അപ്ലൈഡ് സയൻസ് യൂനിവേഴ്സിറ്റി സന്ദർശിക്കാനെത്തിയ ഫ്രാൻസിൽനിന്നുള്ള വിദ്യാർഥിസംഘം
മനാമ: ഫ്രാൻസിൽനിന്നുള്ള വിദ്യാർഥി സംഘത്തെ സ്വാഗതം ചെയ്ത് അപ്ലൈഡ് സയൻസ് യൂനിവേഴ്സിറ്റി (എ.എസ്.യു). ജൂലൈ 11 വരെ നടന്ന യൂനിവേഴ്സിറ്റിയുടെ സമ്മർ സ്കൂൾ പ്രോഗ്രാമിന്റെ ഭാഗമായാണ് സംഘത്തിന്റെ സന്ദർശനം. ഇത് അക്കാദമിക നേതൃത്വത്തിലേക്കും ആഗോളതലത്തിലേക്കുമുള്ള യൂനിവേഴ്സിറ്റിയുടെ യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്. ഫിനാൻഷ്യൽ ടൈംസ് അനുസരിച്ച് മാനേജ്മെന്റ് മാസ്റ്റർ പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യുന്ന യൂറോപ്പിലെ മികച്ച 100 സർവകലാശാലകളിൽ ഒന്നായ ഇൻസ്റ്റിറ്റ്യൂട്ട് സുപ്പീരിയർ ഡി കോമേഴ്സ് (ഐ.എസ്.സി) പാരിസിൽനിന്നുള്ള വിവിധ രാജ്യക്കാരായ 15 വിദ്യാർഥികളാണ് ഈ സംഘത്തിൽ ഉൾപ്പെടുന്നത്. യൂനിവേഴ്സിറ്റിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിലൊരു സംഭവം. ഫ്രഞ്ച് വിദ്യാർഥികൾ എ.എസ്.യുവിന്റെ പ്രശസ്തി കണ്ടെത്തി തങ്ങളുടെ വേനൽ അവധി ഇവിടെ ചെലവഴിക്കാൻ തിരഞ്ഞെടുക്കുകയായിരുന്നു. ക്യു.എസ് വേൾഡ് റാങ്കിങ് 2026 അനുസരിച്ച് ഗൾഫ് മേഖലയിലെ മികച്ച 20 സർവകലാശാലകളിലൊന്നാണ് എ.എസ്.യു.
യൂറോപ്യൻ വിദ്യാർഥികളുടെ സാന്നിധ്യം, എ.എസ്.യുവിന് തങ്ങളുടെ അന്താരാഷ്ട്ര സ്വാധീനം വികസിപ്പിക്കാനും ലോകമെമ്പാടുമുള്ള വിദ്യാർഥികളെ വൈവിധ്യമാർന്നതും ബൗദ്ധികമായി തുറന്നതുമായ ഒരു പഠന ചുറ്റുപാടിലേക്ക് ആകർഷിക്കാനുമുള്ള കഴിവിനെ പ്രകടമാക്കുന്നു. സമ്മർ സ്കൂൾ പ്രോഗ്രാമിൽ അക്കാദമിക പ്രഭാഷണങ്ങൾ, സാംസ്കാരിക പ്രവർത്തനങ്ങൾ എന്നിവക്ക് പുറമെ അലൂമിനിയം ബഹ്റൈൻ (ആൽബ), നാസ് ഗ്രൂപ്, അസ്രി (അറബ് ഷിപ് ബിൽഡിങ് ആൻഡ് റിപ്പയർ യാർഡ്) ഉൾപ്പെടെയുള്ള രാജ്യത്തെ പ്രമുഖ സാമ്പത്തിക സ്ഥാപനങ്ങൾ സന്ദർശിക്കുകയും ചെയ്തു. ഫീൽഡ് സന്ദർശനങ്ങൾ എന്നിവയുടെ ഒരു മികച്ച മിശ്രിതം ഉൾപ്പെടുന്നു. രാജ്യത്തിന്റെ ഊർജസ്വലമായ സംസ്കാരവും പ്രശസ്തമായ ആതിഥ്യമര്യാദയും പ്രദർശിപ്പിക്കുന്ന പൈതൃക, ടൂറിസം പരിപാടികളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാൻ പ്രഫ. വഹീബ് അൽ ഖാജ, ബഹ്റൈനി സർവകലാശാലകൾക്ക് നൽകുന്ന അചഞ്ചലമായ പിന്തുണക്കും അന്താരാഷ്ട്ര പങ്കാളിത്തം സമ്പന്നമാക്കുന്നതിനുള്ള അവസരം നൽകിയതിനും വിദ്യാഭ്യാസ മന്ത്രാലയത്തോടും ഉന്നത വിദ്യാഭ്യാസ കൗൺസിലിനോടും നന്ദി രേഖപ്പെടുത്തി. ലോകമെമ്പാടുമുള്ള വിദ്യാർഥികളെ ആകർഷിക്കുന്നതിനുള്ള യൂനിവേഴ്സിറ്റിയുടെ തന്ത്രപരമായ സംരംഭങ്ങൾക്ക് നൽകുന്ന പിന്തുണയെയും അദ്ദേഹം പ്രശംസിച്ചു.
വിദ്യാർഥികളുടെ സന്ദർശനം യൂനിവേഴ്സിറ്റിയുടെ അന്താരാഷ്ട്ര വിദ്യാഭ്യാസ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനും ആഗോള പങ്കാളിത്തം വർധിപ്പിക്കുന്നതിനും അക്കാദമികവും സാംസ്കാരികവുമായ കൈമാറ്റം വികസിപ്പിക്കുന്നതിനുമുള്ള നിലവിലുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന് യൂനിവേഴ്സിറ്റി പ്രസിഡന്റ് പ്രഫസർ ഹാറ്റം മസ്രി പറഞ്ഞു. എ.എസ്.യുവിലെ പഠനം കേവലം അക്കാദമിക നേട്ടങ്ങളെക്കുറിച്ച് മാത്രമല്ല വിവിധ സംസ്കാരങ്ങൾ കണ്ടെത്താനും, അതിരുകളില്ലാത്ത ബന്ധങ്ങൾ കെട്ടിപ്പടുക്കാനും, ആഗോള ചിന്തയും വിപുലമായ കണക്റ്റിവിറ്റിയും ആവശ്യപ്പെടുന്ന ഒരു ലോകത്ത് തൊഴിൽപരമായ യാത്രക്ക് വിദ്യാർഥികളെ യോഗ്യരാക്കാനുമുള്ള ഒരു കവാടമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.