ഗോകുൽ ഗോപകുമാർ, മെറിൻ ഗ്രിഗറി, ദിഷ പ്രകാശ്
സ്റ്റാർ സിംഗേഴ്സ് സംഗീതവിരുന്നുമായി ശ്രാവണം; സെപ്റ്റംബർ 24ന് ബഹ്റൈൻ കേരളീയ സമാജത്തിൽ ഗാനസന്ധ്യ
മനാമ: മലയാളികളുടെ പ്രിയപ്പെട്ട ഗാനങ്ങളുമായി സ്റ്റാർ സിംഗേഴ്സ് താരങ്ങൾ ബഹ്റൈനിലെത്തുന്നു. ബഹ്റൈൻ കേരളീയ സമാജത്തിന്റെ ഓണാഘോഷമായ ‘ശ്രാവണം 2026’ന്റെ ഭാഗമായി ഏഷ്യാനെറ്റ് സ്റ്റാർ സിംഗറിലൂടെ ശ്രദ്ധേയരായ ദിഷ പ്രകാശ്, മെറിൻ ഗ്രിഗറി, ഗോകുൽ ഗോപകുമാർ എന്നിവർ അണിനിരക്കുന്ന ഗാനസന്ധ്യ സെപ്റ്റംബർ 24ന് വ്യാഴാഴ്ച വൈകിട്ട് 7.30 ബഹ്റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി (ഡി.ജെ.) ഹാളിൽ അരങ്ങേറും. മലയാള ചലച്ചിത്രഗാനങ്ങളുടെയും ജനപ്രിയ ഗാനങ്ങളുടെയും മനോഹരമായ സംഗീതവിരുന്നാണ് ശ്രാവണത്തിന്റെ ഭാഗമായി ഒരുക്കുന്നത്.
വിവിധ തലമുറകളുടെ പ്രിയപ്പെട്ട ഗാനങ്ങൾ കോർത്തിണക്കി ഗായകർ അവതരിപ്പിക്കുന്ന പരിപാടി ബഹ്റൈനിലെ സംഗീതാസ്വാദകർക്ക് ആസ്വാദ്യകരമായ അനുഭവമാകുമെന്ന് സംഘാടകർ അറിയിച്ചു. ‘ശ്രാവണം 2026’ന്റെ ഭാഗമായി ഇതിനകം അരങ്ങേറിയ വൈവിധ്യമാർന്ന കലാ-സാംസ്കാരിക പരിപാടികളുടെ തുടർച്ചയായാണ് ഗാനസന്ധ്യ സംഘടിപ്പിക്കുന്നത്. കേരളത്തിന്റെ സംഗീത-സാംസ്കാരിക പൈതൃകത്തെ പ്രവാസി സമൂഹവുമായി കൂടുതൽ ചേർത്തുനിർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ശ്രാവണം പരിപാടികൾ സംഘടിപ്പിക്കുന്നത്.
ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ജനറൽ കൺവീനർ ഹരികൃഷ്ണൻ ബി. നായർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടക സമിതിയാണ് പരിപാടിയുടെ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകുന്നത്. സംഗീതപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഗാനസന്ധ്യയിലേക്ക് ബഹ്റൈനിലെ മുഴുവൻ മലയാളി സമൂഹത്തെയും സംഘാടകർ സ്വാഗതം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.