ബഹ്‌റൈനിലെ കലാപ്രേമികളെയും വിസ്മയിപ്പിച്ച ‘സൂര്യൻ’; സൂര്യാ കൃഷ്ണമൂർത്തിയെ അനുസ്മരിച്ച് വൈകാരിക കുറിപ്പുമായി പി.വി. രാധാകൃഷ്ണപിള്ള

മനാമ: കലാകേരളത്തിന് വലിയൊരു നൊമ്പരമായി മാറിയിരിക്കുകയാണ് സൂര്യാ കൃഷ്ണമൂർത്തിയുടെ വേർപാട്. കലയെ വെറുമൊരു വാണിജ്യ ഉപാധിയാക്കാതെ, തികഞ്ഞ ആത്മാർത്ഥതയോടെ സമീപിച്ച മികച്ചൊരു സംഘാടകനായിരുന്നു അദ്ദേഹം. മലയാളികൾക്ക് അപരിചിതമായിരുന്ന പല കലാരൂപങ്ങളെയും ലോകോത്തര കലാകാരന്മാരെയും കേരളത്തിലെ കാണികൾക്ക് മുന്നിൽ നേരിട്ടെത്തിച്ചതിലൂടെ സാംസ്‌കാരിക ചരിത്രത്തിൽ അദ്ദേഹം തന്റേതായ ഇടം അടയാളപ്പെടുത്തി.

കേരളത്തിനകത്തും വിദേശത്തും സൂര്യാ ടി.വി & ഫിലിം സൊസൈറ്റിയുടെ ശാഖകൾ വളർത്തിയെടുക്കുന്നതിലും, വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കുന്നതിലും അദ്ദേഹം അവസാന നിമിഷം വരെ നിറസാന്നിധ്യമായിരുന്നു. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗവാർത്ത ഏറെ ദുഃഖത്തോടെയാണ് ബഹ്‌റൈനിലെ കലാസ്വാദകരും സാംസ്‌കാരിക പ്രവർത്തകരും കേട്ടത്.

സൂര്യാ കൃഷ്ണമൂർത്തിയുമായി ദശാബ്ദങ്ങളുടെ ഊഷ്മളമായ വ്യക്തിബന്ധം പുലർത്തിയിരുന്ന സൂര്യാ ടി.വി & ഫിലിം സൊസൈറ്റി ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റും ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്ററുമായ പി.വി. രാധാകൃഷ്ണപിള്ള സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച വൈകാരികമായ അനുസ്മരണക്കുറിപ്പ് ഇപ്പോൾ ശ്രദ്ധേയമാവുകയാണ്. തന്റെ സാംസ്‌കാരിക ജീവിതത്തിലെ മെന്ററും അഭ്യുദയകാംക്ഷിയുമായിരുന്ന കൃഷ്ണമൂർത്തിയുമായുള്ള ഓർമ്മകളും, അദ്ദേഹത്തിന്റെ വിയോഗമുണ്ടാക്കിയ വലിയ ശൂന്യതയും പങ്കുവെക്കുന്നതാണ് ഈ കുറിപ്പ്.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം:

സാംസ്‌കാരികകേരളത്തിന് വലിയ നഷ്ടത്തിന്റെ ദിവസമാണ് 2026 സെപ്റ്റംബർ 23. കഴിഞ്ഞ അരനൂറ്റാണ്ട് കേരളത്തിന്റെ സാംസ്കാരിക സൂര്യനായി നിലകൊണ്ട സൂര്യാ കൃഷ്ണമൂർത്തി (78) ഇന്നലെ വൈകിട്ട് 06:45 നു വിട പറഞ്ഞ വാർത്ത വലിയ ഹൃദയവേദനയോടെയാണ് കേട്ടത്. മരിക്കുന്നതിന് ഏതാണ്ട് ഒരു മണിക്കൂർ മുൻപ് അദ്ദേഹത്തെ ഫോണിൽ വിളിക്കാൻ ശ്രമിച്ചിരുന്നെങ്കിലും കഴിഞ്ഞില്ല. വെള്ളിയാഴ്ച്ച നടക്കുന്ന ഗാനമേളയ്ക്കായി ബഹ്‌റൈനിലെത്തിയ ഗായിക കെ.എസ് ചിത്രയും, ഭർത്താവ് വിജയനുമായി കൃഷ്ണമൂർത്തിസാറിന്റെ ആരോഗ്യനില ചർച്ച ചെയ്യുന്നതിനിടയിലാണ് നിര്യാണവാർത്ത എത്തുന്നത്. കഴിഞ്ഞ കുറെ ദിവസങ്ങളായി അദ്ദേഹം ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടിരുന്നു.

