മലയാളിയുടെ ചായയോടൊപ്പമുള്ള പ്രഭാതഭക്ഷണമാണ് വാർത്താപത്രമെന്നാണ് പഴമൊഴി. എന്നാൽ ആധുനിക ടെക്നോളജിയുടെ കടന്നുവരവോടെ അതിന് മാറ്റം വന്നുകൊണ്ടിരിക്കയാണ്. പുതിയ തലമുറയിലുള്ളവരിൽ ഏറക്കുറെ പത്രവായന അന്യമായി. പഴയ തലമുറയും സമാന അവസ്ഥയിലാണ് തുടരുന്നത്. ജനാധിപത്യത്തിന്റെ നാലാം തൂണെന്ന ഖ്യാതിയുള്ള പത്രങ്ങൾ വാർത്തകൾ നൽകുക എന്നതിനുമപ്പറം വാർത്തകൾ സൃക്ഷ്ടിക്കുക എന്ന അവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കയാണ്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പാരമ്പര്യം അവകാശപ്പെടുന്ന കേരളത്തിലെ മാധ്യമ സംസ്കാരം വാർത്തകൾ ചമക്കുന്ന ഒരു സിൻഡിക്കേറ്റായി മാറിക്കൊണ്ടിരിക്കയാണ്.
കഴിഞ്ഞ നാലുപതിറ്റാണ്ടിലേറെ കാലമായി പ്രവാസലോകത്ത് തുടരുമ്പോഴും വാർത്തകൾ അറിയാനും പത്രം വായിക്കാനും എന്നും ഞാൻ ശ്രമിച്ചിട്ടുണ്ട്. ബഹ്റൈനിലെ മലയാളമാധ്യമരംഗത്ത് രണ്ട് ദശാബ്ദത്തിലേറെയായി തുടരുന്നത് ‘ഗൾഫ് മാധ്യമം’ മാത്രമാണ്. അതിന്റെ രാഷ്ട്രീയത്തോടുള്ള വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ടുതന്നെ പറയട്ടെ പ്രവാസികളുടെ സാമൂഹികവും സാംസ്കാരികവും അതിജീവനുവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഗൾഫ് മാധ്യമം കാണിക്കുന്ന താൽപര്യവും ഇടപെടലുകളും ശ്ലാഘനീയമാണ്. ബഹ്റൈനിൽ പ്രസിദ്ധീകരിക്കാൻ തുടങ്ങിയ നാൾ മുതൽ ഞാൻ അതിന്റെ വായനക്കാരനാണ്. ഇന്നും അത് തുടരുന്നു.
ചിലപ്പോഴൊക്കെ എന്റെ ചിന്തകളും ആശയങ്ങളും പ്രസിദ്ധീകരിക്കുന്നതിൽ പത്രം ഒട്ടും മടികാണിച്ചിട്ടില്ല എന്നത് സ്നേഹപൂർവം ഓർത്തെടുക്കുകയാണ്. മാധ്യമങ്ങളുടെ സാമൂഹികപ്രതിബദ്ധതയും പ്രവാസികളുടെ ജീവൽപ്രശ്നങ്ങളും ഉയർത്തിപ്പിടിച്ച് മുന്നോട്ടുപോകാൻ കഴിയട്ടെ എന്ന് ഹൃദയപൂർവം ആശംസിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.