മനാമ: മേഖലയിലെ സംഘർഷാവസ്ഥയെത്തുടർന്ന് താമസം മാറേണ്ടി വരുന്ന ബഹ്‌റൈനിലെ വാടകക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായി കണ്ടെത്തൽ. സുരക്ഷ കാരണങ്ങളാൽ പെട്ടെന്ന് വീടൊഴിയേണ്ടി വരുന്ന കുടുംബങ്ങൾ, നിലവിലെ വാടക കരാറുകൾ പ്രകാരമുള്ള ബാധ്യതകൾ എങ്ങനെ തീർക്കും എന്ന ആശങ്കയിലാണ്.
സുരക്ഷ മുൻനിർത്തി പെട്ടെന്ന് താമസം മാറുന്നവർക്ക് പഴയ വീടിന്റെ വാടകയും പുതിയ താമസസ്ഥലത്തെ ചിലവുകളും ഒരേസമയം വഹിക്കേണ്ടി വരുന്നത് വലിയ സാമ്പത്തിക ഭാരമാകുന്നു. വീടൊഴിഞ്ഞാലും കരാർ കാലാവധി തീരുന്നത് വരെ വാടക നൽകാൻ വാടകക്കാർ ബാധ്യസ്ഥരാണെന്ന് ബഹ്‌റൈൻ നിയമം അനുശാസിക്കുന്നു. എന്നാൽ അസാധാരണ സാഹചര്യങ്ങളിൽ നിയമത്തിൽ ചില ഇളവുകൾക്ക് സാധ്യതയുണ്ടെന്ന് പ്രമുഖ അഭിഭാഷക അഫാഫ് തരാദ ചൂണ്ടിക്കാട്ടി.
ഉടമയും വാടകക്കാരും തമ്മിലുള്ള ഉഭയകക്ഷി ധാരണ, കരാറിലെ പ്രത്യേക നിബന്ധനകൾ പരിശോധിക്കൽ, കോടതിയെ സമീപിക്കൽ തുടങ്ങി നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ മൂന്ന് വഴികളാണ് പ്രധാനമായും ഉള്ളത്. കേസ് കോടതിയിലെത്തിയാൽ, നിലവിലെ സാഹചര്യം 'ഫോഴ്സ് മജൂർ' പരിധിയിൽ വരുമോ എന്ന് ജഡ്ജിമാർ പരിശോധിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ വാടക കുറയ്ക്കാനോ കരാർ റദ്ദാക്കാനോ കോടതി ഉത്തരവിട്ടേക്കാം.
വാടക വരുമാനത്തെ ആശ്രയിച്ചു കഴിയുന്ന കെട്ടിട ഉടമകളും ഇതോടൊപ്പം പ്രതിസന്ധിയിലായിട്ടുണ്ട്. ഈ അനിശ്ചിതത്വത്തിനിടയിൽ മാനുഷിക പരിഗണനയും നീതിയുക്തമായ സമീപനവുമാണ് പരിഹാരമെന്ന് നിയമവിദഗ്ധർ അഭിപ്രായപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.