മനാമ: ഷാഫി പറമ്പിൽ എം.പിയെ വഴിതടഞ്ഞ് അസഭ്യം പറഞ്ഞ വിഷയത്തിൽ ശക്തമായി പ്രതിഷേധിച്ച് ഐ.വൈ.സി.സി ബഹ്റൈൻ. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളിൽ കോൺഗ്രസ് പാർട്ടി വ്യക്തമായ നടപടി സ്വീകരിച്ചിരുന്നു. എന്നാൽ, ഒരു പരാതിയോ ആരോപണമോ ഇല്ലാതിരുന്നിട്ടും, വടകര എം.പി. ഷാഫി പറമ്പിലിനെതിരെ ഡി.വൈ.എഫ്.ഐ, സി.പി.എം പ്രവർത്തകർ അസഭ്യം വിളിച്ചുപറഞ്ഞ് വഴിതടഞ്ഞത് ഇരട്ടത്താപ്പാണ്.
ഒരു ജനപ്രതിനിധിയെ പൊതുസ്ഥലത്ത് അനാവശ്യമായി തെറി വിളിച്ചിട്ടും പൊലീസ് ഇവർക്കെതിരെ നിഷ്ക്രിയരാവുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. എം.പിക്ക് നേരിട്ടിറങ്ങി സി.പി.എം ഗുണ്ടായിസത്തിനെതിരെ പ്രതികരിക്കേണ്ടിവന്നു. ഇത് പൊലീസിന്റെയും ആഭ്യന്തര മന്ത്രി പിണറായി വിജയന്റെയും പരാജയമാണ്. ഒരു എം.പിയെ സംരക്ഷിക്കാൻപോലും ആഭ്യന്തര വകുപ്പിന് ശക്തിയില്ല. ഇതിനെതിരെയാണ് ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ആരോപണത്തിൽ ഷാഫി പറമ്പിലിനെ വഴിയിൽ തടയുന്ന സി.പി.എം നിലപാട് മനസ്സിലാകുന്നില്ല. അങ്ങനെയെങ്കിൽ പീഡന ആരോപണം ഉള്ള പി. ശശിയെയും ബലാത്സംഗ കേസിൽ വിചാരണ നേരിടുന്ന മുകേഷ് എം.എൽ.എയെ അടക്കം സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ തടയാൻ ഡി.വൈ.എഫ്.ഐ - സി.പി.എമ്മിന് ആർജവം ഉണ്ടോ എന്നും, സ്ത്രീപീഡന ആരോപണങ്ങൾ സി.പി.എം നേതാക്കൾക്കെതിരെ ആവുമ്പോൾ പാർട്ടി കോടതി അന്വേഷണം നടത്തുമെന്ന് പറയുന്ന സി.പി.എം, ധാർമിക ബോധമുണ്ടെങ്കിൽ കോൺഗ്രസ് സ്വീകരിച്ച മാന്യമായ നിലപാട് സ്വീകരിച്ചു മാതൃകയാകണം എന്നും ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറർ ബെൻസി ഗനിയുഡ് എന്നിവർ വാർത്തക്കുറിപ്പിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.