റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം
റിയാദ്: ഒറ്റ ദിവസത്തെ യാത്രക്കാരുടെ എണ്ണത്തിൽ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം തങ്ങളുടെ മുൻകാല റെക്കോഡുകൾ മറികടന്നുകൊണ്ട് ഒരു പുതിയ നാഴികക്കല്ല് സ്ഥാപിച്ചു. 2025 ജൂലൈ 31നാണ് യാത്രക്കാരുടെ എണ്ണം1,42,000 ത്തിൽ അധികമായത്. 2024 ആഗസ്റ്റ് ഒന്നിന് 1,31,000 യാത്രക്കാരെന്ന റിയാദ് വിമാനത്താവളത്തിലെ മുൻകാല റെക്കോഡ് ആണ് ഇതോടെ മറികടന്നത്.
കഴിഞ്ഞ വർഷങ്ങളിലെ യാത്രക്കാരുടെ എണ്ണത്തിലെ തുടർച്ചയായ വളർച്ചയുടെ ഭാഗമായാണ് ഈ നേട്ടം കൈവരിക്കാനായത്. ഒരു മാസത്തിനുള്ളിൽ യാത്രക്കാരുടെ എണ്ണം 39 ലക്ഷത്തിലെത്തിയതായാണ് കണക്ക്. ഇത് യാത്ര ഗതാഗതത്തിലെ ഗണ്യമായ വളർച്ചയെയും തലസ്ഥാനത്ത് വ്യോമഗതാഗത സേവനങ്ങൾക്കായുള്ള വർധിച്ചുവരുന്ന ആവശ്യത്തെയും പ്രതിഫലിപ്പിക്കുന്നു. കഴിഞ്ഞ ജൂലൈയിൽ വിമാനത്താവളം റെക്കോഡ് വിമാന സർവിസുകളും രേഖപ്പെടുത്തി.
26,000 സർവിസുകളാണ് ഇക്കാലയളവിൽ റിയാദ് വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്തത്. സർവിസ് നടത്തുന്ന വിമാനക്കമ്പനികളുടെ എണ്ണം 63 ആയും വർധിച്ചു. ലോകത്തെമ്പാടുമുള്ള 121 വിമാനത്താവളങ്ങളിലേക്കാണ് ഇത്രയും സർവിസുകൾ നടത്തിയത്. വിമാനത്താവളത്തിന്റെ വ്യോമ കണക്ടിവിറ്റി ശൃംഖലയുടെ വികാസത്തെയും യാത്രക്കാർക്ക് ലഭ്യമായ വർധിച്ച യാത്ര ഓപ്ഷനുകളെയുമാണ് ഈ കണക്ക് സൂചിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.