതിന് നാടുകടത്തപ്പെട്ടവർക്ക് വീണ്ടും വിസ നേടാനോ ബഹ്റൈനിലേക്ക് തിരിച്ചുവരാനോ കഴിയില്ലെന്ന് ജംഷീർ വ്യക്തമാക്കി.ഇക്കാലയളവിൽ 1600ലേറെ തൊഴിൽ നിയമ ലംഘനങ്ങളാണ് റിപ്പോർട്ട് ചെയ്തത്.വർക്ക് പെർമിറ്റ് ഇല്ലാതെ നിയമവിരുദ്ധമായി ജോലി ചെയ്തവരും വർക്ക് പെർമിറ്റുകളിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾ പാലിക്കാത്തവരും നിയമ ലംഘകരിൽ ഉൾപ്പെടുന്നു.570 കേസുകൾ നിയമ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തിരിക്കുകയാണ്.

നിയമ ലംഘനങ്ങൾക്ക് ഇതുവരെ 409,000 ദിനാർ പിഴ ചുമത്തിയെന്നും ജംഷീർ പറഞ്ഞു.രാജ്യത്തിന്റെ തൊഴിൽ നിയമങ്ങളുമായി ബന്ധപ്പെട്ട ലംഘനങ്ങൾ കണ്ടെത്തുന്നതിന് വിവിധ അതോറിറ്റികളുമായി സഹകരിച്ച് എല്ലാ ഗവർണറേറ്റുകളിലെയും തൊഴിലിടങ്ങളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ടെന്ന് സി.ഇ.ഒ പറഞ്ഞു.ഒമ്പത് മാസത്തിനിടെ, നാഷണാലിറ്റി, പാസ്പോർട്സ് ആന്റ് റസിഡൻസ് അഫയേഴ്സുമായി (എൻ.പി.ആർ.എ) സഹകരിച്ച് 140 എണ്ണം ഉൾപ്പെടെ 185 സംയുക്ത പരിശോധനാ കാമ്പെയ്‌നുകളും എൽ.എം.ആർ.എയുടെ നേതൃത്വത്തിൽ 18,000 പരിശോധനകളും നടത്തി.

തൊഴിലുടമകളുടെ ഭാഗത്തുനിന്ന് 632 നിയമലംഘനങ്ങളും പ്രവാസി തൊഴിലാളികളുടെ ഭാഗത്തുനിന്ന് 977 നിയമലംഘനങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്.സാധുതയുള്ള വർക്ക് പെർമിറ്റുകൾ സ്വന്തമാക്കുകയും നിശ്ചിത ഫീസ് അടക്കുകയും ചെയ്ത് നിയമാനുസൃതമായാണ് ജോലി ചെയ്യുന്നതെന്ന് ഉറപ്പാക്കാൻ തൊഴിലുടമകളോടും തൊഴിലാളികളോടും എൽ.എം.ആർ.എ ആഹ്വാനം ചെയ്തു.വർക്ക് പെർമിറ്റിൽ സൂചിപ്പിച്ചിരിക്കുന്ന ജോലി സ്ഥലത്തോ, അതേ പ്രവർത്തനമുള്ള തൊഴിലുടമയുടെ മറ്റ് ശാഖകളിലോ ആയിരിക്കണം ജോലി ചെയ്യേണ്ടത്.

Tags:    
News Summary - Violation of labor laws

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.