മനാമ: പ്രവാസികൾക്കിടയിൽ പാസ്പോർട്ട് പണയത്തിന് വെച്ച് പണം പലിശക്ക് കൊടുക്കുന്ന സംഘം ബഹ്റൈനിൽ വീണ്ടും സജീവമാകുന്നതായി കണ്ടെത്തൽ. കോഴിക്കോട് വടകര സ്വദേശിയായ യുവാവാണ് ഒടുവിൽ ഈ സംഘത്തിന്റെ കെണിയിൽ അകപ്പെട്ടത്. കാസർകോട് സ്വദേശിയായ ഒരാളിൽനിന്ന് 300 ദീനാറാണ് പാസ്പോർട്ട് പണയത്തിന് നൽകി ഇദ്ദേഹം കടമായി വാങ്ങിയിരുന്നത്. മാസം 30 ദീനാറാണ് പലിശ.
സലൂണിൽ ജോലിക്കാരനായ പണം വാങ്ങിയ വ്യക്തി കിട്ടുന്ന തുശ്ചമായ ശമ്പളത്തിൽനിന്ന് മിച്ചം വെച്ചും അല്ലാതെയും കഴിഞ്ഞ എട്ടുമാസം പലിശ മുടങ്ങാതെ അടച്ചിരുന്നു. എന്നാൽ ഇപ്പോൾ പണം കൊടുക്കാൻ കുറച്ച് പ്രയാസം വന്നതോടെ മുടങ്ങുകയും അവധി ചോദിച്ചിട്ടുപോലും അനുവദിക്കാതെ ഇടനിലക്കാർ വഴി ഭീഷണിപ്പെടുത്തിയെന്നാണ് ഇദ്ദേഹം പറയുന്നത്. നിലവിൽ ഇരക്കെതിരെ 8000 ദീനാർ നൽകാനുണ്ടെന്ന് പറഞ്ഞ് കേസ് കൊടുത്തിരിക്കയാണ് പലിശക്കാരൻ.
പണം കടം കൊടുത്ത സമയത്ത് ഒരു വെള്ളപ്പേപ്പറിൽ ഒപ്പുവാങ്ങിയിരുന്നെന്നും ഇര പറയുന്നു. അതുവഴിയാണ് കേസ് ഈ രീതിയിലേക്ക് മാറ്റിയതെന്നാണ് സംശയം. പണം കടം കൊടുക്കുന്നതിനിടയിൽ ഇരയുടെ ദൗർബല്യത്തെയും പ്രതിസന്ധിയെയും മറയാക്കി ഇരയുടെ പേരിൽ കാസർകോടുകാരനായ ഈ പലിശക്കാരൻ പണം വെളുപ്പിക്കാനും ശ്രമിച്ചതായാണ് ഒടുവിൽ ലഭിച്ച വിവരം. ഇരയുടെ ബെനഫിറ്റിലേക്ക് പണമയച്ച് നാട്ടിലേക്ക് ബാങ്ക് വഴി അല്ലാതെ പണമയക്കാൻ നിർബന്ധിച്ചെന്നും പറയുന്നു.
വടകര സ്വദേശിയായ ഇരക്കുപുറമെ മറ്റ് അഞ്ചോളം മലയാളികളുടേതടക്കം നിരവധി പേരുടെ പാസ്പോർട്ട് ഈ പലിശക്കാരന്റെ കൈവശമുണ്ടെന്നാണ് പറയപ്പെടുന്നത്. വിവിധ സാമ്പത്തിക പ്രതിസന്ധിയിലകപ്പെടുമ്പോഴാണ് ഇത്തരം പ്രവൃത്തിക്ക് പ്രവാസികൾ മുതിരുന്നത്. എന്നാൽ ഇത് വലിയൊരു കെണിയാണെന്നാണ് പ്രവാസി ലീഗൽ സെൽ അംഗം സുധീർ തിരുനിലത്ത് പറയുന്നത്.
വാങ്ങിയ പണത്തേക്കാളേറെ പലിശയിനത്തിൽ കൊടുത്താലും മുതൽ കൊടുക്കാതെ പാസ്പോർട്ട് പലിശക്കാർ തിരികെ നൽകില്ല. അതുകൊണ്ടുതന്നെ വർഷങ്ങളോളം പലിശ മാത്രമായി അനേകം തുക ഇവർ തട്ടിയെടുക്കുന്നുണ്ട്. നേരത്തെ സമാനമായ കേസ് ‘ഗൾഫ്മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. അന്ന് ബഹ്റൈനിലെ പലിശവിരുദ്ധസമിതി ഇടപെട്ട് പാസ്പോർട്ട് തിരികെ വാങ്ങിക്കൊടുക്കുകയും ചെയ്തിരുന്നു. ഇത്തരം കേസുകൾക്കെതിരെ ശക്തമായ നിയമപോരാട്ടം നടത്തുമെന്നും പലിശക്കാരെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്നും പ്രവാസി ലീഗൽ സെൽ പ്രതിനിധി അറിയിച്ചു. ഇത്തരം പലിശക്കാർക്ക് പാസ്പോർട്ട് പണയത്തിന് നൽകരുതെന്ന് ഇന്ത്യൻ എംബസിയിൽനിന്നും ബഹ്റൈൻ ഗവൺമെന്റിൽനിന്നും നേരത്തേ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.