സാംസ്കാരിക പ്രവർത്തനങ്ങളിൽ എന്റെ മെന്റർ ആയിരുന്നു സൂര്യാ കൃഷ്ണമൂർത്തി; ഒരുപക്ഷെ എന്റെ ഏറ്റവും വലിയ അഭ്യുദയകാംക്ഷി. ഇന്ത്യയിലെ പ്രശസ്തരായ പല കലാകാരന്മാരെയും ഞാൻ പരിചയപ്പെടുന്നത് അദ്ദേഹം വഴിയാണ്. യു ശ്രീനിവാസൻ, കുന്നക്കൂടി വൈദ്യനാഥൻ, അംജദ് അലിഖാൻ, പങ്കജ് ഉദാസ്, റാഷിദ് ഖാൻ, ഡോ. എൽ സുബ്രമണ്യം, അരുണ സായിറാം, സുധ രഘുനാഥൻ, നിത്യശ്രീ മഹാദേവൻ, യു രാജേഷ്, സഞ്ജയ് സുബ്രമണ്യം, അഭിഷേക് രഘുറാം, രാജേഷ് വൈദ്യ, ചിത്രാ വിശ്വേശ്വരൻ, ശോഭന, ലക്ഷ്മി ഗോപാല സ്വാമി, ആശാ ശരത്, വൈക്കം വിജയലക്ഷ്‌മി, സൂര്യ ഗായത്രി, ഗംഗാ ശശിധരൻ - തുടങ്ങി എത്രയോ ആർട്ടിസ്റ്റുകളെ അദ്ദേഹം എനിക്കു പരിചയപ്പെടുത്തി. അവരിൽ പലരും എന്നിലൂടെ മാവേലിക്കര കേളിയിലും ബഹ്‌റൈൻ കേരളീയ സമാജത്തിലുമെത്തി.

1977 - 78 കാലഘട്ടത്തിലാണ് ഞാൻ "സൂര്യ" എന്ന കലാസംഘടനയെക്കുറിച്ചും, അതിന്റെ സ്ഥാപകനും സെക്രട്ടറിയുമായ കൃഷ്ണമൂർത്തിയെക്കുറിച്ചും, കേൾക്കുന്നത്. അന്നു ഞാൻ തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ പഠിക്കുകയാണ്. അക്കാലത്തു ടി.വി ചാനലുകളില്ല. പത്രങ്ങളിലും കലാകൗമുദി തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും സൂര്യാ ഫെസ്റ്റിവലുകൾ വലിയ പ്രാധാന്യം നേടിയിരുന്ന ഒരു കാലം. കേരളം നേരിൽ കാണാത്ത വിശ്വവിഖ്യാതരായ പല കലാകാരന്മാരും സൂര്യയുടെ ഫെസ്റ്റിവലുകളിൽ പങ്കെടുക്കാൻ തിരുവനന്തപുരത്ത് എത്തിത്തുടങ്ങി.

