ബിനു കുന്നന്താനം (ഒ.ഐ.സി.സി ബഹ്റൈൻദേശീയ പ്രസിഡൻറ്)
വീണ്ടും ഒരു പൊതു തെരഞ്ഞെടുപ്പിനെ നേരിടാൻ കേരളജനത തയാറായി നിൽക്കുകയാണ്. ഇപ്പോൾ നമ്മുടെ നാട് ഭരിക്കുന്ന സക്കാറിനെ ചരിത്രത്തിൽ രേഖപ്പെടുത്തുന്നത് രാജ്യത്തിെൻറ പൊതുസ്വത്തായ മണ്ണും മണലും കടലും സ്വകാര്യ കമ്പനികൾക്ക് വിറ്റ കമ്യൂണിസ്റ്റ് സർക്കാർ എന്നായിരിക്കും.ഈ സർക്കാർ അധികാരത്തിൽ വന്ന സമയം മുതൽ എങ്ങനെ ശാസ്ത്രീയമായി അഴിമതി നടത്താം എന്ന് ഗവേഷണം നടത്തുകയായിരുന്നു. സർക്കാർ നടത്തുന്ന ഓരോ അഴിമതിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് തെളിവുസഹിതം പുറത്തുകൊണ്ടുവരുമ്പോൾ അതിൽനിന്ന് യൂ ടേൺ അടിച്ചുപോകുന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരെയുമാണ് കഴിഞ്ഞ അഞ്ചു വർഷവും കാണാൻ സാധിച്ചത്. പ്രതിപക്ഷത്തിന് തെളിവ് ലഭിക്കാത്ത എത്രയോ അഴിമതികൾ വേറെയും നടന്നുകാണും. അവയൊക്കെ പുറത്തുകൊണ്ടുവരണമെങ്കിൽ യു.ഡി.എഫിെൻറ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വരണം.
കഴിഞ്ഞ അഞ്ചുവർഷം പലവിധ ദുരന്തങ്ങളെ നേരിട്ട് വിജയിച്ച ഒരു ജനതയാണ് കേരളത്തിൽ ജീവിക്കുന്നത്. ഈ കാലഘട്ടങ്ങളിൽ ജനങ്ങളെ സഹായിക്കേണ്ട സർക്കാർ അവരെ കൊള്ളയടിക്കാനാണ് ശ്രമിച്ചത്. രണ്ടു പ്രളയം നേരിട്ടപ്പോൾ സംസ്ഥാനത്തെ ജനങ്ങളും കേരളത്തിന് പുറത്ത് ജീവിക്കുന്നവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിരുന്നു. നമ്മുടെ അമ്മമാർ തങ്ങളുടെ വരുമാനമാർഗമായ പശുവിനെയും ആടിനെയും കോഴിയെയും വിറ്റ തുകയും സംഭാവനയായി നൽകി. കുട്ടികൾ തങ്ങളുടെ സമ്പാദ്യക്കുടുക്ക പൊട്ടിച്ചും പണം നൽകി. എന്നാൽ, ആ സംഭാവന തുകയിൽനിന്ന് കൈയിട്ട് വാരിയവരാണ് നമ്മെ ഭരിക്കുന്നത്.
കേന്ദ്രം ഭരിക്കുന്ന സർക്കാർ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയം മുതൽ പെട്രോൾ, ഡീസൽ വിലവർധന താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ വീണ്ടും പഴയപടി വർധന തുടരും. നെഹ്റുവിെൻറ കാലം മുതൽ രാജ്യത്തിെൻറ പൊതുസ്വത്തായി ഉണ്ടാക്കിയ പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യ കുത്തകകൾക്ക് വിറ്റുതുലക്കുന്ന നടപടിയുമായി മുന്നോട്ടുപോകുന്നു. ജനങ്ങളെ ജാതിയുടെയും മതത്തിെൻറയും പേരിൽ വേർതിരിച്ചുകാണുന്ന ബി.ജെ.പി കേരളത്തിൽ അധികാരത്തിൽ വരുക എന്നത് വിദൂരസ്വപ്നം മാത്രമാണ്.
