പ്രതീകാത്മക ചിത്രം

എ.ഐ ഉപയോഗിച്ച് വ്യാജ ബോംബാക്രമണ ചിത്രം നിർമിച്ചു: ബഹ്‌റൈനിൽ യുവാവ് പിടിയിൽ

മനാമ: ബഹ്‌റൈനിലെ ഒരു ജനവാസ മേഖലയിൽ ബോംബാക്രമണം നടന്നതായി കാണിക്കുന്ന വ്യാജ ചിത്രം എ.ഐ ഉപയോഗിച്ച് നിർമിക്കുകയും സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത യുവാവിനെ സൈബർ ക്രൈം വിഭാഗം അറസ്റ്റ് ചെയ്തു.

പ്രതിയെ റിമാൻഡ് ചെയ്തതായി സൈബർ ക്രൈം പ്രോസിക്യൂഷൻ മേധാവി അറിയിച്ചു. രാജ്യത്ത് നിലനിൽക്കുന്ന അസാധാരണ സാഹചര്യം മുതലെടുത്ത്, ഒരു താമസസ്ഥലത്ത് വലിയ രീതിയിൽ നാശനഷ്ടങ്ങൾ സംഭവിച്ചുവെന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള ചിത്രമാണ് പ്രതി നിർമിച്ചത്.

ഏകദേശം 15,000 ഫോളോവേഴ്സ് ഉള്ള തന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയാണ് ഇയാൾ ഇത് പങ്കുവെച്ചത്. ചിത്രം വ്യാപകമായി പ്രചരിച്ചതോടെ പൊതുജനങ്ങൾക്കിടയിൽ വലിയ തോതിലുള്ള ഭീതിയും ആശങ്കയും പടർന്നു.

പ്രോസിക്യൂഷൻ ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിച്ചു. ഇയാൾ ഉപയോഗിച്ച മൊബൈൽ ഫോൺ വിദഗ്ധ പരിശോധനയ്ക്കായി സൈബർ വിഭാഗം പിടിച്ചെടുത്തു. രാജ്യത്തിന്‍റെ സുരക്ഷയെ ബാധിക്കുന്നതോ പൊതുജനങ്ങളിൽ ഭീതി പരത്തുന്നതോ ആയ വ്യാജ ഉള്ളടക്കങ്ങൾ നിർമ്മിക്കുന്നതും പ്രചരിപ്പിക്കുന്നതും ശിക്ഷാർഹമായ കുറ്റമാണ്.

ബഹ്‌റൈൻ പീനൽ കോഡിലെ ആർട്ടിക്കിൾ 169 പ്രകാരം, ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് രണ്ട് വർഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കാം. സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്ത് സമാധാനം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.

Tags:    
News Summary - Man arrested in Bahrain for using AI to create fake bomb attack image

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.