പുതിയ അവസരങ്ങളുടെയും സാഹസികതകളുടെയും, സ്വയം നവീകരണത്തിന്‍റെയും ഒരു വർണാഭമായ ലോകമായാണ് പ്രവാസജീവിതം പലപ്പോഴും വാഴ്ത്തപ്പെടാറുള്ളത്. എന്നാൽ ഈ തിളക്കമാർന്ന പുറംമോടികൾക്കപ്പുറം ശാന്തമായ മറ്റൊരു സത്യമുണ്ട്: പല പ്രവാസികൾക്കും വിദേശത്തെ ജീവിതം ഒരു മനോഹര കഥയല്ല, മറിച്ച് തനിക്കുള്ളിൽത്തന്നെ നടക്കുന്ന ഒരു യുദ്ധമാണ്. അത് ലക്ഷ്യബോധവും വേരുകളും തമ്മിലുള്ള, പുരോഗതിയും ഗൃഹാതുരത്വവും തമ്മിലുള്ള, സ്വാശ്രയത്വവും ഏകാന്തതയും തമ്മിലുള്ള ഒരു പോരാട്ടമാണ്. ഭൂഖണ്ഡങ്ങൾ താണ്ടി കരിയറിന് പുറകെ പായുന്നവർക്കും നാടുവിട്ട് ജീവിതം കെട്ടിപ്പടുക്കുന്നവർക്കും മാനസികമായ ഈ വഴിത്താരകൾ പലപ്പോഴും ദുർഘടമാണ്. വിജയത്തിന്‍റെ ആവേശം അവിടെയുണ്ട്, ശരിയാണ്, പക്ഷേ അതിനോടൊപ്പം തന്നെ നാടിനോടുള്ള അകലത്തിന്‍റെ വേദനയും പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുമ്പോഴുള്ള തളർച്ചയും, മനസ്സ് തളരുമ്പോഴും കരുത്തനായിരിക്കണമെന്ന അദൃശ്യമായ സമ്മർദ്ദവും അവിടെയുണ്ട്.ഈ ആന്തരിക വടംവലിയിൽ നിങ്ങൾ അകപ്പെട്ടിട്ടുണ്ടെങ്കിൽ, സംഘർഷങ്ങളിൽ നിന്ന് ശാന്തിയിലേക്ക് മാറാൻ പ്രവാസജീവിതം എന്ന യുദ്ധക്കളത്തെ ഒരു സമാധാന ഉടമ്പടിയായി മാറ്റാൻ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാം.
പ്രവാസി അനുഭവിക്കുന്ന മാനസിക സംഘർഷത്തിന്‍റെ പ്രധാന കാരണം അവന്‍റെ വ്യക്തിത്വത്തിലെ ഇരട്ടഭാവമാണ്. ഒരു കാൽ ജീവിക്കുന്ന രാജ്യത്തിന്റെ മണ്ണിലും മറ്റേ കാൽ ജനിച്ചു വളർന്ന മണ്ണിലും. നിങ്ങൾ പഴയ നിങ്ങൾക്കും, ഇപ്പോൾ ആയിക്കൊണ്ടിരിക്കുന്ന നിങ്ങൾക്കും ഇടയിൽ വീർപ്പുമുട്ടുന്നത് സ്വാഭാവികമാണ്.
ഈ രണ്ട് വ്യക്തിത്വങ്ങളിൽ ഒന്ന് മാത്രം തിരഞ്ഞെടുക്കാൻ ശ്രമിക്കുന്നത് അവസാനിപ്പിക്കുമ്പോൾ സമാധാനം തുടങ്ങുന്നു. നാടിനെ ഓർക്കുന്നത് പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ നിങ്ങൾക്ക് കഴിഞ്ഞില്ല എന്നതിന്‍റെ അടയാളമല്ല; മറിച്ച് നിങ്ങൾ അത്രമേൽ നാടിനെ സ്നേഹിച്ചു എന്നതിന്‍റെ തെളിവാണ്. രണ്ട് ലോകങ്ങളെയും ഇണക്കിച്ചേർക്കുക എന്നതാണ് ഇതിനുള്ള പരിഹാരം. പുതിയ ശീലങ്ങൾ പഠിക്കുമ്പോൾ തന്നെ പഴയ ആചാരങ്ങളെയും കൂടെ കൂട്ടുക. ഇതോ നിങ്ങളിൽ ആന്തരിക യുദ്ധം അവസാനിക്കുകയും ഒരു പുതിയ വ്യക്തിത്വം രൂപപ്പെടുകയും ചെയ്യും.
