മനാമ: ആശൂറ ആഘോഷങ്ങൾക്ക് ആവശ്യമായ ഒരുക്കങ്ങളും സൗകര്യങ്ങളും നൽകിയ സർക്കാറിന്റെ പ്രവൃത്തികളിൽ സന്തോഷം പ്രകടിപ്പിച്ച് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ. പരിപാടിയുടെ വിജയം രാജ്യം കാണിക്കുന്ന സമാധാനത്തിന്റെയും ഐക്യത്തിന്റെയും പ്രതിഫലനമാണെന്നും ഈ സുപ്രധാന മത ചടങ്ങിന്റെ വിജയത്തിനായി പ്രയത്നിച്ച കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തിലുള്ള സർക്കാറിന് പ്രത്യേക പ്രശംസയും ഹമദ് രാജാവ് അറിയിച്ചു.
ആത്മീയതക്കും സംസ്കാരത്തിനും പ്രാധാന്യമുള്ള ആശൂറ ബഹ്റൈന്റെ ദീർഘകാലമായുള്ള വൈവിധ്യത്തിന്റെയും പാരമ്പര്യത്തിന്റെയും മതസ്വാതന്ത്ര്യത്തിന്റെ അടയാളമാണെന്നും ഹമദ് രാജാവ് വ്യക്തമാക്കി. ഈ വർഷത്തെ ആഘോഷങ്ങൾ മികച്ച ക്രമീകരണങ്ങൾ കൊണ്ടും അച്ചടക്കം കൊണ്ടും വേറിട്ടുനിന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇത് രാജ്യത്തിന്റെ തുറന്ന സാമൂഹിക പരിഗണനകളെ എടുത്തു കാണിക്കുന്നതാണെന്നും സഹവർത്തിത്വവും സഹകരണവും കൂട്ടായ ക്ഷേമത്തിന് അത്യന്താപേക്ഷിതമായ ഈ കാലത്ത് അതിന്റെ ഒരു ഉദാഹരണമായാണ് ഈ പ്രവൃത്തികളെ കാണുന്നതെന്നും ഹമദ് രാജാവ് വ്യക്തമാക്കി.
പൊതുസുരക്ഷയും സാമൂഹിക പിന്തുണയും ഉറപ്പാക്കുന്നതിലും ആചാരങ്ങൾ സ്വതന്ത്രമായി നിർവഹിക്കാൻ മേൽനോട്ടം നൽകിയതിലും വിവിധ മേഖലകളിലെ സർക്കാർ സ്ഥാപനങ്ങളുടെ ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു. ആഭ്യന്തര മന്ത്രാലയം, ജാഫരി എൻഡോവ്മെന്റ്സ് കൗൺസിൽ, മത പണ്ഡിതന്മാർ, കമ്യൂണിറ്റി സ്ഥാപന നേതാക്കൾ, മേൽനോട്ട സമിതികൾ, കൂടാതെ നിരവധി സന്നദ്ധപ്രവർത്തകർ എന്നിവരുൾപ്പെടെ എല്ലാ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും പ്രവർത്തനങ്ങളെയും അദ്ദേഹം എടുത്തുപറഞ്ഞു. ആഘോഷങ്ങളിലുടനീളം കാണിച്ച പൊതു ഉത്തരവാദിത്തബോധത്തിനും ഐക്യത്തിനും തന്റെ സന്തോഷം അറിയിച്ച ഹമദ് രാജാവ് ഏകോപനത്തിനും സുഗമമായ സംഘാടനത്തിനും ഉൾപ്പെട്ട എല്ലാവർക്കും നന്ദി അറിയിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.