മനാമ: കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്ത് വിൽക്കുകയും ലൈസൻസില്ലാത്ത പ്രവർത്തിപ്പിക്കുകയും ചെയ്ത റസ്റ്റാറന്റ് ഉടമക്ക് ലോവർ ക്രിമിനൽ കോടതി മൂന്ന് വർഷം തടവും 7,200 ദിനാർ പിഴയും ശിക്ഷ വിധിച്ചു.
മതിയായ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുക, കാലഹരണപ്പെട്ടതുമായ ഭക്ഷ്യവസ്തുക്കളും സാധനങ്ങളും വ്യാപാരം ചെയ്യുക, റെസ്റ്റാറന്റിന്റെ ശുചിത്വത്തിലും പരിപാലനത്തിലും അശ്രദ്ധ കാണിക്കുക എന്നീ കുറ്റങ്ങൾ പ്രതിക്കെതിരെ തെളിയിക്കപ്പെട്ടിരുന്നു.
പ്രതിയുടെ ഉടമസ്ഥതയിലുള്ള റസ്റ്റാറന്റിലെ ജീവനക്കാരൻതന്നെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് ആരംഭിച്ചത്. ലൈസൻസില്ലാതെ വീട്ടിൽവെച്ച് റെസ്റ്റാറന്റിലേക്കുള്ള ഭക്ഷണം പാകം ചെയ്യുന്നുവെന്നും അനധികൃതമായി സ്റ്റോർ റൂമിൽ ഭക്ഷണസാധനങ്ങൾ സൂക്ഷിക്കുന്നുവെന്നും വിൽക്കുന്ന ഭക്ഷണത്തിൽ കാലാവധി കഴിഞ്ഞ ചേരുവകൾ ഉപയോഗിക്കുന്നു എന്നും ഇയാൾ പ്രോസിക്യൂട്ടർമാരെ അറിയിച്ചു.
വിവരം നൽകിയ ജീവനക്കാരന്റെ മൊഴി രേഖപ്പെടുത്തിയശേഷം, പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിക്കുകയും ആരോപണങ്ങൾ പരിശോധിക്കാൻ പൊലീസിനോട് ആവശ്യപ്പെടുകയും ചെയ്തു. പരിശോധനയിൽ കാലഹരണപ്പെട്ടതും പൂപ്പൽ പിടിച്ചതുമായ വലിയ അളവിലുള്ള ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു.
അന്വേഷണം പൂർത്തിയാക്കുകയും തെളിവുകൾ വിലയിരുത്തുകയും ചെയ്തശേഷം, പബ്ലിക് പ്രോസിക്യൂഷൻ കേസ് കോടതിക്ക് കൈമാറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.