മനാമ: കാലാവസ്ഥ പ്രവചനപ്രകാരം രാജ്യത്ത് ഔദ്യോഗികമായി വേനൽ സീസൺ ഇന്ന് ആരംഭിക്കും. ഇനിവരുന്ന 93 ദിവസങ്ങൾ രാവും പകലും ചൂടിന്റെ സാന്നിധ്യത്തിലായിരിക്കും.വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ സീസണും, ദിവസവും ഈ കാലയളവിലാണ്. രാവിലെ 4.45ന് ഉദയവും വൈകീട്ട് 6.32 അസ്തമയവുമുള്ള ദിനങ്ങളാണ് വരാനിരിക്കുന്നത്. കൃത്യം 93 ദിവസങ്ങളും, 15 മണിക്കൂറും 37 മിനിറ്റും രാജ്യത്ത് വേനൽ സീസണായിരിക്കും.
നിലവിൽ വേനൽ സീസണിനായി രാജ്യം നേരത്തേ ഒരുങ്ങിയിരുന്നു. പുറംജോലി ചെയ്യുന്ന തൊഴിലാളികളുടെ വേനൽക്കാല പകൽ തൊഴിൽ നിരോധനം കഴിഞ്ഞ ഞായറാഴ്ച മുതൽ പ്രാബല്യത്തിൽവന്നു. ഉച്ചക്ക് 12 മണി മുതൽ വൈകീട്ട് നാലു മണി വരെ തുറസ്സായ സ്ഥലത്ത് ജോലി ചെയ്യുന്നതിനാണ് നിരോധനം. സെപ്റ്റംബർ 15 വരെ മൂന്നു മാസത്തേക്കായിരിക്കും നിരോധനമെന്ന് നിയമകാര്യ മന്ത്രിയും ആക്ടിങ് തൊഴിൽ മന്ത്രിയുമായ യൂസുഫ് ഖലഫ് അറിയിച്ചിരുന്നു. ഉയർന്ന താപനിലയും ഈർപ്പവും കാരണം തൊഴിലാളികൾക്ക് ഉണ്ടാകാവുന്ന തൊഴിൽപരമായ രോഗങ്ങളിൽനിന്നും പരിക്കുകളിൽനിന്നും സംരക്ഷണം നൽകുന്നതിനായി അന്താരാഷ്ട്ര തൊഴിൽ മാനദണ്ഡങ്ങൾക്കനുസരിച്ചാണ് ബഹ്റൈൻ ഈ നിരോധനം നടപ്പാക്കുന്നത്.
ഇതുവരെ രണ്ടുമാസത്തേക്കായിരുന്നു തൊഴിൽ നിരോധനം ഏർപ്പെടുത്തിയിരുന്നത്. ഈ വർഷം മുതലാണ് മൂന്നുമാസമായി നീട്ടാൻ തീരുമാനമെടുത്തത്. കടുത്ത ചൂടിൽ തുറസ്സായ സ്ഥലത്ത് ജോലി ചെയ്യുന്നത് തൊഴിലാളികൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നതിനാലാണ് വേനൽക്കാലത്ത് പകൽ സമയത്ത് തൊഴിൽ നിരോധനം ഏർപ്പെടുത്തുന്നത്. വേനൽക്കാലത്ത് ഉച്ചസമയത്തെ ജോലിക്ക് ഏർപ്പെടുത്തിയ നിരോധനം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് തൊഴിൽ മന്ത്രാലയം.നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായി 17873603 എന്ന നമ്പറിൽ ഒരു പ്രത്യേക ഹോട്ട് ലൈൻ ഏർപ്പെടുത്തിയതായി മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇത് ലംഘിക്കുന്നവർക്ക് തടവും പിഴയും ശിക്ഷ വ്യവസ്ഥ ചെയ്യുന്നുണ്ട്. നിയമലംഘനങ്ങൾക്ക് മൂന്നു മാസം വരെ തടവും 500 മുതൽ 1000 ബഹ്റൈൻ ദീനാർ വരെ പിഴയും അല്ലെങ്കിൽ രണ്ടുംകൂടിയുമുള്ള ശിക്ഷയാണ് വ്യവസ്ഥ ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.