മനാമ: നിയമവിരുദ്ധ പുകയില ഉൽപന്നങ്ങളുടെയും മറ്റു ബദൽ സംവിധാനങ്ങളുടെയും വിൽപന തടയുന്നതിനുള്ള കർശനമായ ശിക്ഷകൾ നിർദേശിച്ചുള്ള ഭേദഗതിക്ക് ശൂറ കൗൺസിൽ അംഗീകാരം. 2009 ലെ പുകവലി വിരുദ്ധ നിയമത്തിലെ ഭേദഗതികൾക്കാണ് ശൂറ കൗൺസിൽ അംഗീകാരം നൽകിയത്. ഇത്തരത്തിലുള്ള ഉൽപന്നങ്ങൾ വിൽക്കുകയോ വിതരണം ചെയ്യുകയോ ചെയ്താൽ കുറ്റവാളികൾക്ക് ഒരു ലക്ഷം ദീനാർ വരെ പിഴയും ഒരു വർഷം വരെ തടവും വിധിക്കും.
2023 ഡിസംബറിൽ പാർലമെന്റ് പാസാക്കിയ നിയമം ശൂറ കൗൺസിൽ അംഗീകാരത്തിനുശേഷം ഹമദ് രാജാവിന്റെ തുടർ തീരുമാനങ്ങൾക്കായി കാത്തിരിക്കുകയാണ്. ഭേദഗതികൾ പ്രകാരം പുകവലി ബദലുകൾ നിയമവിരുദ്ധമായി ഇറക്കുമതി ചെയ്യുകയോ വിതരണം ചെയ്യുകയോ വിൽക്കുകയോ ചെയ്തതിന് കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവർക്ക് അവയിൽ നിക്കോട്ടിൻ അടങ്ങിയിട്ടില്ലെങ്കിൽ പോലും ഒരു വർഷം വരെ തടവും 1,000 മുതൽ 100,000 ദീനാർ വരെ പിഴയും ലഭിക്കുന്നതാണ്.
നിരോധിത ഉൽപന്നങ്ങളുട പട്ടിക തയാറാക്കാൻ ആരോഗ്യ മന്ത്രിക്ക് അധികാരമുണ്ടാകും. പുകയില കൃഷി ചെയ്യുകയോ, ഉൽപാദിപ്പിക്കുകയോ ചെയ്യുന്നവരിൽ നിന്നും 2,000 മുതൽ 5,000 ദീനാർ വരെ പിഴ ഈടാക്കും. കായികം, സാംസ്കാരികം, സാമൂഹിക പരിപാടികൾ, പാർട്ടികൾ അല്ലെങ്കിൽ മറ്റേതെങ്കിലും പരിപാടികൾ പുകയില കമ്പനികൾ സ്പോൺസർ ചെയ്യുന്നതും പരസ്യം ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്.
ഏതെങ്കിലും തരത്തിൽ നിയമങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുകയോ ലംഘിക്കുകയോ ചെയ്താൽ കടകൾക്ക് 1,000 മുതൽ 3,000 ദീനാർ വരെ പിഴ ചുമത്തും. പ്രായപൂർത്തിയാകാത്തവർക്ക് പുകയില വിൽക്കുന്നതോ പൊതുസ്ഥലങ്ങളിൽ പുകവലിക്കാൻ അനുവദിക്കുന്നതോ കണ്ടെത്തിയാൽ കുറഞ്ഞത് 100 ദീനാർ പിഴ ഈടാക്കും.
പൊതു ഇടങ്ങളിലോ ഇൻഡോറുകളിലോ പുകവലിക്കുന്നതിന് 20 മുതൽ 50 ബഹ്റൈൻ ദീനാർ വരെ പിഴ ചുമത്തും. നിയമലംഘനം നടത്തുന്നവരുടെ സ്ഥാപനങ്ങൾ മൂന്ന് മാസം വരെ അടച്ചുപൂട്ടാൻ കോടതിക്ക് അധികാരമുണ്ടായിരിക്കും.യുവാക്കൾക്കിടയിലെ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് അവബോധം നൽകാൻ ഭേദഗതി കൊണ്ട് ലക്ഷ്യമിടുന്നതായി ശൂറ സേവന സമിതി അധ്യക്ഷ ഡോ.
ജമീല അൽ സൽമാൻ പറഞ്ഞു. കൂടാതെ പുകവലിയുടെ പ്രതികൂല ഫലങ്ങൾ ചെറുക്കുക, നിയമവിരുദ്ധ പുകയില ഉൽപന്നങ്ങൾക്കെതിരായ നിയമങ്ങൾ ശക്തിപ്പെടുത്തുക എന്നതും ഭേദഗതിയുടെ ലക്ഷ്യങ്ങളാണെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.