പദ്മാ സുബ്രമണ്യം, സോണാൽ മാൻ സിംഗ്, ഡോ. ബാലമുരളി കൃഷ്ണ, ചിത്ര വിശ്വേ ശ്വരൻ, സത്യജിത് റായ്, അമിതാബ് ബച്ചൻ, സ്മിത പാട്ടിൽ, ഷബ്‌ന അസ്മി, ജയ ബാദുരി, അംജദ് അലി ഖാൻ, യേശുദാസ്, അടൂർ ഗോപാ ലകൃഷ്ണൻ തുടങ്ങി ലോകോത്തര കലാകാരന്മാരെ സൂര്യാ ഒന്നൊന്നായി അണിനിരത്തി. ഇതെല്ലാം സാധ്യമാക്കിയത് സൂര്യയുടെ സ്ഥാപകനും ഐ.എസ്.ആർ.ഒ എഞ്ചിനീയറുമായ കൃഷ്ണാമൂർത്തി എന്ന യുവാവ്. (പിന്നീട് ഇന്ത്യൻ പ്രസിഡന്റായി മാറിയ തന്റെ സഹപ്രവർത്തകൻ അബ്ദുൽ കലാമിനെ സ്കൂട്ടറിന്റെ പിറകിലിരുത്തി സിറ്റി മുഴുവൻ യാത്ര ചെയ്തിരുന്ന കഥ പലപ്പോഴും എന്നോട് മൂർത്തി സാർ പറഞ്ഞിട്ടുണ്ട് ).

സൂര്യയുടെ മെമ്പർഷിപ് കിട്ടാൻ നഗരവാസികൾ മാസങ്ങൾ കാത്തുനിൽക്കേണ്ട സ്ഥിതി ഒരു കാലത്തുണ്ടായിരുന്നു. ഒരിക്കൽ സൂര്യയുടെ അതിഥിയായെത്തിയ സത്യജിത് റായിയോട് തിരുവനന്തപുരത്തെ ബംഗാൾ സ്വദേശികൾ ആവശ്യപ്പെട്ടത് തങ്ങൾക്ക് സൂര്യാ മെമ്പർഷിപ് കിട്ടാൻ കൃഷ്ണമൂർത്തിയോട് ശിപാർശ ചെയ്യണമെന്നാണത്രേ. 1980കളുടെ ആദ്യം "സൂര്യ" കേരളത്തിലെ മാത്രമല്ല ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫൈൻ ആർട്സ് സൊസൈറ്റിയായും, സൂര്യാ കൃഷ്ണാമൂർത്തി തിരുവനന്തപുരത്തെ പ്രമുഖ സംഘാടകനും സാംസ്കാരികനായകനുമായി വളർന്നു. അന്നു അദ്ദേഹത്തിനു പ്രായം മുപ്പതു വയസ്സിൽ താഴെ മാത്രം.

സൂര്യയെ മാതൃകയായി കണ്ടുകൊണ്ടാണ് മാവേലിക്കരയിൽ ഞാനും 1980 ൽ 'കേളി' എന്ന ഫൈൻ ആർട്സ് സൊസൈറ്റിക്കു രൂപം നൽകുന്നത്. മാസം തോറും നാടകങ്ങൾ നടത്തുക എന്നതായിരുന്നു കേളിയുടെ പ്രഥമോദ്ദേശമെങ്കിലും, വർഷത്തിലൊരിക്കൽ "സൂര്യ "യുടെ മാതൃകയിൽ ഓണക്കാലത്തു മാവേലിക്കരയിൽ ഒരു ഫെസ്റ്റിവൽ നടത്താൻ ഞാൻ പദ്ധതിയിട്ടു. സഹായത്തിനായി കൃഷ്ണമൂർത്തിയുടെ തൈക്കാട്ടുള്ള വീട്ടിൽ 1983 ലോ 1984 ലോ ഒരു ദിവസം ഞാനെത്തി. ഒരു മുൻ പരിചയവുമില്ലാത്ത എനിക്ക്‌ അദ്ദേഹം നൽകിയ ഊഷ്മളമായ സ്വീകരണം ഇന്നുമെന്റെ മനസ്സിലുണ്ട്. അന്നു തുടങ്ങിയ ബന്ധം ഇന്നലെ വരെ അഭംഗുരം തുടർന്നു എന്നു പറയാം. അദ്ദേഹത്തിന്റെ സഹായത്തോടെയാണ് യു ശ്രീനിവാസൻ, രവി കിരൺ, മഞ്ജു ഭാർഗവി, മഞ്ജു വാര്യർ, കാവ്യ മാധവൻ, കുന്നക്കൂടി വൈദ്യനാഥൻ, എം.ജി രാധാകൃഷ്ണൻ തുടങ്ങിയ കലാകാരന്മാരെ ഞാനാദ്യമായി മാവേലിക്കരയിൽ അവതരിപ്പിക്കുന്നത്.