പ്രവാസികൾക്ക് പ്രഖ്യാപനങ്ങൾ മാത്രം
ബഹ്റൈൻ ഉൾപ്പെടെ വിദേശ രാജ്യങ്ങളിൽ നമ്മുടെ മുഖ്യമന്ത്രി നടത്തിയ സന്ദർശനങ്ങളിൽ വളരെ വലിയ പ്രഖ്യാപനങ്ങളാണ് നടത്തിയത്. അതിൽ ഒരു പ്രഖ്യാപനംപോലും സർക്കാറിന് നടപ്പാക്കാൻ സാധിച്ചില്ല. മാത്രമല്ല, കോവിഡിെൻറ പ്രതിസന്ധി ലോകം മുഴുവൻ വ്യാപിച്ചപ്പോൾ പ്രവാസികളെ പൂർണമായും അവഗണിച്ച സർക്കാറാണിത്. നാട്ടിലേക്ക് പ്രവാസികൾ തിരികെവന്നാൽ രണ്ടരലക്ഷം പേർക്ക് ക്വാറൻറീൻ സൗകര്യം ക്രമീകരിച്ചിട്ടുണ്ട് എന്ന് വാർത്തസമ്മേളനങ്ങളിൽ പ്രഖ്യാപിച്ചു. എന്നാൽ, പ്രവാസികൾ എത്തിയപ്പോൾ സർക്കാറും മറ്റുള്ളവരും രോഗം പടർത്താൻ വന്ന ആളുകൾ എന്നനിലയിലാണ് അവരെ കണ്ടത്. ക്വാറൻറീൻ സെൻററുകൾ ആരംഭിക്കാൻ ഗ്രാമപഞ്ചായത്തുകൾക്കും മുനിസിപ്പാലിറ്റി, കോർപറേഷൻ അധികാരികൾക്കും നിർദേശം കൊടുത്ത സർക്കാർ അവയുടെ പ്രവർത്തനത്തിന് ഒരു നയാപൈസപോലും അനുവദിച്ചില്ല.
നോർക്ക ഇടപെട്ട് ചാർട്ടേഡ് വിമാനങ്ങൾ ക്രമീകരിച്ച് ആളുകളെ നാട്ടിൽ എത്തിക്കാൻ സാധിക്കുമായിരുന്നു. എന്നാൽ, അതിനുള്ള ശ്രമം ഉണ്ടായില്ല. ലോക്ഡൗൺ കാലത്ത് നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് 5000 രൂപ കൊടുക്കും എന്ന് പ്രഖ്യാപിച്ചെങ്കിലും കിട്ടാത്ത നിരവധി പേരുണ്ട്.
വിദേശരാജ്യങ്ങളിൽ തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലേക്ക് തിരികെ എത്തുന്ന ലക്ഷക്കണക്കിന് ആളുകളുണ്ട്. അവർക്ക് സ്വന്തമായി തൊഴിൽസംരംഭങ്ങൾ ആരംഭിക്കാൻ ക്രിയാത്മകമായ ഒരു പദ്ധതിയും ആരംഭിച്ചിട്ടില്ല. ലോൺ അനുവദിക്കാത്ത ബാങ്കുകളുടെ പേര് പറഞ്ഞ് സർക്കാർ രക്ഷപ്പെടുകയാണ്. സ്വന്തമായി വീടില്ലാത്ത നിരവധി പ്രവാസികളുണ്ട്. അവർക്കുവേണ്ടി ഭവനനിർമാണ പദ്ധതി ആരംഭിക്കാനോ നിലവിലുള്ള പദ്ധതിയിൽ പ്രവാസികളെ ഉൾപ്പെടുത്താനോ സർക്കാർ തയാറല്ല. തീരെ ചെറിയ വരുമാനത്തിന് ജോലിചെയ്യുന്ന പ്രവാസികളെ ബി.പി.എൽ ലിസ്റ്റിൽ ഉൾപ്പെടുത്തി ആനുകൂല്യങ്ങൾ നൽകണം.
തൊഴിൽ അല്ലെങ്കിൽ, ജയിൽ
ഒരുകാലത്ത് ഇടതുപക്ഷ യുവജന സംഘടനകളുടെ മുദ്രാവാക്യം ആയിരുന്നു ഇത്. തൊഴിൽ ഇല്ലാത്ത യുവാക്കൾക്ക് സർക്കാർ ജോലികൾ നൽകാൻ ഉത്തരവാദിത്തമുള്ള പബ്ലിക് സർവിസ് കമീഷനെ നോക്കുകുത്തിയാക്കി മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും നേതൃത്വത്തിൽ പിൻവാതിൽ നിയമനമാണ് അരങ്ങേറിയത്. പാർട്ടി നേതാക്കളുടെ ഭാര്യമാർക്കും മക്കൾക്കും അവരുടെ ബന്ധുക്കൾക്കുമാണ് ഇങ്ങനെ നിയമനം ലഭിച്ചത്. അധ്വാനിച്ച് പഠിച്ച് റാങ്ക് ലിസ്റ്റിൽ വന്നിട്ടും നിയമനം ലഭിക്കാത്ത യുവജനങ്ങളുടെ പ്രതിഷേധമാണ് കഴിഞ്ഞ മാസങ്ങളിൽ നമ്മുടെ സെക്രട്ടേറിയറ്റിന് മുന്നിൽ നമ്മൾ കണ്ടത്. ജോലി പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്ന ഉദ്യോഗാർഥികൾക്ക് സർക്കാർ ജോലി എന്നത് ഒരുസ്വപ്നം മാത്രമായ അഞ്ചു വർഷമാണ് കടന്നുപോയത്.
