മനാമ: 93 ദിവസവും 15 മണിക്കൂറും നീണ്ട വേനൽക്കാലത്തിന് ശേഷം ബഹ്റൈൻ തണുക്കാനൊരുങ്ങുന്നു. ഏറ്റവും ദൈർഘ്യമേറിയതും ചൂടേറിയതുമായ വേനലിനോട് രാജ്യം വിടപറയുമെന്ന് ജ്യോതിശാസ്ത്രജ്ഞൻ അലി അൽ ഹജ്രി അറിയിച്ചു. ജ്യോതിശാസ്ത്രപരമായി, സെപ്റ്റംബർ 22ന് രാത്രി 9.19ന് ശരത്കാലം ആരംഭിക്കും. ഇത് 89 ദിവസവും 20 മണിക്കൂറും നീളും. പകൽ താപനില 38 ഡിഗ്രി സെൽഷ്യസിൽ നിന്ന് 35 ഡിഗ്രി സെൽഷ്യസിലേക്കും രാത്രി താപനില 30 ഡിഗ്രി സെൽഷ്യസിൽനിന്ന് 27 ഡിഗ്രി സെൽഷ്യസിലേക്കും കുറയും. എന്നാൽ ഈർപ്പം ഉയർന്ന നിലയിൽ തുടരും. ഒക്ടോബർ അവസാനത്തോടെ രാത്രിയിൽ തണുപ്പ് അനുഭവപ്പെടാൻ തുടങ്ങും. നവംബർ അവസാനത്തോടെ പകൽ താപനിലയും കുറയും.
വേനലിൽനിന്ന് ശൈത്യത്തിലേക്കുള്ള മാറ്റം ക്രമേണയായിരിക്കും. അതുകൊണ്ടുതന്നെ പെട്ടെന്നൊരു മാറ്റം അനുഭവപ്പെടില്ല. എന്നിരുന്നാലും, കുട്ടികളിലും പ്രായമായവരിലും സീസണൽ രോഗങ്ങൾ വ്യാപിക്കാൻ സാധ്യതയുണ്ട്. രാജ്യത്ത് ദേശാടനപ്പക്ഷികളുടെ വരവ് കൂടും, വ്യത്യസ്തമായ നടീൽ, വിളവെടുപ്പ് സീസണിന്റെ ആരംഭം, ചിലതരം മത്സ്യങ്ങളുടെ പുനരുൽപാദനം എന്നിവും പ്രകടമാകുമെന്ന് അൽ ഹജ്രി പറഞ്ഞു.ശരത്കാലത്തിന് ഒരു ദിവസം മുമ്പ് (സെപ്റ്റംബർ 21)ദക്ഷിണാർധഗോളത്തിലെ പ്രദേശങ്ങൾ ഭാഗിക സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിക്കുമെന്ന് അൽ ഹജ്രി കൂട്ടിച്ചേർത്തു. ഈ വർഷത്തെ അവസാന സൂര്യഗ്രഹണമായ ഇത് നാല് മണിക്കൂറും 24 മിനിറ്റും നീളും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.