മനാമ: ടൂറിസം മേഖലയിലെ വിപുലമായ സാധ്യതകൾ കണക്കിലെടുത്ത് ഇന്ത്യയും ബഹ്റൈനും പരസ്പരം സഹകരിക്കാനുള്ള സാധ്യത തെളിയുന്നു. സംയുക്ത ടൂറിസം പ്രമോഷനുകൾ, വിനോദസഞ്ചാരികൾക്ക് അതുല്യമായ അനുഭവങ്ങൾ പ്രദാനം ചെയ്യുന്ന സംയുക്ത പാക്കേജുകൾ തുടങ്ങിയവ ആരംഭിക്കാനുള്ള നീക്കങ്ങൾക്ക് ഇരുരാജ്യങ്ങളും പച്ചക്കൊടി കാട്ടിയതോടെയാണിത്. ബ്രൈഡൽ ടൂറിസം മേഖലയിൽ ബഹ്റൈൻ ഒരു അന്താരാഷ്ട്ര ലക്ഷ്യസ്ഥാനമായി മാറിയിട്ടുണ്ട്.
നിരവധി ഇന്ത്യൻ വിവാഹങ്ങളും ബഹ്റൈനിൽ നടന്നിരുന്നു. മെച്ചപ്പെട്ട സാമൂഹികാന്തരീക്ഷവും മനോഹരമായ കടൽത്തീരവും ബഹ്റൈനെ ആകർഷകമാക്കുന്നതാണ്. കഴിഞ്ഞ ദിവസം ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ നടന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിൽ പങ്കെടുക്കവേ ബഹ്റൈൻ ടൂറിസം മന്ത്രി ഫാത്തിമ ബിൻത് ജാഫർ ആൽ സൈറാഫി ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ ടൂറിസം മന്ത്രി രോഹൻ ഖൗണ്ടെയുമായി നടന്ന കൂടിക്കാഴ്ചയിൽ ഇക്കാര്യം ചർച്ച ചെയ്തെന്നും പരസ്പര സഹകരണത്തിനുള്ള സാധ്യതയാണ് കാണുന്നതെന്നും മന്ത്രി വ്യക്തമാക്കി. കൂടുതൽ ഇന്ത്യൻ വിവാഹ പാർട്ടികളെ ആകർഷിക്കുന്നതിന് ആവശ്യമായ നടപടികൾ രാജ്യം സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇരുരാജ്യങ്ങളിലെയും വിനോദസഞ്ചാര കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നതിലും വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിലും ആവശ്യമായ പാക്കേജുകൾ ആവിഷ്കരിക്കാനും ധാരണയായിട്ടുണ്ട്. ലോകപ്രശസ്ത ബീച്ചായ ഗോവയെയാണ് ഇന്ത്യ ഉയർത്തിക്കാട്ടുന്നത്. വിവിധ രാജ്യങ്ങളിൽനിന്നുള്ള വിവാഹപ്പാർട്ടികളെ ആകർഷിക്കാനുള്ള നടപടികൾ ഊർജിതമാക്കിയതായി ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റിയും (ബി.ടി.ഇ.എ) അറിയിച്ചിരുന്നു.
ഇന്ത്യ, പാകിസ്താൻ, ചൈന, ആസ്ട്രേലിയ, യു.എസ്, യു.കെ, കാനഡ, യു.എ.ഇ, സൗദി അറേബ്യ, കുവൈത്ത്, ജോർഡൻ, ലബനാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള വിവാഹങ്ങൾക്കാണ് ബഹ്റൈൻ വേദിയാകുന്നത്. ഏഷ്യ, ആഫ്രിക്ക, ആസ്ട്രേലിയ, അമേരിക്ക എന്നിവിടങ്ങളിൽനിന്നുള്ളവരെ ആകർഷിക്കുന്ന രീതിയിൽ ഓഫറുകൾ ഉൾപ്പെടുന്ന ഐലൻഡ് വെഡ്ഢിങ് പദ്ധതി നടപ്പാക്കുമെന്നും ബി.ടി.ഇ.എ പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.