മണ്ണും മണലും കടലുംവിറ്റ സർക്കാർ
നമ്മുടെ സംസ്ഥാനം കഴിഞ്ഞ ഒരു നൂറ്റാണ്ടിൽ കണ്ടിട്ടുള്ളതിൽ െവച്ച് ഏറ്റവും വലിയ പ്രളയം ആയിരുന്നു 2018ൽ. അത് മനുഷ്യനിർമിതമായിരുന്നു എന്ന് എല്ലാ കേരളീയരും വിശ്വസിക്കുന്നു. ആ പ്രളയ കാലത്ത് പമ്പാനദിയിൽ അടിഞ്ഞുകൂടിയ മണൽ സ്വകാര്യ കമ്പനിക്ക് വിൽക്കാൻ കൂട്ടുനിന്ന സർക്കാറാണിത്. സംസ്ഥാന ചീഫ് സെക്രട്ടറിയും ഡി.ജി.പിയും സർക്കാർ വാടകക്ക് എടുത്ത ഹെലികോപ്ടറിൽ പമ്പയിൽ എത്തിയാണ് കരാർ ഉറപ്പിക്കാൻ ശ്രമിച്ചത്. പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ചപ്പോൾ അതിൽനിന്ന് പിന്മാറി.
പ്രളയകാലത്ത് കടലിെൻറ മക്കൾ ജീവൻ പണയപ്പെടുത്തി നടത്തിയ ഇടപെടലുകളാണ് കേരളത്തിൽ മരണനിരക്ക് കുറയാനുള്ള പ്രധാന കാരണം. ആ കടലിെൻറ മക്കളെ പ്രതിസന്ധിയിലാക്കുന്ന തീരുമാനമാണ് അമേരിക്ക ആസ്ഥാനമായ കമ്പനിക്ക് കേരളത്തിെൻറ കടൽ വിൽക്കാനെടുത്ത തീരുമാനം. ആഴക്കടൽ മത്സ്യബന്ധനത്തിന് അന്താരാഷ്ട്ര കപ്പലുകളെ അനുവദിച്ചാൽ നമ്മുടെ മത്സ്യസമ്പത്ത് പൂർണമായും കൊള്ളയടിക്കപ്പെടും. ഈ കാര്യങ്ങൾ കൃത്യമായ തെളിവുകളോടെ അവതരിപ്പിച്ച പ്രതിപക്ഷ നേതാവിനെ അപമാനിക്കാൻ ആണ് ഫിഷറീസ് മന്ത്രിയും മുഖ്യമന്ത്രിയും ആദ്യഘട്ടത്തിൽ തയാറായത്. യഥാർഥ തെളിവുകൾ പുറത്തുവന്നപ്പോൾ കരാറുകൾ എല്ലാം റദ്ദാക്കാൻ സർക്കാർ തയാറായി.
കോവിഡ് രോഗികളുടെ വിവരം അമേരിക്കൻ കമ്പനിക്ക് കൈമാറാൻ ഉണ്ടാക്കിയ സ്പ്രിംഗ്ലർ കരാർ, സംസ്ഥാനത്തെ കഴിവുള്ള സർക്കാർ ഉദ്യോഗസ്ഥരെ ഒഴിവാക്കി വിദേശ കുത്തക കമ്പനികൾക്ക് കൺസൽട്ടൻസി കരാറുകൾ നൽകൽ തുടങ്ങി അഴിമതികളുടെ ഒരു പരമ്പരതന്നെയാണ് നമ്മുടെ സാംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് വർഷം നടന്നത്. ഇൗ അഴിമതികളുടെ തുടർച്ച ഉണ്ടാകാതിരിക്കാൻ ആയിരിക്കണം ഇത്തവണ സമ്മതിദാനവകാശം ഉപയോഗിക്കേണ്ടത്. അല്ലെങ്കിൽ, ഇപ്പോൾ റദാക്കിയ കരാറുകളെല്ലാം പുതിയ പേരിൽ കടന്നുവരും. അത് നമ്മുടെ സംസ്ഥാനത്തെ കൊള്ളയടിക്കാൻ മാത്രമേ ഉപകരിക്കൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.