ഇറാൻ ആക്രമണം; സ്കൂൾ ബസ്, ടാക്സി ഡ്രൈവർമാർക്കും ധനസഹായം നൽകണം
മനാമ: ഇറാൻ ആക്രമണങ്ങളുടെ ആഘാതത്തിൽ ഉപജീവനമാർഗ്ഗം തടസ്സപ്പെട്ട സ്കൂൾ ബസ് ഓപ്പറേറ്റർമാർ, ടാക്സി ഡ്രൈവർമാർ, സ്വയംതൊഴിൽ ചെയ്യുന്നവർ എന്നിവരെയും ധനസഹായ പദ്ധതികളിൽ ഉൾപ്പെടുത്തണമെന്ന് പാർലമെന്റ് വൈസ് ചെയർമാൻ ജലാൽ അൽ മഹ്ഫൂദ് ആവശ്യപ്പെട്ടു.
തങ്ങളുടെ കുടുംബങ്ങളെ പുലർത്താൻ ദിനംപ്രതിയുള്ള ജോലിയെ മാത്രം ആശ്രയിക്കുന്ന നിരവധിയാളുകൾ വരുമാനമാർഗ്ഗങ്ങൾ അടഞ്ഞതോടെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. വായ്പാ തിരിച്ചടവുകൾ, ബിസിനസ്സ് ചെലവുകൾ, വീട്ടുചെലവുകൾ എന്നിവ നടത്താൻ ഇവർ പ്രയാസപ്പെടുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഓൺലൈൻ പഠന രീതിയിലേക്ക് മാറിയപ്പോൾ സ്കൂൾ ബസ് ഉടമകൾ നേരിട്ട പ്രതിസന്ധികളും, ടൂറിസം-സാമ്പത്തിക മേഖലകളിലെ മന്ദത കാരണം ടാക്സി ഡ്രൈവർമാർക്കും മറ്റ് തൊഴിലാളികൾക്കും നേരിട്ട തിരിച്ചടികളും അദ്ദേഹം എടുത്ത് പറഞ്ഞു. വാഹനങ്ങൾ ദീർഘകാലം നിർത്തിയിടേണ്ടി വന്നതോടെ സാമ്പത്തിക ബാധ്യതകൾ നിലനിൽക്കെത്തന്നെ പതിവ് വരുമാനം പൂർണ്ണമായും നിലയ്ക്കുന്ന അവസ്ഥയാണുണ്ടായത്.
ഇത്തരം ആളുകൾ ഉപജീവനത്തിനായി പൂർണ്ണമായും സ്വന്തം അധ്വാനത്തെയാണ് ആശ്രയിക്കുന്നത്. ജോലി തടസ്സപ്പെടുമ്പോൾ അവരുടെ വരുമാനം നിൽക്കുമെങ്കിലും സാമ്പത്തിക, കുടുംബ ഉത്തരവാദിത്തങ്ങൾ അവസാനിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇവരുടെ കേസുകൾ പ്രത്യേകമായി വിലയിരുത്തി ജീവനോപാധി സംരക്ഷിക്കാനും സാമ്പത്തിക ഭാരം കുറയ്ക്കാനും പ്രായോഗിക പരിഹാരങ്ങൾ കണ്ടെത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തിൽ മന്ത്രിമാരും ഉദ്യോഗസ്ഥരും ടീം ബഹ്റൈനും ചേർന്ന് നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനും ഇറാന്റെ ആക്രമണങ്ങളുടെ ആഘാതം മറികടക്കുന്നതിനും നടത്തുന്ന സമഗ്രമായ ഗവൺമെന്റ് പരിശ്രമങ്ങളെ അൽ മഹ്ഫൂദ് പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.