‘ഷീൽഡ് ഓഫ് ബഹ്റൈൻ’ 3 ഡി പെയിന്‍റിങ്ങിന്‍റെ ഇരുവശങ്ങളിലായി ലിമിനേഷ്

അഗസ്റ്റിനും ജിൻസി ബാബുവും

കാവൽ ഭടന്മാർക്ക് കലയുടെ ആദരം; ശ്രദ്ധേയമായി ‘ഷീൽഡ് ഓഫ് ബഹ്‌റൈൻ’ ത്രീഡി പെയിന്‍റിങ്

മനാമ: കല വെറുമൊരു കാഴ്ചയല്ല, മറിച്ച് അത് നന്ദിയുടെയും സുരക്ഷയുടെയും വലിയൊരു സന്ദേശം കൂടിയാണെന്ന് തെളിയിക്കുകയാണ് ബഹ്‌റൈനിലെ മലയാളി ദമ്പതികൾ. കലുഷിതമായ സാഹചര്യത്തിൽ രാജ്യത്തിന്‍റെ സുരക്ഷക്കായി അതിർത്തികളിലും കടലിലും ആകാശത്തും ജാഗ്രതയോടെ നിലകൊള്ളുന്ന ധീരരായ കാവൽഭടന്മാർക്ക് ഉള്ള ആദരവ് ആയി മാറി ആർട്ടിസ്റ്റ് ദമ്പതികളായ എറണാകുളം സ്വദേശി ലിമിനേഷ് അഗസ്റ്റിനും ഭാര്യ ജിൻസി ബാബുവും തയ്യാറാക്കിയ ‘ഷീൽഡ് ഓഫ് ബഹ്‌റൈൻ’ എന്ന ത്രീഡി പെയിന്‍റിങ്. ബഹ്റൈനിലെ സ്വന്തം വീട്ടിലെ ഭിത്തിയിലാണ് ​13 അടി നീളവും 11 അടി വീതിയുമുള്ള വിസ്മയിപ്പിക്കുന്ന ഈ മനോഹരമായ പെയിന്‍റിങ് തയ്യാറാക്കിയിരിക്കുന്നത്.

ഇത് ഒരു സാധാരണ ചിത്രമല്ല. ഒരു വശത്ത് സംഘർഷത്തിന്‍റെ കലുഷിതമായ അന്തരീക്ഷവും മറുവശത്ത് സമാധാനപൂർണ്ണമായ ജനജീവിതവും ഒരേ ക്യാൻവാസിൽ സമ്മേളിക്കുന്ന ‘സ്പ്ലിറ്റ്-സ്ക്രീൻ’ വിസ്മയമാണിത്. ഒമ്പത് ദിവസം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഈ കൂറ്റൻ ചിത്രം പൂർത്തിയായത്. ​പ്രതിരോധത്തിന്‍റെ കരുത്തും ശാസ്ത്രീയ മികവും പ്രകടിപ്പിക്കുന്ന ​ചിത്രത്തിന്‍റെ ഇടത് ഭാഗം സൈനിക ജാഗ്രതയുടെ തീവ്രത വ്യക്തമാക്കുന്നു. പ്രക്ഷുബ്ധമായ കടൽത്തീരത്ത് ശത്രുക്കളുടെ ഡ്രോണുകളെയും മറ്റ് വെല്ലുവിളികളെയും തടഞ്ഞുനിർത്തുന്ന പ്രതിരോധ സംവിധാനങ്ങൾ ഇവിടെ കാണാം. റഡാർ സാങ്കേതികവിദ്യയുടെ ബുദ്ധിശക്തിയും സൈനികരുടെ കഠിനാധ്വാനവും ഒത്തുചേരുന്ന മധ്യഭാഗം രാജ്യത്തിന്‍റെ സുരക്ഷയുടെ പ്രാധാന്യമാണ് അടയാളപ്പെടുത്തുന്നത്.