1992 ൽ ബഹ്‌റൈനിലെത്തിയ എനിക്ക്‌ സൂര്യ കൃഷ്ണമൂർത്തിയുമായുള്ള അടുത്ത ബന്ധം താൽക്കാലികമായി നഷ്ടപ്പെട്ടു. 1999 ലാണ് സൂര്യാ ടി.വി & ഫിലിം സൊസൈറ്റിയുടെ ബഹ്‌റൈൻ ചാപ്റ്റർ രൂപീകരിക്കുന്നത്. ആദ്യ കാലങ്ങളിൽ വെറുമൊരു പ്രേക്ഷകൻ എന്ന നിലയിൽ മാത്രമായിരുന്നു ചാപ്റ്ററുമായി എന്റെ ബന്ധം. പക്ഷെ 2008 ലോ 2009 ലോ സൂര്യാ ബഹ്‌റൈൻ ചാപ്റ്ററിന്റെ പ്രവർത്തനം മന്ദീഭവിച്ച സാഹചര്യത്തിൽ കൃഷ്ണമൂർത്തിയുടെ നിർദ്ദേശാനുസരണം ഞാൻ പ്രസിഡന്റായും, വർഗീസ് കാരയ്ക്കൽ സെക്രട്ടറിയായും സൂര്യാ ബഹ്‌റൈൻ ചാപ്റ്റർ പുനസംഘടിപ്പിക്കപ്പെടുകയുണ്ടായി.

അതോടെ ഞങ്ങൾ തമ്മിലുള്ള ബന്ധം വീണ്ടും സജീവമായി. കോവിഡ് കാലമൊഴികെ കഴിഞ്ഞ രണ്ടു വ്യാഴവട്ടക്കാലം സമാജവും സൂര്യ കൃഷ്ണമൂർത്തിയും തമ്മിലുള്ള സഹകരണം ബഹ്‌റൈനിലെ കലാപ്രേമികൾക്ക് വലിയ സംഭാവനകളാണ് നൽകിയത്. അഞ്ചു വർഷങ്ങൾക്കു മുൻപ് തുടങ്ങിയ ‘ബി.കെ.എസ് - ഇൻഡോ ബഹ്റൈൻ ഡാൻസ് ആൻഡ് മ്യൂസിക് ഫെസ്റ്റിവൽ’ ന്റെ ഡയറക്ടർ എന്ന നിലയിൽ നിരവധി വിശ്വപ്രസിദ്ധ കലാകാരന്മാരെ ബഹറൈനു പരിചയപ്പെടുത്താൻ അദ്ദേഹത്തിന്നായി.

ദിവസങ്ങളോളം ബഹ്‌റൈനിൽ താമസിച്ചുകൊണ്ടാണ് ഈ ഫെസ്റ്റിവലുകൾ അദ്ദേഹം കുറേറ്റ് ചെയ്തത്. ഈ വർഷം മെയ് മാസത്തിൽ ഒരാഴ്ചത്തെ ഫെസ്റ്റിവൽ പ്ലാൻ ചെയ്തിരുന്നുവെങ്കിലും ഗൾഫ് സംഘർഷം മൂലം മാറ്റിവയ്ക്കുകയാണുണ്ടായത്. ശ്രാവണം 2026 നു ഗംഗാ ശശിധരന്റെയും വൈക്കം വിജയ ലക്ഷ്മി യുടെയും പരിപാടികൾ സമാജത്തിനു വേണ്ടി മൂർത്തി സാറാണ് ഏർപ്പാട് ചെയ്തു തന്നത്.

