ലോകം മുഴുവൻ വായന കുറയുന്നുവെന്ന് പരാതി പറയുന്ന കാലഘട്ടത്തിൽ പ്രവാസലോകത്തിലെ മഹാത്ഭുതമായി കാൽനൂറ്റാണ്ട് പൂർത്തിയാക്കി ജൈത്രയാത്ര തുടരുന്ന ‘ഗൾഫ് മാധ്യമം’ ദിനപത്രം മലയാളികളായ പ്രവാസികൾക്ക് തങ്ങളുടെ ദൈനംദിന ജീവിതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത സ്ഥാനത്തേക്കാണ് കയറിപ്പറ്റിയിട്ടുള്ളത്. നാട്ടിലെ പ്രാദേശിക വാർത്തകൾ മുതൽ പ്രവാസലോകത്തെ വാർത്തകളും തൊഴിൽസംബന്ധമായ വാർത്തകൾ, തൊഴിൽ ഒഴിവുകൾ, രാജ്യത്തെ നിയമങ്ങൾ, കാലാകാലങ്ങളിൽ ഉണ്ടാകുന്ന തൊഴിൽനിയമങ്ങളിലെ മാറ്റങ്ങൾ എന്നുവേണ്ട ഒരു പ്രവാസി അറിഞ്ഞിരിക്കേണ്ട എല്ലാക്കാര്യങ്ങളും അവന്റെ മുന്നിൽ എത്തിക്കാൻ ‘ഗൾഫ് മാധ്യമ’ത്തിന് കഴിയുന്നുണ്ട്. നവമാധ്യമങ്ങൾ വാർത്തയുടെ ഉറവിടമായി മാറുന്ന ഇക്കാലത്ത്, സത്യസന്ധമായ വാർത്ത അറിയാൻ അച്ചടിച്ച മാധ്യമത്തെ മാത്രമേ നമുക്ക് പൂർണ വിശ്വാസത്തോടെ സമീപിക്കാൻ സാധിക്കൂ.
സത്യസന്ധമായ മാധ്യമപ്രവർത്തനം അസാധ്യമായ കാലഘട്ടത്തിലൂടെയാണ് നമ്മുടെ നാടും ലോകവും കഴിഞ്ഞുപോകുന്നത്. സ്വാധീനവും പണവും സത്യത്തെ പൂർണമായും വിഴുങ്ങിക്കളയുന്ന കാലത്ത് ‘ഗൾഫ് മാധ്യമം’ ദിനപത്രം പോലെ വിരലിലെണ്ണാൻ പറ്റുന്ന സ്ഥാപനങ്ങളെ മാത്രമേ വിശ്വാസ്യതയോടെ നമുക്ക് സമീപിക്കാൻ സാധിക്കൂ.
രണ്ടുഭാഷ, രണ്ടുനിയമങ്ങൾ, രണ്ടുസംസ്കാരം തുടങ്ങി വ്യത്യസ്തമായ അനേകം വ്യത്യാസങ്ങൾ ഉള്ളപ്പോഴും മലയാളിയുടെ വായന എന്ന പ്രഭാതകൃത്യത്തിന് കോട്ടം തട്ടാതെ, എല്ലാ ദിവസവും രാവിലെ തന്റെ വീടിന് മുന്നിൽ എത്തിക്കുകയും മണലാരണ്യത്തിൽ വായനയുടെ വസന്തം തീർക്കുകയും ചെയ്യുന്ന മാധ്യമം ദിനപത്രം വളർച്ചയുടെ പടികൾ കടന്ന് മുന്നോട്ട് പോകുമ്പോൾ എല്ലാ മലയാളികൾക്കും അഭിമാനത്തിന്റെ നിമിഷങ്ങളാണ് ‘ഗൾഫ് മാധ്യമം’ ദിനപത്രം പ്രദാനം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.