തിരക്കേറിയ ജോലി സാഹചര്യങ്ങൾക്കിടയിലും പരിചിതമല്ലാത്ത നഗരത്തിന്റെ വേഗതയ്ക്കിടയിലും നിങ്ങൾക്ക് ഒരു താങ്ങ് ആവശ്യമാണ്. നിങ്ങൾക്ക് ഒന്ന് ദീർഘശ്വാസം വിടാൻ കഴിയുന്ന ഒരു ചെറിയ സ്വകാര്യ ഇടം. പ്രവാസജീവിതം പലപ്പോഴും നമ്മെ ഒരു ‘സർവൈവൽ മോഡിലേക്ക്’ തള്ളിവിടുന്നു. അവിടെ നാം എപ്പോഴും പദ്ധതികൾ ഇടുകയോ, ജോലി ചെയ്യുകയോ അല്ലെങ്കിൽ നമ്മുടെ കഴിവ് തെളിയിക്കാൻ ശ്രമിക്കുകയോ ചെയ്തുകൊണ്ടിരിക്കും. അതുകൊണ്ട് തന്നെ മനസ്സിനെ ശാന്തമാക്കാൻ സമയം കണ്ടെത്തുക എന്നത് ഒരു ആഡംബരമല്ല, മറിച്ച് അത് അത്യാവശ്യമാണ്.
ദിവസവും കുറഞ്ഞത് 15 മിനിറ്റെങ്കിലും ഫോണോ ഇന്‍റർനെറ്റോ ഇല്ലാത്ത ഒരു നിശബ്ദത കണ്ടെത്തുക. നിങ്ങളുടെ ചിന്തകൾ സ്വതന്ത്രമായി ഒഴുകാൻ അനുവദിക്കുക. വീടിന് പുറത്തിറങ്ങുക. ചുറ്റുമുള്ള വായുവും കാലിനടിയിലെ മണ്ണും അനുഭവിക്കുക. ആഴത്തിലുള്ള ശ്വസനമോ ഒരു ചെറിയ നടത്തമോ നിങ്ങളുടെ അസ്വസ്ഥമായ മനസ്സിനെ ശാന്തമാക്കും.
ഈ ശീലങ്ങളെ ഒരു ‘സമാധാന മേഖല’യായി കാണുക. ഇത് നിങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കുകയും സമ്മർദ്ദങ്ങളെ അതിജീവിക്കാൻ നിങ്ങളെ പ്രാപ്തനാക്കുകയും ചെയ്യും.
ഒറ്റപ്പെട്ട ജീവിതം ആർക്കും ഗുണകരമല്ല. എങ്കിലും തിരക്കേറിയ ജോലി ഷെഡ്യൂളുകളും സാംസ്കാരികമായ വേലിക്കെട്ടുകളും പ്രവാസികളെ ഏകാന്തതയിലേക്ക് നയിക്കാറുണ്ട്. എന്നാൽ യഥാർത്ഥ ബന്ധങ്ങൾ ഒരു മനുഷ്യന് അഭയവും പാലവും പോലെയാണ്. നിങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കാൻ കഴിയുന്ന മറ്റ് പ്രവാസികളെയോ അല്ലെങ്കിൽ നാട്ടുകാരെയോ സുഹൃത്തുക്കളാക്കാൻ ശ്രമിക്കുക. ഒരു വളണ്ടിയർ ഗ്രൂപ്പിലോ ക്ലബ്ബുകളിലോ അംഗമാകുക. ഓരോ സംഭാഷണവും നിങ്ങൾ നിൽക്കുന്നയിടവും നിങ്ങൾക്ക് പോകേണ്ടയിടവും തമ്മിലുള്ള ദൂരം കുറയ്ക്കുന്നു. ഇങ്ങനെ ബന്ധങ്ങൾ വളരുമ്പോൾ അപരിചിതമായ തെരുവുകൾ പോലും നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി മാറും.
ഭാരതീയ ദർശനങ്ങളിൽ കസ്തൂരിമാനിനെക്കുറിച്ച് ഒരു കഥയുണ്ട്. ദിവ്യമായ ഒരു ഗന്ധം എവിടെ നിന്നാണ് വരുന്നതെന്ന് തിരക്കി അത് വനങ്ങളിലും പർവ്വതങ്ങളിലും തളർന്ന് ഓടി നടക്കുന്നു. എന്നാൽ ഒടുവിൽ ആ സുഗന്ധം തന്‍റെ സ്വന്തം നാഭിയിൽ നിന്ന് തന്നെയാണ് വരുന്നതെന്ന് അത് തിരിച്ചറിയുന്നില്ല. പ്രവാസികളായ നമ്മളും പലപ്പോഴും ഈ മാനിനെപ്പോലെയാണ്. ഒരു പ്രമോഷനിലോ, വിസയിലോ അതല്ലെങ്കിൽ മടക്കയാത്രയിലോ ആണ് സമാധാനം എന്ന് കരുതി നാം ലോകങ്ങൾ താണ്ടുന്നു. എന്നാൽ ആ സുഗന്ധം പോലെ, നിങ്ങൾ തേടുന്ന ശാന്തിയും സമാധാനവും നിങ്ങളിൽത്തന്നെ ഒളിഞ്ഞു കിടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.