രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ
മനാമ: രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത കർശന നടപടികൾ സ്വീകരിക്കുമെന്ന് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ പ്രഖ്യാപിച്ചു. മുതിർന്ന ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇറാൻ നടത്തുന്ന പ്രകോപനരഹിതമായ ആക്രമണങ്ങളെയും യുദ്ധസമാനമായ സാഹചര്യങ്ങളെയും രാജ്യം ഒറ്റക്കെട്ടായി നേരിടും. പ്രതിരോധ സേനയുടെയും സുരക്ഷാ വിഭാഗത്തിന്റെയും സിവിൽ ഡിഫൻസിന്റെയും കാര്യക്ഷമതയും ജനങ്ങളുടെ ഐക്യവുമാണ് രാജ്യത്തിന്റെ കരുത്തെന്നും അദ്ദേഹം പറഞ്ഞു.
രാജ്യദ്രോഹപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കും രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്നവർക്കും എതിരെ കർശന നടപടിയുണ്ടാകും. ബഹ്‌റൈൻ പൗരത്വത്തിന് അർഹരായവർ ആരൊക്കെയെന്ന് പുനഃപരിശോധിക്കാനും അർഹതയില്ലാത്തവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കാനും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയെ രാജാവ് ചുമതലപ്പെടുത്തി.
യുദ്ധസാഹചര്യമുണ്ടാക്കിയ ആഘാതങ്ങൾ പരിഹരിക്കുന്നതിനും സാമ്പത്തിക-പ്രതിരോധ മേഖലകളിലെ പോരായ്മകൾ നികത്തുന്നതിനുമായി സമഗ്രമായ പദ്ധതികൾ ആവിഷ്കരിക്കാനും നിർദ്ദേശം നൽകി. പ്രതിസന്ധികൾക്കിടയിലും സമാധാനപരമായ ചർച്ചകളിലൂടെയും നയതന്ത്ര നീക്കങ്ങളിലൂടെയും പ്രശ്നങ്ങൾ പരിഹരിക്കണമെന്ന നിലപാടിൽ ബഹ്‌റൈൻ ഉറച്ചുനിൽക്കുന്നുവെന്നും ഹമദ് രാജാവ് ആവർത്തിച്ചു. രാജ്യം വലിയൊരു ഉത്തരവാദിത്തമാണെന്നും അതിന്റെ സുരക്ഷയിൽ വീഴ്ച വരുത്തുന്ന ഒരു നടപടിയും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.