സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മക്ക് അടിയന്തര പരിഹാരം വേണമെന്ന് എം.പിമാർ

മനാമ: രാജ്യത്തെ സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മയും അത് സമൂഹത്തിലുണ്ടാക്കുന്ന സാമ്പത്തിക, മാനസിക ആഘാതങ്ങളും ബഹ്‌റൈൻ പാർലമെന്റിൽ വീണ്ടും ചർച്ചയായി. തൊഴിലില്ലായ്മ ജനങ്ങളിൽ കടുത്ത സാമ്പത്തിക ബാധ്യതയും മാനസിക സമ്മർദ്ദവും സൃഷ്ടിക്കുന്നുണ്ടെന്നും അടിയന്തര പരിഹാരം വേണമെന്നും എം.പിമാർ ആവശ്യപ്പെട്ടു.

ഉദ്യോഗാർത്ഥികളുടെ യോഗ്യതയ്ക്ക് അനുയോജ്യമായ തൊഴിലവസരങ്ങൾ ലഭ്യമാക്കാൻ പ്രായോഗികമായ നടപടികൾ സ്വീകരിക്കണമെന്ന് ഒന്നാം ഡെപ്യൂട്ടി സ്പീക്കർ ജലീല അൽ സയ്യിദ് പറഞ്ഞു. ഒരു കുടുംബത്തിൽ രണ്ട് സഹോദരങ്ങളെങ്കിലും തൊഴിലില്ലാതെ കഴിയുന്നുണ്ടെങ്കിൽ അവർക്ക് ജോലി ലഭ്യമാക്കാൻ ഗവൺമെന്റ് മുൻകൈ എടുക്കണമെന്ന് സ്പീക്കർ അഹമ്മദ് അൽ മുസല്ലം നിർദ്ദേശിച്ചു.

അനാഥരായ ആറ് സഹോദരിമാരുടെ സങ്കടകരമായ സാഹചര്യം നിയമ-നിയമനിർമ്മാണ കാര്യ സമിതി ചെയർമാൻ ഡോ. അബ്ദുൽഹക്കീം അൽ ഷെനോ പാർലമെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തി. ആറ് പേരിൽ അഞ്ച് പേർക്കും തൊഴിലില്ലെന്നും ആഭ്യന്തര മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന മൂത്ത സഹോദരിയുടെ മാത്രം വരുമാനത്തിലാണ് ഈ കുടുംബം കഴിയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തൊഴിൽ നിയമനങ്ങളിൽ കൂടുതൽ സുതാര്യതയും നീതിയും ഉറപ്പാക്കണമെന്നും ജോലി ചെയ്യാൻ പ്രാപ്തിയുള്ളവരെ അവഗണിക്കരുതെന്നും ഡോ. അബ്ദുൽഹക്കീം ആവശ്യപ്പെട്ടു.

സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികളിലെ വിദേശി നിയമനങ്ങളെ എം.പി ഹമദ് അൽ ദോയ് ശക്തമായി വിമർശിച്ചു. യോഗ്യതയുള്ള സ്വദേശികൾ തൊഴിൽരഹിതരായി തുടരുമ്പോൾ സർക്കാർ പങ്കാളിത്തമുള്ള സ്ഥാപനങ്ങളിൽ വിദേശികൾ ഉയർന്ന തസ്തികകളിൽ തുടരുന്നതിന്റെ കാരണം അദ്ദേഹം ചോദിച്ചു. ഉയർന്ന തസ്തികകൾക്ക് യോഗ്യതയുള്ള പല സ്വദേശികളും റസ്റ്റാറന്റുകളിൽ കാഷ്യർമാരായും സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരായും ജോലി ചെയ്യേണ്ട അവസ്ഥയാണുള്ളത്. ഇത്തരം സ്ഥാപനങ്ങളിൽ സ്വദേശികൾക്ക് തസ്തികകൾ കണ്ടെത്തി മുൻഗണന നൽകാൻ നടപടിയുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തൊഴിലില്ലായ്മ സൃഷ്ടിക്കുന്ന മാനസിക ആഘാതത്തെക്കുറിച്ച് പബ്ലിക് യൂട്ടിലിറ്റീസ് ആന്റ് എൻവയോൺമെന്റ് അഫയേഴ്സ് കമ്മിറ്റി ചെയർമാൻ ഹിഷാം അൽ അവാദി സംസാരിച്ചു. തൊഴിൽ ലഭിക്കാത്തതിനെത്തുടർന്നുള്ള കടുത്ത മാനസിക വിഷമം മൂലം തൻറെ മൂന്ന് പെൺമക്കൾ മാനസികാരോഗ്യ ചികിത്സയിലാണെന്ന് അറിയിച്ച് ഒരു അമ്മ അയച്ച സന്ദേശം അദ്ദേഹം സഭയിൽ പങ്കുവെച്ചു. തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും കുടുംബങ്ങളുടെ സ്ഥിരതയെത്തന്നെ ബാധിക്കുന്ന വലിയ സാമൂഹിക പ്രശ്നങ്ങൾക്ക് വഴിതുറക്കുമെന്ന് എം.പി അബ്ദുൽവാഹിദ് ഖറാത മുന്നറിയിപ്പ് നൽകി.

Tags:    
News Summary - MPs Demand Urgent Action to Tackle Unemployment Among Citizens

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.