മനാമ: ഇറാൻ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ കലുശിതമായിരുന്ന ബഹ്റൈന്‍റെ ആകാശം നാലാം ദിനം ആശ്വസമേകി. കഴിഞ്ഞ ശനിയാഴ്ച ആരംഭിച്ച ആക്രമണം കഴിഞ്ഞ മൂന്ന് ദിവസവും രാജ്യത്ത് ഭീതി പടർത്തിയിരുന്നു. എന്നാൽ നാലാം ദിനമായ ഇന്നലെ അനിഷ്ട സംഭവങ്ങളൊന്നും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇന്നലെ പല തവണകളിലായി സൈറണുകൾ മുഴങ്ങുകയും സ്ഫോടന ശബ്ദങ്ങൾ കേൾക്കുകയും ചെയ്തിരുന്നു. അതെല്ലാം ആകാശത്ത് വെച്ച് തന്നെ ബഹ്റൈൻ പ്രതിരോധ സേന ആക്രമണങ്ങൾ തടയുന്നതിന്‍റെ പ്രതിഫലനങ്ങൾ മാത്രമായിരുന്നു. ഈ ദിവസങ്ങളിലായി ബഹ്‌റൈൻ ലക്ഷ്യമിട്ട് വന്ന 73 മിസൈലുകളും 91 ഡ്രോണുകളും വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് ആകാശത്തുവെച്ച് തന്നെ തകർത്തിട്ടുണ്ട്.
ബഹ്റൈനിലെ യു.എസ് അഞ്ചാം പടക്കപ്പലിന്‍റെ സർവീസ് സെന്‍റർ, മിന സൽമാൻ പോർട്ട്, സീഫ്, ഹൂറ, മുഹറഖ് എന്നിവിടങ്ങളിലെ ചില താമസ കെട്ടിടങ്ങൾ എന്നിവിടങ്ങളിലാണ് ആക്രമണം മൂലം സാരമായ പരിക്കുകൾ റിപ്പോർട്ട് ചെയ്തത്. തടയപ്പെട്ട ഡ്രോണിന്‍റെ അവശിഷ്ടം വീണ് മിന സൽമാൻ തുറമുഖത്തെ കപ്പലിന് തീപ്പിടിച്ചതിനെ തുടർന്ന് ഒരു പ്രവാസിയുടെ മരണം സംഭവിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുയും ചെയ്തതൊഴിച്ച് രാജ്യത്ത് മറ്റ് ആളപായമോ ഗുരുതര പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. രാജ്യത്തെ സുരക്ഷ സേനയുടെയും, സംവിധാനങ്ങളുടെയും കൃത്യവും സമഗ്രവുമായ ഇടപെടലാണ് അപകട തോത് കുറച്ചത്.
ആക്രമണത്തിന്‍റെ പ്രകമ്പനം മാത്രം നിറഞ്ഞു നിന്ന ആകാശത്ത് ഇന്നലെ കാറ്റും കുളിരുമേകി ആശ്വാസത്തിന്‍റെ മഴയും വിരുന്നെത്തിയിരുന്നു. മേഖലയെ ബാധിച്ച ന്യൂനമർദ്ദത്തിന്റെയും തണുത്ത കാറ്റിന്റെയും സ്വാധീനഫലമായാണ് കാലാവസ്ഥയിൽ പെട്ടെന്നുള്ള ഈ മാറ്റം.
ബുധനാഴ്ചയും ഇടിയോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തുറസ്സായ സ്ഥലങ്ങളിലും കടലിലും പോകുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.