പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ

വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ വിദഗ്ധരായ ജീവനക്കാരുടെ സംഭാവനകൾ നിർണായകം- കിരീടാവകാശി

മനാമ: രാജ്യത്തിന്റെ സമഗ്രമായ വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ വിദഗ്ദ്ധരായ ജീവനക്കാരുടെ സംഭാവനകൾ നിർണായകമാണെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ വ്യക്തമാക്കി. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നേതൃത്വത്തിലുള്ള വികസന പ്രവർത്തനങ്ങൾക്ക് ഉദ്യോഗസ്ഥരുടെ സേവനം കരുത്ത് പകരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗുദൈബിയ കൊട്ടാരത്തിൽ വിവിധ സർക്കാർ വകുപ്പുകളിൽ പുതുതായി നിയമിക്കപ്പെട്ട ഡയറക്ടർമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കിരീടാവകാശി ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ ഉദ്യോഗസ്ഥരെ അഭിനന്ദിച്ച അദ്ദേഹം, ദേശീയ ചുമതലകൾ നിർവഹിക്കുന്നതിൽ എല്ലാവർക്കും വിജയം ആശംസിച്ചു. വരുന്ന മാസങ്ങളിൽ സർക്കാർ പ്രവർത്തനങ്ങളുടെ നിലവാരം കൂടുതൽ ഉയർത്തേണ്ടതുണ്ടെന്ന് പ്രിൻസ് സൽമാൻ ഓർമ്മിപ്പിച്ചു.

നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കുക, മികച്ച പ്രകടനം കാഴ്ചവെക്കുക, ഔദ്യോഗിക കാര്യക്ഷമത വർധിപ്പിക്കുക എന്നിവ രാജ്യത്തിന്റെ വികസന മുൻഗണനകൾക്ക് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. സർക്കാർ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനായി പുതിയ ഉദ്യോഗസ്ഥർ മുൻകൈയെടുക്കണമെന്നും, കൂട്ടായ്മയുടെ കരുത്തിൽ ദേശീയ വൈദഗ്ദ്യവും അനുഭവസമ്പത്തും പരമാവധി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ചടങ്ങിൽ ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ, പ്രൈം മിനിസ്റ്റേഴ്സ് കോർട്ട് മന്ത്രി ശൈഖ് ഈസ ബിൻ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, കാബിനറ്റ് കാര്യ മന്ത്രി ഹമദ് അൽ മാലികി എന്നിവരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.  

Tags:    
News Summary - Skilled employees vital for development: Crown Prince

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.