ബഹ്‌റൈൻ കേരളീയ സമാജം ഏർപ്പെടുത്തിയ ആദ്യ "വിശ്വ കലാരത്ന പുരസ്കാരം "( 5 ലക്ഷം രൂപ, ഫലകം, സർട്ടിഫിക്കറ്റ് ) കലാരംഗത്തു നൽകിയ സംഭാവനകളുടെ പേരിൽ സൂര്യാ കൃഷ്ണമൂർത്തിക്കു സമ്മാനിക്കുകയുണ്ടായി. (പക്ഷെ ചാരിറ്റി പ്രവർത്തനങ്ങൾക്കായി ക്യാഷ് അദ്ദേഹം തിരികെ നൽകി ). നിരവധി സംസ്ഥാന ദേശീയ പുരസ്കാരങ്ങളും പദവികളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. സംസ്ഥാന - ദേശീയ ചലച്ചിത്ര അവാർഡ് കമ്മിറ്റികളിൽ നിരവധി തവണ അദ്ദേഹം അംഗമായിരുന്നിട്ടുണ്ട്.

കൃഷ്ണമൂർത്തി സാറിനെക്കുറിച്ചുള്ള സ്നേഹോഷ്മളമായ നിരവധി ഓർമ്മകൾ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. ഓരോ പ്രാവശ്യവും ബഹ്‌റൈനിൽ വരുമ്പോൾ കൊണ്ടുവരുന്ന മധുരപലഹാരങ്ങൾ അദ്ദേഹം സ്നേഹംകൂടി ചാലിച്ചു ചേർക്കുന്നതുകൊണ്ടാവാം കൂടുതൽ മധുരതരമായി അനുഭവപ്പെടും. പുതിയ സാംസ്കാരിക മന്ത്രിയെക്കൊണ്ട് പ്രവാസികൾക്കായി ഒരു സാംസ്‌കാരികനയം തന്നെ പ്രഖ്യാപിപ്പിക്കാ ൻ മുൻകയ്യെടുക്കുമെന്ന് അദ്ദേഹം ഉറപ്പു നൽകിയിരുന്നു.

നാട്ടിലുള്ളപ്പോഴൊക്കെ അദ്ദേഹത്തിന്റെ വീട്ടിലെ നിത്യ സന്ദർശകനായിരുന്നു ഞാൻ. മധുരപലഹാരങ്ങളും പാനീയങ്ങളും നൽകാതെ അദ്ദേഹം അതിഥികളെ വിടാറില്ല. വീട്ടിലെ എണ്ണമറ്റ ഗണപതി വിഗ്രഹങ്ങൾ, പാവപ്പെട്ട കലാകാരന്മാരുടെ ഉപയോഗത്തിനായി അദ്ദേഹം പടുത്തുയർത്തിയ ഗണേശം എന്ന തീയേറ്റർ, അവരുടെ താമസത്തിനുള്ള ഗസ്റ്റ് ഹൗസ് - എല്ലാം നമ്മെ അത്ഭുതപ്പെടുത്തും.

"Art at an affordable cost and integration through art"- ഇതായിരുന്നു സൂര്യ സാറിന്റെ അടിസ്ഥാന പ്രമാണം. അദ്ദേഹമില്ലാത്ത സാംസ്‌കാരിക തിരുവനന്തപുരത്തെക്കുറിച്ചാലോചിക്കാൻ വിഷമം. കലാസാംസ്കാരിക വിഷയങ്ങളിൽ ഇനിയുമാശ്രയിക്കാൻ ആരുമില്ലാത്ത ഒരവസ്ഥ.

സൂര്യ സാറിനു കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ!

Tags:    
News Summary - The 'Sun' who amazed art lovers in Bahrain; P.V. Radhakrishnan Pillai shares an emotional note remembering Surya Krishnamoorthy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.