മനാമ: ലബനൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹിസ്ബുല്ല ഭീകര സംഘടനയുമായി ചേർന്ന് ബഹ്റൈനിൽ അട്ടിമറി പ്രവർത്തനങ്ങൾക്കും ചാരവൃത്തിക്കും പദ്ധതിയിട്ട മൂന്ന് യുവാക്കളെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. രാജ്യത്തിന്‍റെ പരമാധികാരത്തെ തകർക്കാനും ജനങ്ങൾക്കിടയിൽ ഭീതി പടർത്താനും ലക്ഷ്യമിട്ടാണ് ഇവർ പ്രവർത്തിച്ചിരുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
അഹമ്മദ് അഹമ്മദ് ഹുസൈൻ മദൻ (24), ഹസൻ അബ്ദുൽ അമീർ ആശൂർ (22), മുന്തസർ അബ്ദുൽ മുഹ്സിൻ അലി മദൻ (29 ) എന്നിവരാണ് പിടിയിലായത്. പ്രതികൾ ലബനൻ സന്ദർശിച്ച വേളയിൽ ഹിസ്ബുല്ല അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുകയും ആയുധങ്ങൾ ഉപയോഗിക്കുന്നതിൽ പ്രത്യേക പരിശീലനം നേടുകയും ചെയ്തതായി ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
ബഹ്റൈനെതിരെയുള്ള ഇറാന്‍റെ നീക്കങ്ങളുടെ ആഘാതത്തെക്കുറിച്ചുള്ള വിവരങ്ങളും ചിത്രങ്ങളും ഇവർ വിദേശത്തുള്ള ഭീകരർക്ക് കൈമാറിയിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്ന വ്യാജേന നാട്ടിൽ നിന്നും പണം ശേഖരിക്കുകയും ഇത് ഹിസ്ബുല്ലള്ളയുടെ പ്രവർത്തനങ്ങൾക്കായി വിദേശത്തേക്ക് കടത്തുകയും ചെയ്തു.
ഹിസ്ബുല്ല നേതാക്കളുടെ നിർദ്ദേശപ്രകാരം ബഹ്റൈനിൽ വലിയ തോതിലുള്ള ഭീകരാക്രമണങ്ങൾ നടത്തുന്നതിനായുള്ള തയ്യാറെടുപ്പിലായിരുന്നു ഇവരെന്നും അന്വേഷണസംഘം കണ്ടെത്തി. അറസ്റ്റിലായവർക്കെതിരെ ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കി ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. രാജ്യത്തിന്‍റെ സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയാകുന്ന ഇത്തരം നീക്കങ്ങൾക്കെതിരെ കർശന നടപടി തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.