ഇന്ത്യൻ സ്കൂൾ ഭരണസമിതി ഭരണഘടന സംരക്ഷിക്കണം: യു.പി.പി

മനാമ: ഭരണഘടനയെയും രക്ഷിതാക്കളെയും വെറും നോക്കുകുത്തികളാക്കി ഇന്ത്യൻ സ്കൂൾ ഭരണസമിതി മുൻപോട്ടു പോകരുതെന്ന് യുണൈറ്റഡ് പാരന്റ്സ് പാനൽ (യു.പി.പി) വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. നിയമാവലി കാറ്റിൽപ്പറത്തിയാണ് നിലവിൽ പ്രത്യേക ജനറൽ ബോഡി യോഗം വിളിച്ചുചേർത്തിരിക്കുന്നത്. നിയമപ്രകാരം 10 ദിവസം മുൻപ് നൽകേണ്ട നോട്ടീസിന് പകരം 7 ദിവസത്തെ അവധി മാത്രമാണ് നൽകിയിട്ടുള്ളത്. ഒക്ടോബറിൽ നടക്കേണ്ട തിരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ബാക്കിനിൽക്കെ, ഭരണഘടനാ ഭേദഗതി, സി.ആർ (ലൈസൻസ്) എടുക്കൽ, പുതിയ കെട്ടിട നിർമ്മാണം തുടങ്ങിയ കാര്യങ്ങളിൽ നിലവിലെ കമ്മിറ്റി കാണിക്കുന്ന ധൃതി ക്രമക്കേടുകൾക്കുള്ള ആസൂത്രണമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അധ്യാപകർക്കും ജീവനക്കാർക്കും കൃത്യമായി ശമ്പളം നൽകാൻ കഴിയാത്തത് ഭരണസമിതിയുടെ ആസൂത്രണമില്ലായ്മയും അനാവശ്യ ചെലവുകളും കാരണമാണ്. ഇത്തരം സുപ്രധാന തീരുമാനങ്ങൾ ഒക്ടോബർ 23-ന് ചേരുന്ന പൊതുയോഗത്തിന് ശേഷമുള്ള പുതിയ ഭരണസമിതിക്ക് വിട്ടുകൊടുക്കണമെന്നും ഭരണഘടന അനുസരിച്ച് എത്രയും വേഗം തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കണമെന്നും യു.പി.പി നേതാക്കൾ ആവശ്യപ്പെട്ടു.ഭരണസമിതി അംഗങ്ങളുടെ ധാർഷ്ട്യത്തിനെതിരെയും സാമ്പത്തിക പിടിപ്പുകേടിനെതിരെയും രക്ഷിതാക്കൾക്കിടയിൽ വൻ അമർഷമുണ്ടെന്നും നേതാക്കൾ പറഞ്ഞു. ഇന്ത്യന്‍ സ്കൂള്‍ ചെന്നൈ ഐ.ഐ.ടി യുമായുള്ള ഒന്‍പത്, പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലേക്കുള്ള കുട്ടികളുടെ ഓണ്‍ലൈന്‍ കണക്റ്റീവ് പ്രോഗ്രാമിലേക്കുള്ള കരാറില്‍ ഒപ്പുവെക്കാന്‍ യു.പി.പി മുന്‍ കൈയ്യെടുത്ത കാര്യം കൂടി യു.പി.പി നേതാക്കള്‍ പത്രസമ്മേളനത്തില്‍ പന്‍കുവെച്ചു.

വാർത്താസമ്മേളനത്തിൽ യു.പി.പി ചെയർമാൻ ഡോ. സുരേഷ് സുബ്രഹ്മണ്യം, എഫ്.എം. ഫൈസൽ, ചന്ദ്രബോസ്, ജവാദ് പാഷ, ഷിബിൻ തോമസ്, ഖിലർ വലിയകത്ത് എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Indian School Governing Body should protect the Constitution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.