വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​മു​ഹ​മ്മ​ദ് മു​ബാ​റ​ക് ജു​മു​അ

സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ പുതിയ നിയമത്തിന് ശൂറ കൗൺസിൽ അംഗീകാരം

മനാമ: ബഹ്‌റൈനിലെ സ്വകാര്യ വിദ്യാഭ്യാസ മേഖലയുടെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാക്കാനും ഗുണനിലവാരം ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള പുതിയ നിയമത്തിന് ശൂറ കൗൺസിൽ തത്വത്തിൽ അംഗീകാരം നൽകി. 1998-ലെ 25-ാം നമ്പർ നിയമത്തിന് പകരമായാണ് 36 ആർട്ടിക്കിളുകളുള്ള പുതിയ ബില്ല് വരുന്നത്.

മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് മേഖലയിൽ ഇത്രയും വിപുലമായ നിയമപരിഷ്കാരം നടക്കുന്നത്. വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് മുബാറക് ജുമുഅ ശൂറ കൗൺസിലിൽ ബില്ലിന്റെ പ്രാധാന്യം വിശദീകരിച്ചു. രാജ്യത്തെ സ്വകാര്യ സ്കൂളുകളുടെയും വിദ്യാർഥികളുടെയും എണ്ണം ഇരട്ടിയായി വർധിച്ച സാഹചര്യത്തിൽ പഴയ നിയമം നിലവിലെ യാഥാർത്ഥ്യങ്ങളുമായി ഒത്തുപോകുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ നിയമത്തിലെ പ്രധാന നിർദ്ദേശങ്ങൾ പ്രകാരം നഴ്സറികൾ, കിന്റർഗാർട്ടനുകൾ എന്നിവയുൾപ്പെടെ എല്ലാ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇനി മുതൽ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും. മന്ത്രാലയത്തിന്റെ മുൻകൂർ അനുമതിയില്ലാതെ ട്യൂഷൻ ഫീസ് വർദ്ധിപ്പിക്കാൻ കഴിയില്ല.

ഫീസ് വർധനവിനായി സുതാര്യമായ അപ്പീൽ സംവിധാനവും ഏർപ്പെടുത്തും. ലൈസൻസിങ് നടപടികൾ കൂടുതൽ ലഘൂകരിക്കും. മന്ത്രാലയത്തിന്റെ പ്രാഥമിക അംഗീകാരം ലഭിച്ച ശേഷം മറ്റ് അതോറിറ്റികളിൽ നിന്ന് അനുമതി തേടിയാൽ മതിയാകും. സ്വകാര്യ സ്കൂളുകളിൽ രക്ഷിതാക്കളുടെ കൗൺസിലുകൾ നിർബന്ധമാക്കും. ഇത് സ്കൂൾ മാനേജ്‌മെന്റിന്റെ ഉത്തരവാദിത്തം വർദ്ധിപ്പിക്കാൻ സഹായിക്കും.

സ്കൂൾ ജീവനക്കാരുടെ നിയമനത്തിന് മുൻപ് ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് കർശനമായ സുരക്ഷാ പരിശോധനകൾ നടത്തും. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ ബില്ലിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. ലൈസൻസില്ലാതെ പ്രവർത്തിക്കുകയോ തെറ്റായ വിവരങ്ങൾ നൽകുകയോ ചെയ്താൽ 1,00,000 ബഹ്‌റൈൻ ദിനാർ വരെ പിഴ ലഭിക്കാം. ഗുരുതരമായ നിയമലംഘനങ്ങൾക്ക് ഒരു വർഷം വരെ തടവ് ശിക്ഷയും ലൈസൻസ് റദ്ദാക്കലും നേരിടേണ്ടി വരും.

അതേസമയം, മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ലൈസൻസ് പുതുക്കുന്നതിനും മറ്റ് പ്രവർത്തനങ്ങൾക്കും പ്രത്യേക ആനുകൂല്യങ്ങളും നൽകുമെന്ന് മന്ത്രി അറിയിച്ചു. നിലവിൽ ബഹ്‌റൈനിലെ 81 സ്വകാര്യ സ്കൂളുകളിലായി 90,000-ത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. പുതിയ നിയമം നടപ്പിലാകുന്നതോടെ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും താൽപ്പര്യങ്ങൾ കൂടുതൽ സംരക്ഷിക്കപ്പെടുമെന്ന് ശൂറ കൗൺസിൽ സർവിസ് കമ്മിറ്റി ചെയർപേഴ്‌സൺ ഡോ. ജമീല അൽ സൽമാൻ പറഞ്ഞു.

Tags:    
News Summary - Shura Council approves new law for private education sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.