സ്റ്റുഡൻസ് ഗൈഡൻസ് ഫോറം (എസ്.ജി.എഫ്) സംഘടിപ്പിച്ച 'മിനി മാത്ത് ഒളിമ്പ്യാഡ്'
മനാമ: സ്റ്റുഡൻസ് ഗൈഡൻസ് ഫോറം (എസ്.ജി.എഫ്) സംഘടിപ്പിച്ച 'മിനി മാത്ത് ഒളിമ്പ്യാഡ്' ശ്രദ്ധേയമായി. ഗണിതശാസ്ത്രപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട പരിപാടിയുടെ സമാപന സമ്മേളനം ബഹ്റൈനിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യം കൊണ്ട് വേറിട്ടുനിന്നു.
ചടങ്ങിലെ മുഖ്യാതിഥി, പ്രശസ്ത സിവിൽ സർവിസ് ഉദ്യോഗസ്ഥൻ ഡോ. രാജു നാരായണ സ്വാമി നടത്തിയ പ്രഭാഷണവും തുടർന്നുനടന്ന ചോദ്യോത്തര വേളയും ഏറെ ശ്രദ്ധ നേടി. സ്വന്തം ഭരണപരിചയം പങ്കുവെച്ച ഡോ. രാജു നാരായണ സ്വാമി, മാതാപിതാക്കളുടെയും അധ്യാപകരുടെയും ഉത്തരവാദിത്തമുള്ള സമീപനം പുതുതലമുറയ്ക്ക് എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് വിശദീകരിച്ചു. സിവിൽ സർവിസ് പോലുള്ള പരീക്ഷകളിൽ പങ്കെടുക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കണമെന്ന് അദ്ദേഹം ആവർത്തിച്ച് ആവശ്യപ്പെട്ടു.
ഇത്തരം പരിപാടികളിലൂടെ ഒരു കുട്ടിയെ എങ്കിലും പ്രോത്സാഹിപ്പിക്കാൻ കഴിയുന്നുവെങ്കിൽ അത് വലിയ സേവനമാണെന്നും എസ്.ജി.എഫിന്റെ തുടർന്നുള്ള പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കാൻ താൽപര്യമുണ്ടെന്നും അദ്ദേഹം പ്രഖ്യാപിച്ചു. 'എഡ്യൂപാർക്കും സ്റ്റുഡൻസ് ഗൈഡൻസ് ഫോറവും' സംയുക്തമായാണ് പരിപാടികൾ സംഘടിപ്പിച്ചത്. ഈ വേളയിൽ വിവിധ സംഘടനകൾ ഡോ. രാജു നാരായണസ്വാമിയെ ആദരിച്ചു.
സ്റ്റുഡൻസ് ഗൈഡൻസ് ഫോറം ചെയർമാൻ എബ്രഹാം ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന സമാപനസമ്മേളനത്തിൽ, 'കോഫി വിത്ത് ഡോക്ടർ രാജു നാരായണസ്വാമി'ക്ക് എസ്.ജി.എഫിന്റെ പ്രശംസാപത്രം സുനിൽ രാജ് രാജാമണി നൽകി ആദരിച്ചു. കെ.ജി. ബാബുരാജ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു. മിനി മാത്ത് ഒളിമ്പ്യാഡിന്റെ ജൂറി അംഗവും ഇന്ത്യൻ സ്കൂൾ മുൻ അധ്യാപകനുമായ വിജയകുമാർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. എഡ്യൂപാർക്ക് ഡയറക്ടർമാരായ ബഷീർ മുഹമ്മദ്, സക്കറിയ ചുള്ളിക്കൽ, റജീന ഇസ്മായിൽ, എസ്.ജി.എഫ് സഹകാരികളായ സൈദ് ഹനീഫ്, റിച്ചാർഡ് ഇമ്മാനുവേൽ എന്നിവരാണ് പരിപാടികൾ ഏകോപിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.