റാണി
വയസ്സ് 29. തിരുവനന്തപുരം ജില്ലയിലെ വട്ടയൂർക്കാവിലെ സുറുമി ടെക്സ്റ്റൈൽസിലെ ജീവനക്കാരി. ഇരുനിലകളിലായി വ്യാപിച്ചുകിടക്കുന്ന ഒരു വല്യ കടയാണ്. അതിന്റെ മുകളിലെ നിലയിലെ കുട്ടികളുടെ സെക്ഷനിലെ സെയിൽസ് ഗേൾ ആയിരുന്നു റാണി. രണ്ട് മക്കളുടെ അമ്മ. ഒന്നാം ക്ലാസിൽ പഠിക്കുന്ന ഒരു മോൻ. മൂന്നുവയസ്സുള്ള ഒരു മോൾ. ഭർത്താവ് രാഹുൽ ഒരു ഓട്ടോ ഡ്രൈവർ. പുലർച്ച നാലുമണിക്ക് റാണിയുടെ ദിവസം തുടങ്ങും. വീട് ഉണരുന്നതിന് മുമ്പേ അവൾ എഴുന്നേക്കും.
വീട്ടുപണികൾ എല്ലാം ഒതുക്കും. മോന്റെ സ്കൂൾ ബാഗിൽ ഉച്ചക്കുള്ള ഭക്ഷണം വെച്ചുകൊടുക്കും. മോളെ കുളിപ്പിച്ച് ഭർത്താവിന്റെ അമ്മയെ ഏൽപ്പിച്ച് ധിറുതിപിടിച്ച് ജോലിക്കിറങ്ങും. രാവിലെ എട്ട് മണിക്ക് കട തുറക്കും. പക്ഷേ, റാണിക്ക് ഒമ്പത് മണിക്ക് എത്തിയാൽ മതി. റാണിക്ക് മാത്രമല്ല ആ കടയിലെ എല്ലാ ലേഡീസ് സ്റ്റാഫിനും അതേ സമയമാണ്.
വട്ടയൂർക്കാവിലേക്ക് റാണിയുടെ വീട്ടിൽനിന്ന് പതിനേഴു കിലോമീറ്റർ ദൂരം. രാവിലെ സമയത്ത് കടയിലെത്താൻ ഓടുന്ന റാണിയെ കണ്ടാൽ ആൾക്കാർക്ക് ചിരിവരും. എങ്കിലും, സ്ഥിരം ബസിൽ കയറി സമയത്ത് എത്താൻ അവൾ എപ്പോഴും ശ്രമിച്ചിരുന്നു.
കടയിലെ പഴയ മാനേജർ സതീഷ് ചേട്ടൻ ഗൾഫിലേക്ക് പോയതോടെയാണ് മാറ്റങ്ങൾ തുടങ്ങിയത്. ഒരാഴ്ച കഴിഞ്ഞപ്പോൾ പുതിയ മാനേജർ വന്നു. ഷാനവാസ് കോട്ടയംകാരൻ. വെളുത്ത് സുന്ദരനായ, ക്ലീൻ ഷേവ് ചെയ്ത മുഖം, കണ്ണാടി, നല്ല വസ്ത്രധാരണം. പക്ഷേ, കടയിൽ കയറിയ നിമിഷം മുതൽ അയാൾ സംസാരിച്ചത് മുതലാളിയുടെ ഭാവത്തിലായിരുന്നു. സത്യത്തിൽ, കടയുടെ ഉടമയായ സുധീർ ഇക്കയും കുടുംബവും കുവൈത്തിലായിരുന്നു. കടയുടെ കാര്യങ്ങൾ നോക്കിയിരുന്നത് അദ്ദേഹത്തിന്റെ പെങ്ങളുടെ മകൻ അൽത്താഫ്. മാനേജർ വന്നതോടെ അൽത്താഫ് മറ്റ് കാര്യങ്ങളിൽ ഇടപെടാതെ മാറിനിന്നു. ഒരു ദിവസം റാണിക്ക് സ്ഥിരം ബസ് കിട്ടാതെ പോയി. അതിനാൽ കടയിലെത്താൻ വൈകി.
പത്ത് മണിയോട് അടുക്കെയാണ് കടയിൽ വന്നത്. ഓടി വരുമ്പോൾതന്നെ കടയുടെ മുന്നിൽ ഷാനവാസ് സാർ നിൽക്കുന്നു. രൂക്ഷമായ നോട്ടത്തോടെ അലറിക്കൊണ്ട് അയാൾ ചോദിച്ചു
എന്താടീ താമസിച്ചത്?
ആ ചോദ്യത്തിലല്ല റാണിയുടെ ശ്രദ്ധ പതിഞ്ഞത്. എടീ എന്ന വാക്കിലാണ്. അവൾ സ്തംഭിച്ചു. മുമ്പേ തന്നെ കൂടെ ജോലി ചെയ്യുന്ന സജനി പറഞ്ഞിരുന്നു പുതിയ മാനേജർ നമ്മളെ എല്ലാം എടീ, പൊടീ എന്നാണ് വിളിക്കുന്നത്. മുമ്പ് ഉണ്ടായിരുന്ന സതീഷ് ചേട്ടൻ ഒരിക്കലും അങ്ങനെ വിളിച്ചിട്ടില്ല. പക്ഷേ, ഈ മാനേജർ വന്ന ദിവസം തന്നെ പറഞ്ഞു എന്നെ സാറേ എന്ന് വിളിച്ചാൽ മതി. ഇക്ക വേണ്ട എന്ന് പറഞ്ഞിരുന്നു. അത് അനുസരിച്ച് എല്ലാവരും അയാളെ സാർ എന്നാണ് വിളിച്ചത്.