​ഈ ചിത്രത്തിലെ ഏറ്റവും നൂതനമായ ആശയം അതിന്‍റെ മധ്യത്തിലുള്ള ഷഡ്ഭുജാകൃതിയിലുള്ള ഗ്ലാസ് ഷീൽഡാണ്. യുദ്ധത്തിന്‍റെയും അശാന്തിയുടെയും ആഘാതങ്ങളെ അരിച്ചെടുത്ത് ശാന്തതയാക്കി മാറ്റുന്ന ഒരു ‘ഫിൽട്ടർ’ ആയിട്ടാണ് ഇവർ ഇതിനെ വിഭാവനം ചെയ്തിരിക്കുന്നത്. ഈ കവചത്തിന് പിന്നിൽ ബഹ്‌റൈന്‍റെ മനോഹരമായ സ്കൈ ലൈൻ സുരക്ഷിതമായി നിലകൊള്ളുന്നു.

​‘യഥാർത്ഥ സുരക്ഷ എന്നാൽ യുദ്ധം ജയിക്കുക മാത്രമല്ല, സാധാരണക്കാരന്‍റെ ദൈനംദിന ജീവിതത്തിലെ സന്തോഷം ഉറപ്പാക്കുക എന്നതാണെന്ന് ലിമിനേഷും ജിൻസിയും പറയുന്നു. ചിത്രത്തിന്‍റെ വലതുഭാഗം ഈ സന്ദേശത്തെ അന്വർത്ഥമാക്കുന്നു. കളിച്ചുചിരിക്കുന്ന കുട്ടികൾ, മുതിർന്നവർ, വളർത്തുമൃഗങ്ങൾ എന്നിവരടങ്ങുന്ന സമാധാനപരമായ ഒരു സമൂഹത്തെ ഇവിടെ ചിത്രീകരിച്ചിരിക്കുന്നു. സൈനികരുടെ കാവൽ ഉള്ളതുകൊണ്ടുമാത്രം സാധ്യമാകുന്ന സുരക്ഷിതമായ ജീവിതത്തിന്‍റെ നേർചിത്രമാണിത്. മനുഷ്യർ മാത്രമല്ല എല്ലാ ജീവജാലങ്ങളും ഇവിടെ സുരക്ഷിതമാണെന്ന് ഇത് സൂചിപ്പിക്കുന്നു. ​​ബഹ്‌റൈൻ ഡിഫൻസ് ഫോഴ്സിനോടുള്ള സ്നേഹവും ബഹുമാനവും പ്രകടിപ്പിക്കാൻ ഇവർ നടത്തിയ ശ്രമം സോഷ്യൽ മീഡിയയിലും മറ്റും വലിയ പ്രശംസയാണ് നേടുന്നത്. രാജ്യം നൽകുന്ന സുരക്ഷയ്ക്ക് കലയിലൂടെ നന്ദി പറയുന്ന ഇത്തരം സംരംഭങ്ങൾ പ്രവാസി സമൂഹവും രാജ്യത്തിന്‍റെ ഭരണകൂടവും തമ്മിലുള്ള ഹൃദയബന്ധത്തിന്‍റെ ഉദാഹരണമായി മാറുന്നു.

2004 ൽ ബഹ്റൈനിലെത്തിയ ലിമിനേഷ് ഐ.ബി.എമ്മിൽ പൊജക്ട് മാനേജരാണ്. മുംബൈ മലയാളി കുടുംബാംഗമായ ജിൻസി വിവാഹശേഷമാണ് ബഹ്റൈനിൽ എത്തിയത്. ഇരുവരുടേയും കലാസൃഷ്ടികൾ ആഗോള ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. യു.എൻ.ഡയറക്ടർ, ബഹ്റൈൻ ക്രൗൺ പ്രിൻസ് ശൈഖ് സൽമാൻ തുടങ്ങി നിരവധി പ്രമുഖരിൽ നിന്ന് അഭിനന്ദനങ്ങളും അംഗീകാരങ്ങളും നേരിട്ട് വാങ്ങാൻ ഇവർക്ക് സാധിച്ചിട്ടുണ്ട്. യൂറോപ്യൻ ലൈസൻസ് ഉള്ള പൈലറ്റ് കൂടിയാണ് ലിമിനേഷ്. യൂറോപ്യൻ രാജ്യങ്ങളിൽ പര്യടനം നടത്തുമ്പോൾ ചെറുവിമാനങ്ങൾ വാടകക്കെടുത്ത് ഇരുവരും സഞ്ചരിക്കാറുണ്ട്.

Tags:    
News Summary - the 'Shield of Bahrain' 3D painting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.