മനാമ: നിലവിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് രക്ഷിതാക്കൾക്ക് ആശ്വാസകരമായ തീരുമാനങ്ങളുമായി ഇന്ത്യൻ സ്കൂൾ ബഹ്‌റൈൻ. സ്കൂൾ മാനേജ്‌മെന്‍റ് പുറത്തിറക്കിയ ഏറ്റവും പുതിയ സർക്കുലറിലാണ് ഫീസ് ഇളവുകളും മറ്റ് ക്രമീകരണങ്ങളും സംബന്ധിച്ച വിവരങ്ങളുള്ളത്. ഏപ്രിൽ മാസത്തെ ട്രാൻസ്പോർട്ട് ഫീസ് നിലവിൽ ഈടാക്കേണ്ടതില്ലെന്ന് സ്കൂൾ തീരുമാനിച്ചിട്ടുണ്ട്. മാർച്ച് വരെയുള്ള സ്കൂൾ ഫീസിൽ 20 ബഹ്‌റൈൻ ദിനാറിൽ കൂടുതൽ കുടിശ്ശികയുള്ള വിദ്യാർത്ഥികളുടെ ഫലം മാത്രമേ തടഞ്ഞുവെക്കുകയുള്ളൂ. കുറഞ്ഞ തുക കുടിശ്ശികയുള്ളവർക്ക് ഇത് ബാധകമല്ല.
മാർച്ച് മാസത്തെ ട്രാൻസ്പോർട്ട് ചാർജ് ചില രക്ഷിതാക്കളിൽ നിന്ന് വാങ്ങുകയും ചിലരിൽ വാങ്ങാതിരിക്കുകയും ചെയ്തെന്ന ആരോപണം ഇതിനിടയിൽ ഉയർന്നിരുന്നു. എന്നാൽ ആരേയും മുഴുവൻ തുകയും നൽകാൻ നിർബന്ധിച്ചില്ലെന്നും, മാർച്ച് മാസത്തെ തുക നേരത്തെ കമ്പനിക്ക് കൈമാറിയതാണെന്നും ഈ മാസത്തെ ട്രാൻസ്പോർട്ട് ചാർജ് ഇളവ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് കരാർ കമ്പനിയുമായി ചർച്ചകൾ നടന്നു വരികയാണെന്നും ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് ‘ഗൾഫ്മാധ്യമ’ത്തോട് പറഞ്ഞു.
ട്രാൻസ്പോർട്ട് കമ്പനിയുമായി ഓരോ കുട്ടിയിൽ നിന്നും 15 ദീനാർ എന്ന നിലക്ക് 4 വർഷത്തെ കരാറാണുള്ളത്. അത് റദ്ദാക്കുന്നതിലൂടെ രക്ഷിതാക്കളെ തന്നെയാണ് പ്രതികൂലമായി ബാധിക്കുക. ഓൺലൈൻ ക്ലാസുകൾ തുടരുകയാണെങ്കിൽ വരും മാസങ്ങളിലെ ചാർജുകളെക്കുറിച്ചും ചർച്ച ചെയ്ത് ഉചിതമായ തീരുമാനം അറിയിക്കുമെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി. സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ വിശ്വസിക്കരുതെന്നും സ്കൂളിന്‍റെ ഔദ്യോഗിക അറിയിപ്പുകൾ മാത്രം ശ്രദ്ധിക്കണമെന്നും ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് അറിയിച്ചു. പ്രതിസന്ധികൾക്കിടയിലും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ക്ഷേമത്തിനായി സ്കൂൾ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.