മനാമ: ബഹ്‌റൈനിൽ തുടരുന്ന സംഘർഷാവസ്ഥയ്ക്കിടയിൽ ഉച്ചത്തിലുള്ള സ്ഫോടന ശബ്ദങ്ങളും സുരക്ഷാ സൈറണുകളും കുട്ടികളിലുണ്ടാക്കുന്ന മാനസികാഘാതം കുറയ്ക്കാൻ മാതാപിതാക്കൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ. ശനിയാഴ്ച മുതൽ യു.എസ് സൈനിക താവളങ്ങൾക്കും മറ്റും നേരെയുണ്ടായ ആക്രമണങ്ങൾ കുട്ടികളിൽ വലിയ ഭീതിയുണ്ടാക്കുന്ന സാഹചര്യത്തിലാണ് ഈ നിർദേശം. ആക്രമണ സമയത്ത് പരിഭ്രാന്തരാകാതെ ശാന്തമായി പെരുമാറാനും കുട്ടികളെ മറ്റ് പ്രവർത്തനങ്ങളിൽ വ്യാപൃതരാക്കാനും വിദഗ്ധർ ഉപദേശിക്കുന്നു. കുട്ടികൾ നമ്മുടെ വാക്കുകളേക്കാൾ പ്രവൃത്തികളെയാണ് നിരീക്ഷിക്കുന്നത്. നമ്മൾ പരിഭ്രമിച്ചാൽ അവരിലത് ഇരട്ടി സമ്മർദ്ദമുണ്ടാക്കുമെന്ന് സൈക്കോളജിസ്റ്റ് ഡോ. ആൻ ലോർ റെനാർഡ് പറഞ്ഞു. സൈറൺ മുഴങ്ങുമ്പോൾ 'നമ്മൾ സുരക്ഷിത മുറിയിലേക്ക് മാറാനുള്ള സമയമാണിത്' എന്ന് ശാന്തമായി പറയണമെന്ന് ചൈൽഡ് ആൻഡ് ഫാമിലി ഫൗണ്ടേഷൻ സെന്‍റർ സ്ഥാപക ഡോ. മറിയം അൽഅമ്മാദിയും നിർദേശിച്ചു.
മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1-ശാന്തത പാലിക്കുക- മാതാപിതാക്കളുടെ പരിഭ്രമം കുട്ടികളെ കൂടുതൽ ഭയപ്പെടുത്തും. അതിനാൽ മുതിർന്നവർ ശാന്തമായി പെരുമാറുന്നത് കുട്ടികളിൽ സുരക്ഷിതബോധം ഉണ്ടാക്കും.
2-സത്യസന്ധത പുലർത്തുക- ‘ഒന്നുമില്ല’ എന്ന് കള്ളം പറയുന്നതിന് പകരം, ‘ഇത് പേടിപ്പെടുത്തുന്ന സാഹചര്യമാണ്, എങ്കിലും നാം സുരക്ഷിതരാണ്’ എന്ന് കുട്ടികളോട് തുറന്നു പറയണം. സൈറൺ മുഴങ്ങുമ്പോൾ എന്തുചെയ്യണം എന്നതിനെക്കുറിച്ച് ലളിതമായ ഭാഷയിൽ അവർക്ക് ധാരണ നൽകുക.
3-ജോലികളിൽ ഏർപ്പെടുത്തുക- കുട്ടികളുടെ ശ്രദ്ധ മാറ്റാൻ അവരെ മറ്റ് ജോലികളിൽ പങ്കാളികളാക്കുക. കേക്ക് ഉണ്ടാക്കുകയോ, ക്രാഫ്റ്റുകൾ ചെയ്യുകയോ, മറ്റു ചില ക്രിയേറ്റീവ് ഗെയിമുകളിൽ ഏർപ്പെടുകയോ ചെയ്യുന്നത് അവർക്ക് ആശ്വാസം നൽകും.
4-സോഷ്യൽ മീഡിയ നിയന്ത്രണം- മുതിർന്ന കുട്ടികൾ സോഷ്യൽ മീഡിയ വഴി വ്യാജവാർത്തകളും ഭീതിജനകമായ ദൃശ്യങ്ങളും കാണുന്നില്ലെന്ന് ഉറപ്പുവരുത്തുക.
5-ഭിന്നശേഷിയുള്ള കുട്ടികൾ- ഓട്ടിസം ബാധിച്ച കുട്ടികൾക്കും മറ്റ് പ്രത്യേക പരിഗണന ആവശ്യമുള്ളവർക്കും സൈറൺ ശബ്ദങ്ങൾ വലിയ അസ്വസ്ഥതയുണ്ടാക്കാം. ഇത്തരം സാഹചര്യങ്ങളിൽ അവർക്ക് കൂടുതൽ സാമീപ്യവും ആശ്വാസവും നൽകാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.