മനാമ: വിരസമായ വേനൽ അവധിക്കാലത്തെ പുതുമയാർന്ന പരിപാടികളിലൂടെ കുട്ടികളുടെ ഉത്സവകാലമാക്കി മാറ്റിയിരിക്കുകയാണ് ‘സമ്മർ ഡിലൈറ്റ് 2023’ അവധിക്കാല ക്യാമ്പ്. ടീൻസ് ഇന്ത്യയും ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച ക്യാമ്പിന് പ്രശസ്ത മോട്ടിവേഷനൽ ട്രെയിനറും പ്രമുഖ ലൈഫ് കോച്ചുമായ നുഅ്മാൻ വയനാട്, സി.എച്ച്.ആർ.ഡി.ട്രെയിനർ, അഡോളസെൻസ് കൗൺസിലർ, ഷോർട്ട് ഫിലിം സംവിധായകൻ, അഭിനേതാവ് തുടങ്ങിയ മേഖലയിൽ പ്രശസ്തനായ അൻസാർ നെടുമ്പാശ്ശേരി എന്നിവരാണ് നേതൃത്വം നൽകുന്നത്. വിവിധ മേഖലയിൽ കഴിവ് തെളിയിച്ച ബഹ്റൈനിലെ പ്രമുഖരും വൈവിധ്യമാർന്ന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.
ഫ്ലാറ്റുകൾക്കുള്ളിൽ തളച്ചിടപ്പെടുന്ന പ്രവാസി ബാല്യങ്ങൾക്കും കൗമാരങ്ങൾക്കും അറിവിന്റെയും വിനോദത്തിന്റെയും അനന്തമായ വാതായനങ്ങൾ തുറന്നു കിട്ടിയിരിക്കുകയാണ് ക്യാമ്പിലൂടെയെന്ന് സംഘാടകർ ചൂണ്ടിക്കാട്ടുന്നു. രാവിലെ 10 മുതൽ ഉച്ചക്ക് ഒരു മണി വരെയാണ് ക്യാമ്പ് നടക്കുന്നത്. കുട്ടികളെ 10 ഗ്രൂപ്പുകളായി തിരിച്ച് ഓരോ ഗ്രൂപ്പിനും മെന്റേഴ്സിനെ നിശ്ചയിച്ചാണ് ക്ലാസുകളും മറ്റ് പ്രവർത്തനങ്ങളും. തങ്ങൾക്ക് പരിചിതമല്ലാത്ത ഗൾഫ് ജീവിതത്തിന്റെ പരുക്കൻ യാഥാർഥ്യങ്ങൾ മനസ്സിലാക്കാൻ കുട്ടികളെ സഹായിക്കാനായി ലേബർ ക്യാമ്പ് വിസിറ്റും ‘‘എ പർപ്പസ് ഫുള്ളി ജേണി ടു ലേബർ ക്യാമ്പ്’’ എന്ന തലക്കെട്ടിൽ സംഘടിപ്പിച്ചിരുന്നു. തൊഴിലാളികളുമായി വിശേഷം പങ്കുവെക്കാനും അവരുടെ ജീവിത പരിസരങ്ങളെ അടുത്തറിയാനും സാധിച്ചത് കുട്ടികൾക്ക് വ്യത്യസ്ത അനുഭവമായി.
തൈക്വാൻഡോ പരിശീലകൻ എം.എം. ഫൈസലിന്റെ ‘‘പഞ്ചിങ് ആൻഡ് കിക്കിങ്ങ് ടെക്നിക്ക്’’, ഡോ. അനൂപ് അബ്ദുല്ലയുടെ ഹെൽത് ആൻഡ് ഹൈജീൻ ടിപ്സുകൾ, യോഗ പരിശീലക ഫാത്തിമ അൻവറിന്റെ ‘‘കാം ബോഡി, കാം സോൾ’’, നൗർ ഹമീദും ശബീഹ ഫൈസലും അവതരിപ്പിച്ച ‘‘സോഷ്യലൈസേഷൻ’’, വഫ ഷാഹുലും ഹെന ജുമൈലും അവതരിപ്പിച്ച ‘‘അബാക്കസ് - ഈസി മാത്തമാറ്റിക്സ്’’ തുടങ്ങിയ സെഷനുകളും ഹൃദ്യമായ അനുഭവമായിരുന്നു.
മലർവാടി കൺവീനർ ലൂന ഷഫീഖ്, ടീൻസ് കൺവീനർ റഷീദ സുബൈർ, അസ്റ അബ്ദുല്ല, ഹെന ജുമൈൽ, വഫ ഷാഹുൽ ഹമീദ്, സമീറ നൗഷാദ്, ഫാത്തിമ സ്വാലിഹ്, ശബീഹ ഫൈസൽ, റസീന അക്ബർ, ബുഷ്റ അബ്ദുൽ ഹമീദ്, നൗർ ഹമീദ്, ഷഹീന നൗമൽ എന്നിവരാണ് ക്യാമ്പ് മെന്റർമാർ. ക്യാമ്പ് കൺവീനർ പി.പി. ജാസിർ, ഫ്രൻഡ്സ് സെക്രട്ടറി യൂനുസ് രാജ്, വൈസ് പ്രസിഡന്റ് ജമാൽ ഇരിങ്ങൽ, ഏരിയ പ്രസിഡന്റുമാരായ ഷമീം ജൗദർ, സമീർ ഹസൻ, സി.കെ. നൗഫൽ എന്നിവരും ക്യാമ്പിന് ആവശ്യമായ സഹായങ്ങൾ ചെയ്തുവരുന്നു. ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ ഇതാദ്യമായാണ് ഇത്തരമൊരു അവധിക്കാല ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് പ്രസിഡന്റ് സഈദ് റമദാൻ നദ്വിയും ക്യാമ്പ് ഡയറക്ടർ എം.എം. സുബൈറും പറഞ്ഞു. ജൂലൈ ഏഴിന് രക്ഷിതാക്കളുടെയും കുട്ടികളുടെയും സാന്നിധ്യത്തിൽ ഉത്സവച്ഛായയിൽ ആരംഭിച്ച ക്യാമ്പ് ആഗസ്റ്റ് നാലിന് വിപുല പരിപാടികളോടു കൂടി സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.