‘പൂർണ നഗ്നയായ ആത്മാവ്’; ബഹ്റൈൻ പ്രവാസി ജുമാന മുസ്തഫയുടെ പുസ്തകം പ്രകാശനം ചെയ്തു
മനാമ: മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് ഏറെ പ്രസക്തമായ ചിന്തകൾ പങ്കുവെച്ച് ജുമാന മുസ്തഫയുടെ ആദ്യ പുസ്തകം ‘പൂർണ നഗ്നയായ ആത്മാവ്’ എന്ന പുസ്തകം പ്രകാശനം ചെയ്തു. തൃശ്ശൂരിലെ ഐവറി കഫേയിൽ നടന്ന ചടങ്ങിൽ പ്രശസ്ത പ്രഭാഷകനും എഴുത്തുകാരനുമായ പി.എം.എ. ഗഫൂർ പുസ്തക പ്രകാശനം നിർവഹിച്ചു. ജുമാന മുസ്തഫയുടെ മകളായ നുഹ ഹാഇറിൻ മുസ്തഫ പുസ്തകം ഏറ്റുവാങ്ങി. യുവ എഴുത്തുകാരൻ നസീഫ് കലയത്ത്, ഗസൽ ഗായകൻ ഷെബി സമന്തർ, പ്രവീൺ വൈശാഖൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
വ്യക്തിയുടെ അനുഭവങ്ങളിലൂടെയും ആത്മസംഘർഷങ്ങളിലൂടെയും സ്വയം തിരിച്ചറിയലിന്റെയും ആത്മവളർച്ചയുടെയും പ്രാധാന്യം ചർച്ച ചെയ്യുന്ന പുസ്തകമാണ് ‘പൂർണ നഗ്നയായ ആത്മാവ്’. ജീവിതത്തിലെ അനുഭവങ്ങൾ തുറന്നെഴുതുന്നതിലൂടെ വായനക്കാരെ ആത്മപരിശോധനയിലേക്കും സ്വന്തം വികാരങ്ങളെ തിരിച്ചറിയുന്നതിലേക്കും നയിക്കുകയാണ് പുസ്തകത്തിന്റെ ലക്ഷ്യമെന്ന് വിലയിരുത്തപ്പെടുന്നു.
പ്രവാസ ജീവിതത്തിനിടയിലും സംരംഭകത്വത്തിലും സാമൂഹിക പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമാണ് ജുമാന മുസ്തഫ. പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി സ്വദേശിനിയായ ജുമാന എട്ടുവർഷമായി ബഹ്റൈനിൽ പ്രവാസജീവിതം നയിച്ചുവരികയാണ്.
സ്ത്രീശാക്തീകരണത്തിനും സ്ത്രീകളുടെ ഉന്നമനത്തിനുമായി രൂപീകരിച്ച ‘വുമൺട്ര ബഹ്റൈൻ’ എന്ന കമ്മ്യൂണിറ്റിയുടെ സ്ഥാപക കൂടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.