മനാമ: ബഹ്റൈനിലെ പ്രവാസി വാദ്യകലാകാരൻമാരുടെ കൂട്ടായ്മയായ ‘സോപാനം വാദ്യകലാസംഘ’ത്തിെൻറ നേതൃത്വത്തിലുള്ള ‘വാദ്യസംഗമം’ എന്ന മേളകലാവിരുന്ന് ഒക്ടോബർ അഞ്ച്, ആറ് തിയതികളിൽ ഇന്ത്യൻ സ്കൂൾ ജഷൻമാൾ ഒാഡിറ്റോറിയത്തിലും ഗ്രൗണ്ടിലുമായി നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതിൽ വിവിധ കേരളീയ മേളകലാപദ്ധതികൾ അരങ്ങേറും. കേരളത്തിൽ നിന്ന് 40 കലാകാരൻമാരും ബഹ്റൈനിലെ 120ഒാളം പേരും ചേർന്ന് ‘ഇരട്ടപ്പന്തി പഞ്ചാരിമേളം’ അവതരിപ്പിക്കും. ഇന്ത്യക്ക് പുറത്ത് നടക്കുന്ന ഏറ്റവും വലിയ മേളകല പ്രകടനമാകുമിതെന്ന് സംഘാടകർ അവകാശപ്പെട്ടു. പരിപാടിയിൽ പ്രമുഖ വാദ്യകാരൻ മട്ടന്നൂർ ശങ്കരൻ കുട്ടി സംബന്ധിക്കും. പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം രൂപവത്കരിച്ചിട്ടുണ്ട്. ഇത്തവണ കൊമ്പ്, കുറുങ്കുഴൽ എന്നിവയിലും ഇവിടെ പരിശീലനം നടക്കുന്നുണ്ട്. ഒക്ടോബർ അഞ്ചിന് വൈകീട്ട് ഏഴുമണിക്കാണ് ഉദ്ഘാടനം. തുടർന്ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പ്രമുഖർ സംബന്ധിക്കും. സോപാന സംഗീതജ്ഞൻ അമ്പലപ്പുഴ വിജയകുമാറും സംഘവും അവതരിപ്പിക്കുന്ന പരിപാടി, മട്ടന്നൂർ ശങ്കരൻകുട്ടി, ശ്രീകാന്ത്, ശ്രീരാജ് എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന ‘തൃത്തായമ്പക’ എന്നിവയാണ് ഒന്നാം ദിവസത്തെ പ്രധാന ആകർഷകങ്ങൾ.രണ്ടാം ദിവസം സ്കൂൾ ഗ്രൗണ്ടിൽ സജ്ജമാക്കിയ വേദിയിലാണ് ‘ഇരട്ടപ്പന്തി പഞ്ചാരിമേളം’ അവതരിപ്പിക്കുക. ഇതിൽ മട്ടന്നൂർ ശങ്കരൻകുട്ടിക്ക് പുറമെ കാഞ്ഞിലശ്ശേരി പത്മനാഭനും പെങ്കടുക്കും.
സാംസ്കാരിക സമ്മേളനത്തിൽ െവച്ച് വ്യവസായി വി.കെ.രാജശേഖരൻപിള്ളയെയും നടനരംഗത്ത് 30 വർഷം പൂർത്തിയാക്കിയ ഭരത്ശ്രീ രാധാകൃഷ്ണനെയും ആദരിക്കും. വാദ്യകലാരംഗത്തെ സമഗ്ര സംഭാവനക്ക് ‘സോപാനം’ വാദ്യകലാസംഘം ഏർപ്പെടുത്തിയ രണ്ടാമത് ‘തൗര്യത്രികം’ പുരസ്കാരത്തിന് മദ്ദള കലാകാരനായ സദനം രാമചന്ദ്ര മാരാരെ തെരഞ്ഞെടുത്തതായും വാർത്താസമ്മേളനത്തിൽ അറിയിച്ചു. 50001രൂപയും ശിൽപവും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് ഡിസംബറിൽ ഗുരുവായൂരിൽ വെച്ച് സമർപ്പിക്കും. സന്തോഷ് കൈലാസ്, സജി മാർക്കോസ്, ആനന്ദ്, മനുമോഹനൻ എന്നിവർ വാർത്താസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.