മനാമ: സാങ്കേതിക തകരാർ മൂലം തൊഴിലില്ലായ്മ വേതനം മുടങ്ങിയത് നിരവധി പേരെ പ്രതിസന്ധിയിലാക്കിയെന്നും, അർഹരായവർക്ക് തുക ലഭ്യമാക്കാൻ ബദൽ സംവിധാനം ഏർപ്പെടുത്തണമെന്നും എം.പിമാർ സർക്കാരിനോട് ആവശ്യപ്പെട്ടു. വിഷയം പാർലമെന്‍റ് സമ്മേളനത്തിൽ നിർദേശമായി സമർപ്പിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ച ഒരു കമ്പനി സൗകര്യത്തിന് നേരെ നടന്ന ഇറാന്‍റെ ഡ്രോൺ ആക്രമണത്തിന് പിന്നാലെയാണ് ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്‍റ് അതോറിറ്റിയുടെ കീഴിലുള്ള പല വെബ്‌സൈറ്റുകളും പ്രവർത്തനരഹിതമായത്. സാധാരണയായി എല്ലാ മാസവും 26ാം തീയതിയാണ് വേതനം വിതരണം ചെയ്യുന്നത്. എന്നാൽ സിസ്റ്റം തകരാറിലായതോടെ ഇത്തവണ വിതരണം തടസ്സപ്പെടുകയായിരുന്നു.
എം.പി മുഹമ്മദ് അൽ ഒലൈവിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ഈ വിഷയം പാർലമെന്‍റിൽ ഉന്നയിച്ചത്. സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുന്നത് വരെ കാത്തുനിൽക്കാതെ, ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം കൈമാറാൻ സംവിധാനമുണ്ടാക്കണമെന്നാണ് ആവശ്യം. വാടക, വൈദ്യുതി ബില്ലുകൾ, വായ്പ തിരിച്ചടവ് എന്നിവയ്ക്കായി ഈ തുകയെ മാത്രം ആശ്രയിക്കുന്ന 17,000ത്തോളം പേർ രാജ്യത്തുണ്ട്. ഇതൊരു ഭരണപരമായ പ്രശ്നമല്ല, മറിച്ച് മാനുഷികമായ പ്രശ്നമാണെന്നും എം.പിമാർ ചൂണ്ടിക്കാട്ടി.
ഗുണഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്നും ആനുകൂല്യങ്ങൾ നഷ്ടമാകില്ലെന്നും തൊഴിൽ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. തകരാറുകൾ പരിഹരിച്ച് സേവനങ്ങൾ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ഊർജിതമായി നടക്കുകയാണെന്ന് ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റിയും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.