പക്ഷേ, കടയിലെ ചെറിയ കാര്യങ്ങൾക്കുപോലും എടീ റാണി എന്ന വിളി പതിവായി. എന്റെ അച്ഛൻ പറയുമായിരുന്നു. ഒരു പെണ്ണിനെ എടീ, പോടീ എന്ന് വിളിക്കാൻ അവകാശം അവളുടെ അമ്മക്കും അവളുടെ കൂട്ടുകാരിക്കും മാത്രമേയുള്ളൂ. ഭർത്താവിനും പോലും ആ വിളിയിൽ അവകാശമില്ലെന്ന്.
ഇനി വിളിച്ചാൽ അയാളുടെ മുഖത്ത് നോക്കി ഞാൻ പറയും. ഇത് ഒരു തീരുമാനമായിരുന്നു. മറ്റൊരു ഒരവസരത്തിൽ അയാൾ മറ്റ് സ്റ്റാഫിന്റെയും കസ്റ്റമേഴ്സിന്റെയും മുന്നിൽ വെച്ച് വീണ്ടും അലറി...
എടീ റാണി!
റാണി ഒന്നും നോക്കിയില്ല. എന്തിനാണ് നിങ്ങൾ എല്ലാവരെയും എടീ, പൊടീ എന്ന് വിളിക്കുന്നത്? അവൾ ഉറച്ച ശബ്ദത്തിൽ ചോദിച്ചു. ഒന്നും മിണ്ടാതെ ഷാനവാസ് സാർ അകത്തേക്ക് കയറിപ്പോയി. അന്ന് മുതൽ അയാളുടെ ഉള്ളിൽ വൈരാഗ്യം വളർന്നു. റാണിയുടെ ജോലിയിലെ ചെറിയ പിഴവുകൾപോലും അയാൾ കണ്ടുപിടിക്കാൻ തുടങ്ങി. മറ്റുള്ളവർക്കു പറഞ്ഞ് തീർക്കാവുന്ന കാര്യങ്ങൾ സ്റ്റാഫിന്റെയും കസ്റ്റമേഴ്സിന്റെയും മുന്നിൽവെച്ച് പരിഹാസത്തോടെ വഴക്ക് പറയുമായിരുന്നു.
ചെറിയ കാര്യങ്ങൾക്കുപോലും വഴക്കായി. ഒരിക്കൽ അവൾക്ക് തന്നെ തോന്നി ജോലി ഉപേക്ഷിച്ച് പോയാലോ എന്ന്. പക്ഷേ, വീട്ടിലെ കാര്യങ്ങൾ ഓർത്തപ്പോൾ അവൾതന്നെ അവളുടെ മനസ്സിനെ ശാന്തമാക്കി.
സുധീർ ഇക്കയോട് പറഞ്ഞാലോ? അല്ലെങ്കിൽ അൽത്താഫിനോട്? എല്ലാം ചിന്തിച്ചു. പക്ഷേ, അത് ശരിയാവില്ല. കഴിഞ്ഞ എട്ട് വർഷമായി ഞാൻ ഈ കടയിൽതന്നെ ആണ്. ഇതുവരെ അവരെ ആയിട്ടും ഒരു കാര്യത്തിനും ഞാൻ അവരെ ബുദ്ധിമുട്ടിച്ചിട്ടില്ല. എന്ന് അവൾ തന്നെ മനസ്സിൽ കരുതി. ഈ വിഷമം റാണി വീട്ടിൽ ഒരിക്കലും കാണിച്ചില്ല. രണ്ട് ആഴ്ചകൾ കഴിഞ്ഞു. ഒരു ദിവസം വീണ്ടും കസ്റ്റമേഴ്സിന്റെ മുന്നിൽവെച്ച് വീണ്ടും ഷാനവാസ് സാർ
എടീ… പൊടീ എന്ന് വിളിച്ചു തുടങ്ങി. കസ്റ്റമേഴ്സ് പോയതിനുശേഷം റാണി അത് ചോദ്യം ചെയ്തു. വാക്കേറ്റമായി. ശബ്ദം ഉയർന്നു. വഴക്കായി. ആ നിമിഷം റാണിയുടെ ഉള്ളിലെ എല്ലാ സഹനവും ഒറ്റയടിക്ക് പൊട്ടിത്തെറിച്ചു. കണ്ണുനീർ ഒഴുകി. അവളുടെ ശരീരം വിറച്ചു. ഒരു നിമിഷം അവളുടെ മനസ്സിന്റെ ബലം നഷ്ടപ്പെട്ടപ്പോൾ അവൾ അയാളുടെ കരണക്കുറ്റി നോക്കി ഒരു അടി കൊടുത്തു. ഒരു അലർച്ചയോടുകൂടി അവൾ അലറിപ്പറഞ്ഞു. ഇനി മേലാൽ, നിനക്ക് അർഹതയില്ലാത്ത ഒരു സ്ത്രീയെ പോലും നീ എടീ, പോടീ എന്ന് വിളിക്കരുത്!
ഒന്നും കാത്തുനിൽക്കാതെ സ്റ്റാഫ് റൂമിൽ പോയി അവളുടെ ബാഗ് എടുത്ത് കൊണ്ട് അവൾ നടന്നുനീങ്ങി. ഒരു അന്യപുരുഷനിൽനിന്ന് എടീ.. പോടീ എന്ന് വിളി കേൾക്കുന്നത് ആത്മഭിമാനമുള്ള ഏതു ഒരു പെണ്ണിനും സഹിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.