അലിവി​െന്റ പുതപ്പ്

മഞ്ഞുതുള്ളികൾ കൊണ്ട് സ്നാനംചെയ്ത്, പട്ടു തുണിയിൽ തോർത്തി, കസ്തൂരി തോറ്റു പോകുന്ന സുഗന്ധം മേലാസകലം പൂശി, പനിനീരും, മുല്ലപ്പൂവും, വിതറിയ വഴികളിലൂടെ നടന്ന് ഒടുക്കം ആ മനോഹരമായ പൂങ്കാവനത്തിന്റെ ഓരത്തിരുന്നു കൊണ്ട് മാലാഖമാർ വാരി വായിലിട്ടു കൊടുത്ത രുചിദായകമായ വിശിഷ്ടഭോജ്യം കഴിച്ചു കൊണ്ടിരിക്കുമ്പോഴും, കുറച്ചു മണിക്കൂറുകൾക്ക് മുമ്പ് മരണത്തിന്റെ മുനമ്പിലൂടെ ജീവിതത്തെ ഒന്ന് തിരിഞ്ഞു നോക്കാൻ പോലും കഴിയാതെ വേദന കൊണ്ട് പുളഞ്ഞ നിമിഷങ്ങൾ അണയാത്ത അഗ്നി കുണ്ഡം പോലെ അവളുടെ കുഞ്ഞ് മനസ്സിൽ കിടന്നു പുകഞ്ഞു കൊണ്ടിരുന്നു.

കരഞ്ഞു തളർന്നു, തകർന്നിരിക്കുന്ന മാതാപിതാക്കളുടെ രൂപം മാലാഖമാർ കാണിച്ചുകൊടുക്കുമ്പോൾ അവളുടെ മനസ്സിൽ മിന്നി മറഞ്ഞത് തന്റെ അവസാനത്തെ പ്രാണന്റെ കണികയും ഊറ്റിയെടുത്തു കൊണ്ട് നൊട്ടി നുണഞ്ഞ ആ പിശാചിന്റെ മുഖം മാത്രമായിരുന്നു. ‘‘കുട്ടീ, അലിവിന്റെ പുതപ്പുകൊണ്ട് ആ മനുഷ്യനെ മൂടിയാലും’’

അവളുടെ കുഞ്ഞു മനസ്സ് വായിച്ചുകൊണ്ടുള്ള മാലാഖയുടെ മനോഹരമായ നാദമാണ് ചിന്തയിൽ നിന്നും അവളെ ഉണർത്തിയത്. ചുടുചോര ചീറ്റി തെറിച്ചപ്പോഴും, ഒന്ന് പിടയാൻ പോലുമാവാതെ നിന്ന തന്നെ പഞ്ഞിക്കെട്ടു പോലെയുള്ള മേഘപടലങ്ങളിലൂടെ സ്വർഗീയ സാഗരത്തിലേക്കു ആനയിച്ച പ്രിയപ്പെട്ട മാലാഖയുടെ മാറിലേക്ക് സങ്കടങ്ങളും, വേദനകളും, ഒഴിഞ്ഞ മനസ്സുമായി ആ കുഞ്ഞ് മാലാഖ തല ചായ്ച്ചു.അപ്പോഴും ഭൂമിയിൽ സ്നേഹത്തിന്റെ ദൈവദൂതു മായി വന്നിറങ്ങുന്ന മാലാഖമാർ ചൊരിയുന്ന കാരുണ്യത്തെ ക്രൗര്യത്തോടെ അവഗണിച്ചുകൊണ്ട് കുഞ്ഞിളം മേനി തേടി പിശാചുക്കൾ പാഞ്ഞു നടക്കുന്നുണ്ടായിരുന്നു.

Tags:    
News Summary - story - bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.