കഴിഞ്ഞ ദിവസം ശൂറ കൗൺസിൽ ചേർന്ന പ്രതിവാര യോഗത്തിൽനിന്ന്
മനാമ: പ്രവാസികൾ നാട്ടിലേക്കയക്കുന്ന പണത്തിന് രണ്ടു ശതമാനം നികുതി ചുമത്താനുള്ള നിർദേശം രണ്ടാമതും തള്ളി ശൂറ കൗൺസിൽ. ഞായറാഴ്ച ചേർന്ന പ്രതിവാര മന്ത്രിസഭ യോഗത്തിലാണ് നിർദേശം നിരസിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ, അനധികൃത പണമിടപാടുകൾ, അനൗദ്യോഗിക സംവിധാനങ്ങളിലൂടെ പണമയക്കൽ തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് ശൂറ കൗൺസിൽ നിർദേശം തള്ളിയത്. നിയമം ഗുണത്തേക്കാളേറെ ദോഷമാണുണ്ടാക്കുകയെന്ന് ഫിനാൻഷ്യൽ ആൻഡ് ഇക്കണോമിക് അഫയേഴ്സ് കമ്മിറ്റി ചെയർമാൻ ഖാലിദ് അൽ മസ്കതി യോഗത്തിൽ പറഞ്ഞു.
പാർലമെന്റ് നിയമം അംഗീകരിക്കുമ്പോൾ എം.പിമാർ നിരവധി ഘടകങ്ങൾ അവഗണിച്ചതായും അദ്ദേഹം പറഞ്ഞു. നേരത്തേ ഒരു വർഷം മുമ്പും സമാന നിർദേശം പാർലമെന്റ് അംഗങ്ങൾ ഐകകേണ്ഠ്യന അംഗീകരിക്കുകയും ശൂറ കൗൺസിൽ നിരസിക്കുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് വിഷയം വീണ്ടും ചർച്ചക്ക് വെച്ചതും കഴിഞ്ഞ മാസം പാർലമെന്റ് വീണ്ടും വോട്ടിനിട്ടതും. രണ്ടാം തവണയും പാർലമെന്റ് വിഷയം അംഗീകരിക്കുകയായിരുന്നു. ശേഷം ശൂറ സാമ്പത്തിക സമിതി നിർദേശം തള്ളിയിരുന്നു. പിന്നാലെയാണ് ശൂറ കൗൺസിൽ നിരസിച്ചത്. ഇനി വിഷയം ദേശീയ അസംബ്ലിയുടെ സംയുക്തസമ്മേളനത്തിൽ വോട്ടിനിടും.
പണ കൈമാറ്റ സ്വാതന്ത്ര്യത്തെക്കുറിച്ച് ലോകമെമ്പാടുമുള്ള രാജ്യങ്ങളുമായി ബഹ്റൈൻ നിരവധി അന്താരാഷ്ട്ര കരാറുകളിലും ഉടമ്പടികളിലും ഒപ്പുവെച്ചിട്ടുണ്ട്. അതു ലംഘിക്കാനാവില്ലെന്നും നിക്ഷേപങ്ങളെയടക്കം നിയമം ബാധിക്കുമെന്നും മസ്കതി വ്യക്തമാക്കി. നികുതി നടപ്പാക്കിയാൽ രാജ്യം എണ്ണയെ ആശ്രയിക്കുന്നതിനെ കുറക്കാനാകും, ദശലക്ഷക്കണക്കിന് ദീനാറാണ് ഓരോരാജ്യത്തേക്കും അയക്കപ്പെടുന്നതെന്നും ടാക്സ് വരുന്നതിലൂടെ അതിന് കുറവുണ്ടാകുമെന്നും തൽഫലമായി ദീനാർ ഇവിടെതന്നെ ചെലവഴിക്കാൻ കാരണമാകുമെന്നുമായിരുന്നു എം.പിമാരുടെ ഭാഷ്യം. രാജ്യത്തുള്ള 72 ശതമാനം പ്രവാസികളും 200 ദീനാറിൽ താഴെയാണ് പ്രതിമാസം വരുമാനം നേടുന്നത്.
പദ്ധതി നടപ്പായാൽ അവർ നിയമവിരുദ്ധ ബദൽ മാർഗം തേടുമെന്നും ഇതു കള്ളപ്പണം വെളുപ്പിക്കുന്നതിലേക്ക് നയിക്കുമെന്നും കൂടാതെ, മണി ട്രാൻസ്ഫർ ഏജൻസികളെ ദോഷകരമായി ബാധിക്കുമെന്നും മസ്കതി പറഞ്ഞു. രണ്ടു ശതമാനം നികുതിയിൽനിന്ന് ലഭിക്കുന്ന വരുമാനം രാജ്യത്തിന് വലിയ ഗുണം നൽകില്ലെന്നും ഇതു നടപ്പാക്കിയാൽ മറ്റ് അനുബന്ധ വഴികളിൽനിന്നുള്ള വരുമാനത്തിന് ഗുരുതരമായ നാശനഷ്ടമുണ്ടാകുമെന്നും കമ്മിറ്റി റിപ്പോർട്ടർ സാദിഖ് അൽ റഹ്മ വ്യക്തമാക്കി.
പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് നിയമനിർമാണങ്ങൾ കൊണ്ടുവരുന്നതെന്നും വിദേശ പണമയക്കൽ നിലവിൽ ഒരു പ്രശ്നമല്ലെന്നും അംഗം അലി അൽ അറാദി എം.പിമാരോട് പറഞ്ഞു.നിയമനിർമാണത്തിന് അംഗീകാരം നൽകുന്നത് ബഹ്റൈൻ തട്ടിപ്പുകാരുടെ അഭയസ്ഥാനമായി മാറുമെന്നാണ് അബ്ദുല്ല അൽ നുഐമിയുടെ അഭിപ്രായം.
നിർദേശം പണം കൈമാറാനുള്ള സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാന തത്ത്വങ്ങൾക്ക് വിരുദ്ധമാണെന്ന് നാഷനൽ ബ്യൂറോ ഫോർ റവന്യൂ പ്രതിനിധാനംചെയ്യുന്ന ധന, ദേശീയ സാമ്പത്തിക മന്ത്രാലയ ഉദ്യോഗസ്ഥർ നേരത്തേ വ്യക്തമാക്കിയിരുന്നു. ഇത്തരം നികുതികൾ ബഹ്റൈനിലെ കമ്പനികളിലും ബാങ്കുകളിലുമുള്ള പ്രവാസികളെ വളരെയധികം ബാധിക്കുമെന്നും അത് അവരെ മറ്റു രാജ്യങ്ങളിലേക്ക് മാറുന്നതിലേക്ക് നയിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.