ഓരോ റമദാൻ വരുമ്പോഴും മനസ്സ് പഴയ കാലങ്ങളിലൂടെ സഞ്ചരിക്കും. ചെറുപ്പകാലത്ത് റമദാൻ തുടങ്ങുന്നതിന്റെ മുമ്പ് ആദ്യം ചെയ്യുന്ന പണി നനച്ചുകുളി എന്ന് പേരിട്ടുവിളിക്കുന്ന ക്ലീനിങ്ങാണ്. അതിനുവേണ്ടി ഞങ്ങൾ എല്ലാവരുംകൂടി വീടിനു പിറകിലുള്ള പാറകം മരത്തിൽനിന്ന് ഇലകൾ പൊട്ടിച്ചുകൊണ്ടുവരും. അതുകൊണ്ടാണ് നനച്ചുകുളി. വീട്ടിലെ കട്ടിലും ബെഞ്ചും മേശയും മറ്റ് എല്ലാ ചെറുകിട സാധനങ്ങൾ വരെ പുറത്തേക്കു വലിച്ചുവാരിയിട്ട് പാറോത്തിന്റെ ഇലകൊണ്ട് ഒരു തേച്ചുരക്കലുണ്ട്, അത് ഒരു സംഭവമാണ്. മത്സരിച്ചാണ് കഴുകി വൃത്തിയാക്കുക. അതെല്ലാം കഴിഞ്ഞാൽ അടുത്ത ക്ലീനിങ് വീടിനുള്ളിൽ കട്ടിൽ, ജനാല ഉൾപ്പെടെ. അതിനിടയിൽ ഉമ്മ ഉമ്മാടെ പണികൾ തുടങ്ങീട്ടുണ്ടാവും.
വീട്ടിലെ പുതപ്പുകളും നമസ്കാര കുപ്പായവും മറ്റും ചൂടുവെള്ളത്തിൽ അപ്പക്കാരമിട്ട് പുഴുങ്ങി കഴുകിയെടുക്കും. പിന്നീടുള്ള പണി അരിയും മുളകും ഗോതമ്പും മൊയ്തുക്കായിടെ മില്ലിൽ കൊണ്ടുപോയി പൊടിച്ചുകൊണ്ടുവരുക എന്നുള്ളതാണ്. ഇതിനിടയിൽ ചില അഭ്യാസങ്ങളും ഒപ്പിക്കാറുണ്ട്ട്ടോ. മുളകും മറ്റും മില്ലിൽ വെച്ച് റെയിലിന്റെ അപ്പുറത്ത് പന്ത് കളിക്കാൻ പോകും. കളി കഴിഞ്ഞ് ആടിപ്പാടി വരുമ്പോഴേക്കും മില്ല് അടച്ചുപോയിട്ടുണ്ടാവും. അവരെ വിളിച്ച് മില്ല് തുറക്കാൻ പറയാൻ മടി കാരണം ഉപ്പാന്റെ അടി വാങ്ങിക്കാൻ റെഡിയായി പതുക്കെ വീട്ടിൽ ചെല്ലുമ്പോൾ ഉപ്പ നമ്മളെ സ്വീകരിക്കാൻ ഈറോലി വടി പൂമാലയാക്കി നിൽക്കുന്നുണ്ടാവും. അവിടെ ഉമ്മയുടെ കൈകൾ രക്ഷക്കെത്തും. അങ്ങനെ കാത്തിരുന്ന റമദാൻ തുടങ്ങി.
കൂട്ടുകാരുമൊത്ത് ചെറിയ പള്ളിയിലാണ് നോമ്പുതുറ. അവിടെ കിട്ടുന്ന ജീരകക്കഞ്ഞി അത് ഒരു സംഭവംതന്നെയാണ്.
