മനാമ: വേൾഡ് ഇക്കണോമിക് ഫോറം പുറത്തുവിട്ട ഗ്ലോബൽ ജെൻഡർ ഗ്യാപ് റിപ്പോർട്ടിലെ ബഹ്റൈന്റെ നേട്ടത്തെ പ്രശംസിച്ച് ശൂറാ കൗൺസിലിലെയും കൗൺസിൽ ഓഫ് റപ്രസന്റേറ്റിവ്സിലെയും അംഗങ്ങളും ജനപ്രതിനിധികളും. സമത്വം, തുല്യ അവസരങ്ങൾ, എല്ലാ മേഖലകളിലും സ്ത്രീ ശാക്തീകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ രാജ്യത്തിന്റെ മികച്ച ശ്രമങ്ങളെയാണ് ഈ റിപ്പോർട്ട് പ്രതിഫലിപ്പിക്കുന്നതെന്ന് അവർ അഭിപ്രായപ്പെട്ടു. തൊഴിൽ വിപണിയിലും നേതൃപരമായ റോളുകളിലും ബഹ്റൈനി സ്ത്രീകളുടെ പങ്കാളിത്തത്തിലുണ്ടായ ഗണ്യമായ വളർച്ചയും, സ്ത്രീകളുടെ അവകാശങ്ങളെ പിന്തുണക്കുന്നതിലും വിവിധ മേഖലകളിൽ അവരുടെ പൂർണ പങ്കാളിത്തം ഉറപ്പാക്കുന്നതിലും ബഹ്റൈൻ നടത്തിയ നിയമ നിർമാണപരമായ മുന്നേറ്റങ്ങൾ, രാഷ്ട്ര നിർമാണത്തിൽ സ്ത്രീകളെ അനിവാര്യ പങ്കാളികളാക്കാനുള്ള പ്രതിബദ്ധത എന്നിവ ഈ റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.
രാജ്യം നേടിയ ഈ സുപ്രധാന നേട്ടം രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ ദീർഘവീക്ഷണമുള്ള കാഴ്ചപ്പാടും രാജകീയ പിന്തുണയുമാണെന്ന് ശൂറാ കൗൺസിൽ അംഗവും നിയമനിർമാണ സമിതിയുടെ തലവനുമായ ദലാൽ അൽ സഈദ് പറഞ്ഞു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അചഞ്ചലമായ പിന്തുണയും ഈ നേട്ടത്തിന് പിന്നിലുണ്ട്. സ്ത്രീ ശാക്തീകരണം ഒരു ദേശീയ മുൻഗണനയാക്കി മാറ്റിയ വ്യക്തിയാണ് അദ്ദേഹമെന്നും ദലാൽ അൽ സഈദ് പറഞ്ഞു. നേട്ടത്തിൽ ഹമദ് രാജാവിന്റെ പത്നി ശൈഖ സബീഖ ബിൻത് ഇബ്രാഹിം ആൽ ഖലീഫയുടെ നേതൃത്വത്തിലുള്ള സുപ്രീം കൗൺസിൽ ഫോർ വിമന്റെ പങ്കിനെ ശൂറാ കൗൺസിൽ അംഗം അലി അബ്ദുല്ല അൽ അറാദി സൂചിപ്പിച്ചു. സ്ത്രീകളുടെ ആവശ്യങ്ങൾ ദേശീയ വികസനത്തിൽ ഉൾപ്പെടുത്തുന്ന നാഷനൽ ജെൻഡർ ബാലൻസ് മോഡൽ പോലുള്ള സംരംഭങ്ങൾ ഈ കൗൺസിൽ അവതരിപ്പിച്ചിട്ടുണ്ടെന്നും ഇത് അന്താരാഷ്ട്ര പ്രശംസ നേടിയെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത് സ്ത്രീ ശാക്തീകരണം, നിയമനിർമാണ വികസനം, സാമ്പത്തിക പങ്കാളിത്തം എന്നിവയിലെ സ്ഥിരമായ പുരോഗതി കാണിക്കുന്നുവെന്ന് എം.പി. അഹമ്മദ് സബാഹ് അൽ സല്ലൂമും കൂട്ടിച്ചേർത്തു. ആഗോളതലത്തിൽ ബഹ്റൈൻ 12 സ്ഥാനങ്ങൾ കയറി 148 രാജ്യങ്ങളിൽ 104ാം സ്ഥാനത്താണെത്തിയത്. 2024ൽ നേട്ടം 66.6 ശതമാനം ആയിരുന്നത് 2025ൽ 68.4 ശതമാനമായി ഉയർന്നു. യു.എ.ഇക്ക് ശേഷം ഗൾഫ്, അറബ് രാജ്യങ്ങൾ എന്നീ മേഖലകളിൽ രാജ്യം രണ്ടാം സ്ഥാനം നേടി. സാമ്പത്തിക പങ്കാളിത്തം, അവസരം, വരുമാന സമത്വം, വനിത മന്ത്രിമാരുടെ ശതമാനം (ഇപ്പോൾ 21.7 ശതമാനം) തുടങ്ങിയ പ്രധാന മേഖലകളിൽ ബഹ്റൈൻ ഗൾഫിൽ ഒന്നാം സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.