ഇറാൻ നടത്തിയ ആക്രമണങ്ങളെ അനുകൂലിച്ച് വ്യാജചിത്രങ്ങൾ പ്രചരിപ്പിച്ചു; എട്ടുപേരെ അറസ്റ്റ് ചെയ്ത് ബഹ്‌റൈൻ പൊലീസ്

മനാമ: രാജ്യത്തിനുനേരെ ഇറാൻ നടത്തിയ ആക്രമണങ്ങളെ അനുകൂലിച്ച് സമൂഹ മാധ്യമങ്ങളിൽ പ്രചാരണം നടത്തിയ എട്ടുപേരെ ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. രാജ്യത്തിന്‍റെ മൂല്യങ്ങൾക്കും തത്വങ്ങൾക്കും വിരുദ്ധമായ രീതിയിൽ ഉള്ളടക്കങ്ങൾ പോസ്റ്റ് ചെയ്തത് വഴി ഇവർ രാജ്യദ്രോഹമാണ് ചെയ്തതെന്ന് മന്ത്രാലയം വ്യക്തമാക്കി. പിടിയിലായവർക്കെതിരെ നിയമനടപടികൾ ആരംഭിക്കുകയും കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തിട്ടുണ്ട്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) ഉപയോഗിച്ച് നിർമിച്ച വ്യാജ ചിത്രങ്ങൾ ഇവർ വ്യാപകമായി പ്രചരിപ്പിച്ചെന്നും അത് രാജ്യത്തെ വീടുകൾ തകർന്ന നിലയിലുള്ള ഇത്തരം ചിത്രങ്ങൾ ജനങ്ങൾക്കിടയിൽ ഭീതി പടർത്താൻ കാരണമായെന്നും സൈബർ ക്രൈം ഡയറക്ടറേറ്റ് അറിയിച്ചു. വിദേശ ആക്രമണത്തെ അനുകൂലിച്ചും ആഘോഷിച്ചും വീഡിയോകളും സന്ദേശങ്ങളും പങ്കുവെച്ചത് സുരക്ഷാനിയമങ്ങളുടെ ഗുരുതരമായ ലംഘനമായാണ് അധികൃതർ കണക്കാക്കുന്നത്.

സോഷ്യൽ മീഡിയ വഴി ലഭിക്കുന്ന സ്ഥിരീകരിക്കാത്ത വിവരങ്ങൾ പങ്കുവെക്കരുതെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു. ഔദ്യോഗിക സ്രോതസ്സുകളിൽനിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർ കർശന നിയമനടപടി നേരിടേണ്ടി വരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. അടിയന്തര സാഹചര്യങ്ങളിൽ രാജ്യത്തെ നിയമങ്ങൾ പാലിക്കാനും ഔദ്യോഗിക അറിയിപ്പുകൾക്കായി ആഭ്യന്തര മന്ത്രാലയത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പിന്തുടരാനും അധികൃതർ നിർദേശിച്ചു.

Tags:    
News Summary - Bahrain police arrest eight people for spreading fake images supporting Iran's attacks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-03 07:32 GMT