മനാമ: ചെമ്മീനടക്കം ചെറിയ മത്സ്യങ്ങളെ പിടിക്കുന്നതിനായി പ്രഖ്യാപിച്ച നിരോധനം പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി മത്സ്യത്തൊഴിലാളികൾ. നിലവിലുള്ള നിരോധന തീരുമാനം തങ്ങളുടെ ഉപജീവന മാർഗത്തെ സാരമായി ബാധിക്കാനിടയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബഹ്റൈനിലെ മത്സ്യത്തൊഴിലാളികൾ ആവശ്യവുമായി രംഗത്തെത്തിയത്. സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റ് (എസ്.സി.ഇ) മറൈൻ റിസോഴ്സ് ജനറൽ എടുത്ത തീരുമാന പ്രകാരം 18 ഇനം ചെറു മത്സ്യങ്ങൾ, സമുദ്രജീവികൾ എന്നിവ പിടിക്കാനോ വിൽപന നടത്താനോ അനുവാദമില്ല. നിയമ പ്രകാരം പിടിക്കേണ്ട മീനുകൾക്ക് വലുപ്പവും കണക്കാക്കിയിട്ടുണ്ട്. കൂടാതെ ബഹ്റൈനിൽ ചെമ്മീൻ പിടിക്കുന്നതിന് ഫെബ്രുവരി ഒന്നുമുതൽ ജൂലൈ 31വരെ ആറു മാസത്തെ നിരോധനവും എസ്.സി.ഇ പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യ സമ്പത്ത് സംരക്ഷിക്കുക, മറ്റ് സമുദ്ര വിഭവങ്ങൾ സംരക്ഷിക്കുക എന്നതാണ് നിരോധനത്തിലൂടെ ലക്ഷ്യമിടുന്നത്.
സിത്രയിലെ മത്സ്യത്തൊഴിലാളി അസോസിയേഷനും പ്രഫഷനൽ മത്സ്യത്തൊഴിലാളി അസോസിയേഷനും സംയുക്തമായി നിരോധന വിധി പുനഃപരിശോധിക്കണമെന്ന നിർദേശവുമായി അധികാരികൾക്ക് ഇതിനോടകം നിവേദനം നൽകിയിട്ടുണ്ട്. ചെമ്മീൻ പോലുള്ള മീനുകളെ പൂർണമായും പിടിക്കുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ട്. എന്നാൽ, പിടിക്കാൻ അനുവദിക്കുന്ന മീനുകളുടെ വലുപ്പത്തിൽ നിബന്ധനകളുമുണ്ട്. ഇത് മത്സ്യത്തൊഴിലാളികളുടെയും മത്സ്യബന്ധനത്തെ ഇഷ്ടപ്പെടുന്നവരുടെയും പൗരന്മാരുടെയും അതൃപ്തിക്ക് കാരണമായെന്ന് കത്തിൽ സൂചിപ്പിച്ചു. പലപ്പോഴും പിടിക്കപ്പെടുന്ന മത്സ്യങ്ങൾ നിബന്ധനകൾക്കൊത്ത് പാകമായതായിരിക്കില്ല. ചെറിയ അളവിൽ മാത്രമേ അത്തരത്തിൽ പാകമായ മീനുകളെ കിട്ടുന്നുള്ളൂ, അത് മത്സ്യബന്ധന യാത്രാ ചെലവുകൾക്ക് പോലും തികയാത്ത അവസ്ഥയാണ്.
ഈ കർക്കശമായ തീരുമാനം മത്സ്യബന്ധനത്തെ സാരമായിത്തന്നെ ബാധിക്കുന്നുണ്ടെന്നും ഈ മേഖലയുടെ നിലനിൽപ് പ്രതിസന്ധിയിലാക്കുമെന്നും കത്തിൽ പരാമർശിക്കുന്നു. ഉപരോധം തുടരുന്ന സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികളുടെ ഉപജീവിതമാർഗത്തെ ദോഷകരമായി ബാധിക്കുമെന്നും വിപണിയിൽ മത്സ്യത്തിനും മറ്റ് കടൽ വിഭവങ്ങൾക്കും വില കൂടാനും കാരണമാകുമെന്നും അതുവഴി ഉപഭോക്താക്കൾക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടിയ മത്സ്യത്തൊഴിലാളികൾ നിരോധനത്തിന്റെ പ്രതികൂല വശങ്ങളെക്കുറിച്ച് പഠിക്കാൻ മത്സ്യബന്ധന സംഘടനകളുമായി കൂടിക്കാഴ്ച നടത്താനും അധികാരികൾക്ക് നൽകിയ കത്തിൽ വ്യക്തമാക്കി. മത്സ്യത്തൊഴിലാളികളുടെയും ഉപഭോക്താക്കളുടെയും താൽപര്യങ്ങളെ ഹനിക്കാത്ത രൂപത്തിൽ എന്നാൽ സമുദ്രവിഭവങ്ങളെ സംരക്ഷിക്കുന്ന തരത്തിലും പരിഹാരങ്ങൾ കാണണമെന്നും ശാസ്ത്രവിദഗ്ധരോടൊപ്പം പരിചയസമ്പന്നരായ മത്സ്യത്തൊഴിലാളികളോടും കൂടിയാലോചിച്ച ശേഷമേ തീരുമാനങ്ങളെടുക്കാവൂ എന്നും തൊഴിലാളികൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.