യൂറോപ്യൻ ചേംബർ ഓഫ് കൊമേഴ്‌സ് ഇൻ ബഹ്‌റൈൻ' ഉദ്ഘാടനത്തിൽനിന്ന്

ബഹ്‌റൈനിൽ യൂറോപ്യൻ ചേംബർ ഓഫ് കൊമേഴ്‌സിന് തുടക്കമായി

മനാമ: ബഹ്‌റൈനും യൂറോപ്യൻ രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക-വ്യാപാര ബന്ധങ്ങളിൽ പുതിയ നാഴികക്കല്ലാകുന്ന 'യൂറോപ്യൻ ചേംബർ ഓഫ് കൊമേഴ്‌സ് ഇൻ ബഹ്‌റൈൻ' ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു. ബഹ്‌റൈനിലെ ജർമ്മൻ അംബാസഡർ ഹെന്നിംഗ് സിമൺ, യൂറോപ്യൻ യൂണിയൻ അംബാസഡർ ക്രിസ്റ്റോഫ് ഫാർനോ എന്നിവർ സംയുക്തമായി സംഘടിപ്പിച്ച സ്വീകരണ ചടങ്ങിലാണ് ചേംബറിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്.

സാറിലെ ജർമ്മൻ അംബാസഡറുടെ വസതിയിൽ നടന്ന ചടങ്ങിൽ ബഹ്‌റൈൻ വ്യവസായ വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ ആദിൽ ഫഖ്‌റൂ, ഗൾഫ് മേഖലയിലെ യൂറോപ്യൻ യൂണിയൻ പ്രത്യേക പ്രതിനിധി ലുയിജി ഡി മായോ എന്നിവർ മുഖ്യാതിഥികളായിരുന്നു. സൈപ്രസ്, ഇറ്റലി, ഫ്രാൻസ് അംബാസഡർമാർ, മുതിർന്ന ഉദ്യോഗസ്ഥർ, വ്യവസായ പ്രമുഖർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

യൂറോപ്യൻ യൂണിയന്റെ പിന്തുണയോടെ രൂപീകരിച്ച ചേംബർ, ബഹ്‌റൈനിൽ പ്രവർത്തിക്കുന്നതും പുതുതായി രംഗത്തുവരാൻ ആഗ്രഹിക്കുന്നതുമായ യൂറോപ്യൻ കമ്പനികൾക്ക് മികച്ച പ്ലാറ്റ്‌ഫോമായിരിക്കും. ഒപ്പം ബഹ്‌റൈൻ സംരംഭകർക്ക് 27 രാജ്യങ്ങൾ അടങ്ങുന്ന ഇ.യു സിംഗിൾ മാർക്കറ്റിലേക്ക് ബിസിനസ് വ്യാപിപ്പിക്കാനും ഇത് വഴിമരുന്നിടും.

പ്രാദേശിക സുസ്ഥിരതയ്ക്കും സാമ്പത്തിക വളർച്ചയ്ക്കും ബഹ്‌റൈനും യൂറോപ്പും തമ്മിലുള്ള പങ്കാളിത്തം ഏറെ മൂല്യമുള്ളതാണെന്ന് ജർമ്മൻ അംബാസഡർ ഹെന്നിംഗ് സിമൺ അഭിപ്രായപ്പെട്ടു. മേഖല നേരിടുന്ന സുരക്ഷാ വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ യൂറോപ്യൻ ചേംബർ ഓഫ് കൊമേഴ്‌സിന്റെ തുടക്കം ഇരുവിഭാഗത്തിന്റെയും സാമ്പത്തിക സുരക്ഷിതത്വത്തിന് മുതൽക്കൂട്ടാകുമെന്ന് ലുയിജി ഡി മായോ വ്യക്തമാക്കി.

Tags:    
News Summary - European Chamber of Commerce Officially Launched in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.