കഞ്ഞിക്ക് കൂടെ കൂട്ടുവാൻ വാപ്പുക്കാടെ കടയിൽനിന്നും 50 പൈസയുടെ അച്ചാറും കൈയിൽ കരുതിയിട്ടുണ്ടാവും, കൂടെ നോമ്പ് തുറക്കാൻ 25 പൈസക്ക് കാരക്കയും. പള്ളിയിലെ ഒരുക്കങ്ങളിൽ മുന്നിൽ പ്രിയപ്പെട്ട അളന്നൂർ സുലൈമാൻക്ക ഉണ്ടാവും. കഞ്ഞി വിളമ്പുന്നതും മറ്റും സുലൈമാനിക്ക ആണ്. കഞ്ഞി കുടിക്കുന്ന മൺചട്ടി കുടി കഴിഞ്ഞാൽ കുടിച്ചവർതന്നെ കഴുകണം. ചിലപ്പോഴൊക്കെ കഴുകിയത് വൃത്തിയായിട്ടില്ലെങ്കിൽ നല്ല ചീത്തയും കേൾക്കാറുണ്ട്. ആദ്യ നോമ്പിന് ഞങ്ങടെ ആറ്റൂരിലെ എല്ലാവരാലും ബഹുമാനിച്ചിരുന്ന രാമകൃഷ്ണൻ നായരുടെ വീട്ടിൽനിന്നാണ് ജീരകക്കഞ്ഞി പള്ളിയിൽ എത്തിക്കുക. ആ പതിവ് എത്രയോ വർഷങ്ങൾ തുടർന്നുപോന്നു. ഇന്ന് അദ്ദേഹം നമ്മോടൊപ്പം ഇല്ല. പിന്നീട്, ഓരോ ദിവസങ്ങളിലേക്കും കഞ്ഞി ഓരോ വീടുകളിൽനിന്നും കൊണ്ടുവരും. ആദ്യം ഏൽപിക്കുന്നവർക്കാണ് ചാൻസ്. കുട്ടിക്കാലത്ത് ഓർമയിൽ തങ്ങിനിൽക്കുന്ന വ്യക്തി ഞങ്ങടെ വീടുകളിൽ റമദാൻ മാസത്തിൽ ഖുർആൻ ഓതാൻ വരുന്ന ഞങ്ങളുടെ ഉപ്പാടെ ജ്യേഷ്ഠനും നാട്ടിലെ പള്ളിയിലെ മുഅദ്ദിനുമായ കുട്ടിമാൻ മൊല്ലയെ ആണ്. ചിലപ്പോൾ അവർക്ക് വരാൻ കഴിയാത്ത ദിവസങ്ങളിൽ വീടുകളിൽ ഖുർആൻ ഓതാൻ ഞാൻ പോയതും മനസ്സിന്റെ ഓർമച്ചെപ്പിൽ മായാതെ കിടക്കുന്നു. ചെറുപ്പകാലത്ത് കൂടുതൽ നോമ്പുതുറ ഉണ്ടാവുന്നത് ഉമ്മാന്റെ നാട്ടിലാണ്. മിക്ക ദിവസങ്ങളിലും ഉമ്മാടെ ആങ്ങളമാരുടെ വീടുകളിൽ നോമ്പുതുറ ഉണ്ടാവും. അയൽവക്കക്കാരും അമ്മായിമാരും മറ്റും കാലത്ത് തുടങ്ങും ഒരുക്കങ്ങൾ. പത്തിരിയും പൊറോട്ടയും ബീഫ് കറിയും ഉൾപ്പെടുന്ന വിഭവങ്ങളെല്ലാം വീട്ടിൽതന്നെ എല്ലാവരും ചേർന്ന് ഉണ്ടാക്കും.
മഗ്രിബ് നമസ്കാരം കഴിഞ്ഞാൽ പള്ളിയിൽനിന്നും ആളുകൾ വരി വരിയായി വരുന്നത് മനസ്സിന് വളരെ കുളിർമയേകുന്ന കാഴ്ചയാണ്. ആളുകളുടെ എണ്ണം കൂടുമ്പോൾ വീടിന്റെ അകത്തുനിന്നും ജനലിലൂടെ നോക്കുന്ന കുടുംബിനികൾക്ക് മനസ്സിൽ ആധിയാണ്. ഉണ്ടാക്കിയ വിഭവങ്ങൾ തികയില്ലേ എന്ന്. ഉപ്പാടെ പെങ്ങന്മാരുടെ വീട്ടിലും നോമ്പുതുറ ഉണ്ടാവും. അങ്ങനെ ഒരുപാട് ഓർമകളുടെ ചെപ്പ് തുറക്കുന്ന റമദാൻ.
2002ൽ പ്രവാസി എന്ന പട്ടം കിട്ടിയതോടെ അതെല്ലാം ഓർമകളായി മാറി. വിവാഹം കഴിഞ്ഞതിനുശേഷം ഭാര്യ വീട്ടിലെ നോമ്പുതുറയിൽ ഒരിക്കൽ പങ്കെടുക്കാൻ കഴിഞ്ഞു. അതും മധുരിക്കുന്ന ഓർമകളാണ്. പ്രവാസലോകത്ത് വന്നതിനുശേഷം ഒരുപാട് സംഘടനകളുടെ നോമ്പുതുറയിൽ പങ്കെടുക്കാറുണ്ട്. തൃശൂർ സംസ്കാര ഒരുക്കുന്ന നോമ്പുതുറയിൽ എല്ലാവർഷവും പങ്കെടുക്കും. സുഗതേട്ടനും ജോഷിയേട്ടനും മറ്റും സ്നേഹത്തോടെ ഞങ്ങളെ നോമ്പ് തുറപ്പിക്കുന്നത് പരസ്പര സ്നേഹവും വിശ്വാസവും ഊട്ടിയുറപ്പിക്കുന്നതാണ്. ഏറ്റവും സന്തോഷം നൽകുന്നത് കെ.എം.സി.സിയുടെ ഗ്രാൻഡ് ഇഫ്താർ ആണ്. അതിന്റെ പ്രവർത്തനങ്ങളിൽ പങ്കാളിയാവാൻ കഴിയുന്നത് വളരെയേറെ സന്തോഷം നൽകുന്നതാണ്. പുണ്യമായ റമദാനിനെ വരവേൽക്കുമ്പോൾ കഴിഞ്ഞ കാലങ്ങളിൽ നമ്മോടൊപ്പമുണ്ടായിരുന്ന പലരും ഇന്ന് ആറടി മണ്ണിനടിയിലാണ്. അവർക്കുവേണ്ടി പ്രാർഥിക്കുന്നു.
റഷീദ് ആറ്റൂർ ബഹ്റൈൻ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.