അപകടത്തെത്തുടർന്ന് തകർന്ന കെട്ടിടം
മനാമ: അറാദിലെ റസ്റ്റാറന്‍റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിയെത്തുടർന്ന് കെട്ടിടം തകർന്ന് രണ്ടുപേർ മരിച്ച സംഭവത്തിൽ റസ്റ്റാറന്‍റ് ഉടമ കുറ്റക്കാരനെന്ന് പബ്ലിക് പ്രോസിക്യൂഷൻ. കെട്ടിടത്തിന്‍റെ താഴെ നിലയിൽ പ്രവർത്തിച്ചിരുന്ന റസ്റ്റാറന്‍റിലുണ്ടായ വാതകച്ചോർച്ചയാണ് അപകടത്തിന് കാരണമായതെന്നാണ് കണ്ടെത്തൽ.
നിയമവും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ അശ്രദ്ധമായി ഗ്യാസ് കൈകാര്യം ചെയ്തതിനാണ് റസ്റ്റാറന്‍റ് ഉടമയെ കുറ്റക്കാരനായി പബ്ലിക് പ്രോസിക്യൂഷൻ സ്ഥിരീകരിച്ചത്. അപകടം നടന്നതിന്‍റെ പിറ്റേ ദിവസം മുതൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. തുടർന്ന് അപകടം നടന്ന സ്ഥലം പരിശോധിക്കുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തു.
പരിക്കേറ്റവർ, സാക്ഷികൾ, സിവിൽ ഡിഫൻസ് വിദഗ്ധർ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവരുടെ മൊഴിയെടുക്കുകയും ചെയ്തിരുന്നു. 26 സാക്ഷികളടക്കം 31 പേരെയാണ് ചോദ്യം ചെയ്തത്. തെളിവുകളുടെ വ്യക്തമായ സാന്നിധ്യത്തിൽ അപകടത്തിന് കാരണക്കാരായവരെ നിർണയിക്കുകയായിരുന്നു.
കെട്ടിടം പൂർണമായി തകർന്നതിനും, തുടർന്നുണ്ടായ മരണങ്ങൾക്കും, ആറ് പേർക്ക് പരിക്കേൽക്കുന്നതിനും സമീപത്തെ വസ്തുവകകൾക്ക് കേടുപാടുകൾ സംഭവിക്കുന്നതിനും അപകടം കാരണമായിരുന്നു. ഫെബ്രുവരി 12ന് വൈകീട്ടായിരുന്നു സംഭവം.
കെട്ടിടത്തിന്‍റെ മറ്റൊരു വശത്ത് പ്രവർത്തിച്ചിരുന്ന ബാർബർ ഷോപ്പിൽ മുടി വെട്ടിക്കൊണ്ടിരുന്ന ബഹ്‌റൈനി പൗരനായ അലി അബ്ദുല്ല അലി അൽ ഹമീദ് (66), ബംഗ്ലാദേശ് പൗരനായ ഷൈമോൾ ചന്ദ്ര ഷിൽ മൊനിന്ദ്ര (42) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ ആറ് പേർക്ക് പരിക്കേറ്റതായാണ് കണ്ടെത്തിയത്.
സമീപത്തെ കെട്ടിടങ്ങൾ, കടകൾ, ഒരു പള്ളി, വാഹനങ്ങൾ, വീടുകൾ എന്നിവക്കും കേടുപാടുകൾ സംഭവിച്ചിരുന്നു. 400 മീറ്റർ ചുറ്റുവട്ടത്ത് പൊട്ടിത്തെറി ബാധിച്ചതായാണ് കണ്ടെത്തിയത്. അപകടത്തെത്തുടർന്ന് പ്രദേശത്ത് ഒമ്പത് ഫയർ എൻജിനുകളെയും 51 സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിരുന്നു.
ദുരിത ബാധിതരായ കുടുംബങ്ങളെയും ബിസിനസുകാരെയും സഹായിക്കുന്നതിനായി അറാദ് വില്ലേജ് ചാരിറ്റി സൊസൈറ്റിയുടെ നേതൃത്വത്തിൽ പാർലമെന്റിന്റെയും മുഹറഖ് മുനിസിപ്പൽ കൗൺസിലിന്റെയും പിന്തുണയോടെ ദേശീയ ധനസമാഹരണ കാമ്പയിൻ നടക്കുന്നുണ്ട്.
തകർന്ന ചില്ലുകളും ഇലക്ട്രോണിക് ഉപകരണങ്ങളും മാറ്റിസ്ഥാപിക്കുന്നതിനും സമീപത്തെ കെട്ടിടങ്ങളുടെ വിള്ളലുകളും മേൽക്കൂരകളും നന്നാക്കുന്നതിനുമായി ഒരു ലക്ഷം ദീനാർ ശേഖരിക്കാനാണ് ചാരിറ്റി സൊസൈറ്റി ലക്ഷ്യമിടുന്നത്. സമാഹരിച്ച തുക ഈയാഴ്ച പ്രഖ്യാപിക്കും. അന്വേഷണം അവസാനിപ്പിച്ചതായും റസ്റ്റാറന്‍റ് ഉടമയുടെ വിചാരണ ഉടൻ ഉണ്ടാകുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.