മനാമ: ഒന്നിലധികം രാജ്യങ്ങളിൽ ബിസിനസ് പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചിട്ടുള്ള ബഹുരാഷ്ട്ര സംരംഭങ്ങൾക്ക് (എം.എൻ.ഇ) പുതിയ നികുതി ഏർപ്പെടുത്താനുള്ള നിയമത്തിന് ശൂറ കൗൺസിലിൽ അംഗീകാരം. 2024 ആഗസ്റ്റിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ പുറപ്പെടുവിച്ച ബഹുരാഷ്ട്ര സംരംഭങ്ങൾക്കുള്ള ആഭ്യന്തര മിനിമം ടോപ്-അപ് ടാക്സ് നടപ്പാക്കുന്നതിനുള്ള നിയമമാണ് കഴിഞ്ഞ ദിവസം ശൂറ അംഗീകരിച്ചത്. പാർലമെന്റ് നേരത്തെ നിയമം അംഗീകരിച്ചിരുന്നു.
ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോഓപറേഷൻ ആൻഡ് ഡെവലപ്മെന്റ് (ഒ.ഇ.സി.ഡി)യുടെ അന്താരാഷ്ട്ര നികുതി പരിഷ്കാരങ്ങളുമായി, 2018 മുതൽ ബഹ്റൈൻ ഒപ്പുവെച്ചിട്ടുള്ള ഇൻക്ലൂസിവ് ഫ്രെയിംവർക്ക് ഓൺ ബേസ് ഇറോഷൻ ആൻഡ് പ്രോഫിറ്റ് ഷിഫ്റ്റിങ് (ബി.ഇ.പി.എസ്) പ്രകാരമുള്ള ആഗോള മിനിമം നികുതി സംരംഭത്തിന് അനുസൃതമായാണ് ഈ സുപ്രധാന നിയമനിർമാണം ബഹ്റൈൻ നടപ്പാക്കാനൊരുങ്ങുന്നത്. പുതിയ നിയമ പ്രകാരം 750 മില്യൺ യൂറോയിൽ കൂടുതൽ ആഗോള വാർഷിക വരുമാനമുള്ള കമ്പനികൾക്കോ പദ്ധതികൾക്കോ 15 ശതമാനം കുറഞ്ഞ ടോപ്-അപ് നികുതിയാണ് ചുമത്തുക. ഇതോടെ ആഭ്യന്തര സമ്പദ് വ്യവസ്ഥക്ക് ബിസിനസുകൾ ന്യായമായ സംഭാവന നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്തും.
നിർദിഷ്ട നിയമപ്രകാരം രാജ്യത്ത് 348 ബഹുരാഷ്ട്ര കമ്പനികളിൽനിന്നായി 130 ദശലക്ഷം ദീനാർ വാർഷിക നികുതി വരുമാനം പ്രതീക്ഷിക്കുന്നുണ്ടെന്ന് ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ പറഞ്ഞു. ഈ വരുമാനം ബഹ്റൈന്റെ സാമ്പത്തിക സ്ഥിതിക്ക് കാര്യമായ സംഭാവനയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ധനപരമായ സുസ്ഥിരത കൈവരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ശൈഖ് സൽമാൻ പറഞ്ഞു. കൂടാതെ വിദേശ നിക്ഷേപത്തിനുള്ള ആകർഷകമായ രാജ്യമെന്ന നിലയിൽ ബഹ്റൈന്റെ സ്ഥാനം ശക്തിപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.